Photo: ANI
യൂജിന്‍: വീണ്ടും അത്ലറ്റിക്സിന്റെ അരങ്ങുണരുന്നു. ആളും ആരവങ്ങളും ഉയരുന്നു. ലോക അത്ലറ്റിക്സില് ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന രണ്ടായിരത്തോളം താരങ്ങള്‍ പുതിയ വേഗവും പുതിയ ദൂരവും പുതിയ ഉയരവും തേടി മത്സരവേദിയിലേക്ക്.
18-ാം ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് വെള്ളിയാഴ്ച അമേരിക്കയിലെ യൂജിനില്‍ തുടക്കം. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മീറ്റ് കഴിഞ്ഞവര്‍ഷം നടക്കേണ്ടതായിരുന്നു. എന്നാല്‍, കോവിഡ് കാരണം ടോക്യോ ഒളിമ്പിക്സ് ഒരുവര്‍ഷം നീണ്ടതോടെ ലോക ചാമ്പ്യന്‍ഷിപ്പും ഒരുവര്‍ഷം നീട്ടി. 2019-ല്‍ ദോഹയിലായിരുന്നു കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പ്. യൂജിനിലെ ഹേവാര്‍ഡ് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച ഇന്ത്യന്‍സമയം രാത്രി 9.30-ന് മത്സരങ്ങള്‍ തുടങ്ങും. ആദ്യമായാണ് അമേരിക്ക ലോക ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്.
49 ഇനങ്ങളില്‍ മത്സരമുണ്ട്. റഷ്യയുടെ യുക്രൈന് അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യ, ബെലാറുസ് താരങ്ങളെ മത്സരങ്ങളില്‍നിന്ന് വിലക്കിയിട്ടുണ്ട്. മീറ്റ് ജൂലായ് 24-ന് സമാപിക്കും.
ലോക അത്ലറ്റിക്സിനായി 22 അംഗ സംഘത്തെയാണ് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് പ്രഖ്യാപിച്ചത്. ഇതില്‍ അഞ്ച് വനിതകളും ഒമ്പത് മലയാളികളുമുണ്ട്.
ടോക്യോ ഒളിമ്പിക്സിലെ ജാവലിനില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.
ടോക്യോയില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞ് ഒളിമ്പിക്സ് അത്ലറ്റിക്സിലെ ആദ്യ സ്വര്‍ണത്തിന് ഉടമയായ ഹരിയാണക്കാരന്‍ നീരജ് ലോക അത്ലറ്റിക്സിലും ഇന്ത്യയുടെ പ്രതീക്ഷയുണര്‍ത്തുന്നു. ഒളിമ്പിക്സിനുശേഷം എട്ടുമാസത്തോളം മത്സരവേദിയില്‍നിന്ന് വിട്ടുനിന്ന നീരജ്, കഴിഞ്ഞമാസം ഉജ്ജ്വല പ്രകടനത്തോടെ ഫീല്‍ഡിലേക്ക് തിരിച്ചെത്തി.
ഒളിമ്പിക്സിനുശേഷം പങ്കെടുത്ത ആദ്യ മത്സരമായ ഫിന്‍ലന്‍ഡിലെ പാവോ നൂര്‍മി ഗെയിംസില്‍ 89.30 മീറ്റര്‍ എറിഞ്ഞ് പുതിയ ദേശീയ റെക്കോഡിട്ടു. കുറച്ചുദിവസത്തിനു ശേഷം സ്റ്റോക്ഹോം ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ എറിഞ്ഞ് വീണ്ടും റെക്കോഡ് പുതുക്കി. ലോക അത്ലറ്റിക്സില് 90 മീറ്റര്‍ എറിയുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച നീരജ് ലക്ഷ്യത്തിലെത്തുമെന്ന പ്രത്യാശയിലാണ് ആരാധകര്‍. ലോക റാങ്കിങ്: 4
3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ മഹാരാഷ്ട്രക്കാരനായ അവിനാശ് സാബ്ലെയാണ് ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷ. ഈയിനത്തില്‍ ദേശീയ റെക്കോഡുകാരനായ സാബ്ലെ ഈവര്‍ഷം രണ്ടുതവണ റെക്കോഡ് പുതുക്കി. ലോക റാങ്കിങ്: 16
ഏപ്രിലില്‍ നടന്ന ഫെഡറേഷന് കപ്പില്‍ 8.36 മീറ്റര്‍ ചാടി സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് പുതുക്കിയ മലയാളിതാരം എം. ശ്രീശങ്കര്‍ സമീപകാലത്ത് പലവട്ടം എട്ടുമീറ്റര്‍ മറികടന്ന് തന്റെ ഫോം തെളിയിച്ചു. ലോക റാങ്കിങ്: 13
ഒരേയൊരു അഞ്ജു
ലോക അത്ലറ്റിക്സില് ഇന്ത്യയ്ക്ക് ഒരേയൊരു മെഡലേയുള്ളൂ. മലയാളിയായ ലോങ്ജമ്പ് താരം അഞ്ജു ബോബി ജോര്‍ജിന്റെ പേരിലാണത്. 2003 പാരീസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 6.70 മീറ്റര്‍ ചാടി അഞ്ജു വെങ്കലം നേടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..