ശീതകാല ഒളിംപിക്‌സ് ദക്ഷിണകൊറിയയിലെ പ്യങ്ചാങ്ങില്‍ തുടക്കമായപ്പോള്‍ ഇന്ത്യന്‍ താരം, മലയാളിയായ ശിവകേശവന് ഇത് ആറാം ഒളിംപിക്‌സാണ്. 1998-ല്‍ 16-ാം വയസില്‍ തുടക്കമിട്ട ഒളിംപിക്‌പോരാട്ടം ശിവ 36-ാം വയസിലും തുടരുന്നു. ഇതോടെ വിടവാങ്ങുന്നു എന്നൊരു സൂചന കൂടി ശിവകേശവന്‍ നല്‍കുമ്പോള്‍ ഏറ്റവും അധികം ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ താരം എന്ന ബഹുമതി ലോണ്‍ ടെന്നിസ് താരം ലിയാന്‍ഡര്‍ പെയ്‌സിനു മാത്രമായി മാറും. റിയോ ഒളിംപിക്‌സില്‍ (2016) പെയ്‌സിനെ ഉള്‍പ്പെടുത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും പെയ്‌സിന് റിയോ ഏഴാം ഒളിംപിക്‌സ് ആയിരുന്നു. 
 
2022 ല്‍, 40-ാം വയസില്‍ ഒരു ശ്രമത്തിനു താന്‍ ഇല്ല എന്നാണ് ശിവകേശവന്റെ പക്ഷം. കാരണം ഒന്നും നേടാനില്ല എന്നതുതന്നെ. ഹിമാചലിലെ മണാലിയില്‍ താമസിക്കുന്ന, കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ ശിവകേശവന്‍ പ്യങ്ചാങ്ങില്‍ 'ലൂജില്‍' മത്സരിക്കുമ്പോള്‍, ഈ ഒളിംപിക്‌സിന്റെ അരങ്ങൊരുക്കലില്‍ സജീവ സാന്നിധ്യമായിരുന്ന മറ്റൊരു മലയാളിയെകൂടി ഓര്‍ക്കേണ്ടതുണ്ട്. 2009 മുതല്‍ 2011 വരെ സോളില്‍ കൊറിയന്‍ ഒളിംപിക്‌സ് സമിതിയില്‍ ഈ ശീതകാല ഒളിംപിക്‌സിനായി പ്രര്‍ത്തിച്ച ഐറിന്‍ കോശിയെ. 
 
മുന്‍സംസ്ഥാന ഹോക്കിടീം നായികയും (1994-95), ഹോക്കി ഇന്ത്യ പ്രസിഡന്റ് മറിയാമ്മ കോശിയുടെ പുത്രിയുമായ ഐറിന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് വിദഗ്ധയാണ്. സാമ്പത്തിക ശാസ്ത്രത്തിലെ ബിരുദാനന്തര ബിരുദത്തിനുശേഷം മുംബൈയില്‍ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് ഇവന്റ് മാനേജ്‌മെന്റ് പഠിച്ച ഐറിന്‍ കോശി ലൊസാനില്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ അകടഠട ല്‍ നിന്ന് സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേഷനില്‍ പോസ്റ്റ് മാസ്റ്റേഴ്‌സ് നേടിയാണ് 2009-ല്‍ സോളില്‍ ദക്ഷിണകൊറിയന്‍ ഒളിംപിക് ആസ്ഥാനത്ത് ജോലിക്കു ചേര്‍ന്നത്. കൊറിയന്‍ ഒളിംപിക്‌സ് ചരിത്രത്തിലെ ആദ്യവിദേശി ഉദ്യോഗസ്ഥ.
 
പ്യങ്ചാങ്ങിന്റെ ആദ്യരണ്ട് ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. മൂന്നാം ശ്രമത്തിലാണ് 2018ലെ ശീതകാല ഒളിംപിക്‌സിനായി പ്യങ്ചാങ് തിരഞ്ഞെടുക്കപ്പെട്ടത്. ആ സന്തോഷത്തില്‍ പങ്കാളിയായ ശേഷമാണ് ഐറിയന്‍ നാട്ടിലേക്കു മടങ്ങിയത്. ഇപ്പോള്‍ ഡോക്ടറേറ്റ് നേടാനുള്ള ശ്രമത്തിലാണ്. 
 
ഐറിന്‍ കുറച്ചുകാലം കേരളത്തിന്റെ ദേശീയ ഗെയിംസ് സംഘാക സമിതി ഓഫിസില്‍ ജോലി നോക്കി. ഐറിന്റെ ഇരട്ട സഹോദരി മെറിനും മുന്‍ സംസ്ഥാനഹോക്കി താരമാണ്. ഐറിന്‍ പക്ഷേ, ശീതകാല ഒളിംപിക്‌സ് കാണാന്‍ പോകുന്നില്ല. ഒളിംപിക്‌സ് ആസ്ഥാനത്ത് തങ്ങളുടെ ബാച്ചിന്റെ 10-ാം വാര്‍ഷികത്തില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്. ''ഐ.ഒ.സി. ആസ്ഥാനത്തിനിന്നു സ്‌പോര്‍ട്‌സ് ഭരണം പഠിച്ചവര്‍ 10-ാം വര്‍ഷം ഒത്തുകൂടുന്നൊരു പാരമ്പര്യമുണ്ട്. ലോകത്തെവിടെയാണെങ്കിലും പൂര്‍വ്വ വിദ്യാര്‍ഥികള്‍ എത്തും.'' ഐറിന്‍ പറഞ്ഞു.
 
പ്രോത്സാഹനം ഇല്ലാതെ എന്തു മത്സരം?
 
തലശേരി സ്വദേശി സുധാകരന്‍ കേശവന്റെയും ഇറ്റലിക്കാരി റോസലീനലൂഡിയോളിയുടെയും പുത്രനായ ശിവകേശവന്‍ 1998 ല്‍ ശീതകാല ഒളിംപിക്‌സില്‍ 'ലൂജില്‍' മത്സരിച്ചത് ഐ.ഒ.സിയുടെ പ്രത്യേക അനുമതി വാങ്ങിയാണ്. കാരണം ഇന്ത്യയില്‍ ലൂജ് ഫെഡറേഷന്‍ ഇല്ലായിരുന്നു. ഒടുവില്‍ 2014 ല്‍ സോചിയില്‍ ശിവ ഉദ്ഘാടന മാര്‍ച്ച് പാസ്റ്റില്‍ ഐ.ഒ.സി. പതാകയാണു വഹിച്ചത്. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അന്നു സസ്‌പെന്‍ഷനിലായിരുന്നു. പിന്നീട് സസ്‌പെന്‍ഷന്‍ മാറിയതിനാല്‍ സമാപനത്തിന് ഇന്ത്യന്‍ പതാക പിടിച്ചു. 2010 ലും ഉദ്ഘാടന മാര്‍ച്ച് പാസ്റ്റില്‍ ശിവയായിരുന്നു ഇന്ത്യയുടെ പതാക പിടിച്ചത്. 98 ല്‍ 28-ാം സ്ഥാനത്തായിരുന്ന ശിവ 2006 ല്‍  സ്ഥാനം നേടി. അതിലും മെച്ചമായാല്‍ ഇത്തവണ നേട്ടമാകും. അത്രമാത്രം.
 
അരങ്ങേറ്റ ഒളിംപിക്‌സില്‍, ലൂജില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു ശിവകേശവന്‍. ലൂജില്‍ മത്സരിച്ച ആദ്യ ഇന്ത്യന്‍ താരവും. ഫൈബര്‍ ഗ്ലാസ് കൊണ്ടുള്ളതളിക മഞ്ഞിലൂടെ തെന്നിപ്പായുന്ന ഇനമാണ്  ലൂജ്. 1964 ല്‍ ശീതകാല ഒളിംപിക്‌സില്‍ മത്സര ഇനമായി. 98 ലും 2002 ലും ഇന്ത്യന്‍ ടീമില്‍ ശിവ ഏകനായിരുന്നു. 2010 ല്‍ ജാജങ് നംജിയലും (ആല്‍പൈന്‍ സ്‌കീയിങ്) ടാഷി ലുന്‍ദുവും (ക്രോസ് കണ്‍ട്രി സ്‌കീയിങ്) 2014 ല്‍ ഹിമാന്‍ഷു താക്കുറും (ആല്‍പൈന്‍) നദീം ഇക്ബാലും (ക്രോസ് കണ്‍ട്രി) ഇന്ത്യന്‍ ടീമിന്‍ ഉണ്ടായിരുന്നു. ഇത്തവണ ശിവയ്ക്കു പുറമെ ക്രോസ് കണ്‍ട്രി താരം ജഗദീശ് സിങ് ഉണ്ട്.
 
1964 മുതല്‍ ശീതകാല ഒളിംപിക്‌സില്‍ ഇന്ത്യ പങ്കെടുക്കുന്നുണ്ടെങ്കിലും (ആദ്യ ഒളിംപ്യന്‍ ജെറിമി ബുജാകോവ്‌സ്‌കി) ശിവകേശവനിലൂടെയാണ് മലയാളികള്‍ ശീതകാല വിനോദങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ശിവ കഴിഞ്ഞ വര്‍ഷം ഓസ്ട്രിയയില്‍ ലോകചാംപ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നു. നിലവിലെ ഏഷ്യന്‍ ലൂജ് ചാംപ്യനുമാണ്. 2016 ല്‍ ഏഷ്യന്‍ റണ്ണര്‍ അപ്പ് ആയിരുന്നു. പക്ഷേ, മാത്യരാജ്യം ഇനിയും ശിവകേശവനു വേണ്ട പിന്തുണയോ അംഗീകാരമോ നല്‍കിയിട്ടില്ല. അതുകൊണ്ടു തന്നെ പങ്കാളിത്തത്തിന് അപ്പുറം വലിയ പ്രതീക്ഷയൊന്നും ശിവയ്ക്കില്ല.
 
Content Highlights: Winter Olympics Shiva Keshavan