Photo: AFP
യൂജിന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നടങ്കം കാത്തിരിക്കുന്നത് ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര വെള്ളിയാഴ്ച കളത്തിലിറങ്ങുന്നതും കാത്താണ്. എന്നാല്‍ നീരജ് കളത്തിലിറങ്ങും മുമ്പ് ഇന്ത്യയ്ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത വന്നുചേര്‍ന്നിരിക്കുകയാണ്. വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണി ഫൈനലിന് യോഗ്യത നേടി.
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ അന്നുവിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. യോഗ്യതാ റൗണ്ടില്‍ 59.60 മീറ്റര്‍ എറിഞ്ഞാണ് അന്നു കലാശപ്പോരിന് യോഗ്യത നേടിയത്. 63.82 മീറ്ററാണ് താരത്തിന്റെ സീസണിലെ മികച്ച പ്രകടനം. യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം നടത്തിയ 12 പേരില്‍ ഒരാളായാണ് അന്നു ഫൈനലിലെത്തിയിരിക്കുന്നത്. യോഗ്യതാ മാര്‍ക്കായ 62.5 മീറ്റര്‍ മറികടക്കാനായത് മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ്.
നേരത്തെ 2019 ദോഹയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടം അന്നു സ്വന്തമാക്കിയിരുന്നു.
തന്റെ ആദ്യ ശ്രമത്തില്‍ തന്നെ 64.32 മീറ്റര്‍ എറിഞ്ഞ ജപ്പാന്റെ ഹരുക കിറ്റാഗുച്ചിയാണ് യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. ചൈനയുടെ ഷിയിങ് ലിയു (63.86), ലിത്വാനിയയുടെ ലിവിയ ജസിയുനൈറ്റ് (63.80) എന്നിവരാണ് കിറ്റാഗുച്ചിക്ക് ശേഷം യോഗ്യതാ മാര്‍ക്ക് മറികടന്നവര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..