Photo: AFP
ലണ്ടന്‍: അമേരിക്കന്‍ താരം ടെയ്ലര് ഫ്രിറ്റ്സ് ഉയര്‍ത്തിയ കടുത്ത വെല്ലുവിളി മറികടന്ന് സ്പെയ്നിന്റെ രണ്ടാം സീഡ് റാഫേല്‍ നദാല്‍ വിംബിള്‍ഡണ്‍ ടെന്നീസിന്റെ സെമിയില്‍. ആദ്യ മൂന്ന് സെറ്റുകളില്‍ രണ്ടും നഷ്ടപ്പെട്ട ശേഷമായിരുന്നു റാഫയുടെ അദ്ഭുതകരമായ തിരിച്ചുവരവ്. സ്കോര്‍: 3-6, 7-5, 3-6, 7-5, 7-6 (10-4).
2008-ലെ പ്രസിദ്ധമായ റോജര്‍ ഫെഡറര്‍ - നദാല്‍ വിംബിള്‍ഡണ്‍ ഫൈനലിന്റെ വാര്‍ഷിക ദിവസം തന്നെ നദാലിലെ പോരാളിയെ ഒരിക്കല്‍ കൂടി ടെന്നീസ് ലോകം കണ്ടു.
കരിയറില്‍ നദാലിന്റെ എട്ടാം വിംബിള്‍ഡണ്‍ സെമിയാണിത്. അടിവയറ്റിലെ പരിക്കും വേദനയും സഹിച്ചായിരുന്നു അദ്ദേഹത്തിന്റെ മുന്നേറ്റം. നാലു മണിക്കൂറും 23 മിനിറ്റുമാണ് മത്സരം നീണ്ടത്. ഇത്തവണത്തെ ഓസ്ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും നേടിയ നദാല്‍ ഈ വര്‍ഷത്തെ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ലക്ഷ്യമിടുന്നത്.
ആദ്യ സെറ്റില്‍ ഫ്രിറ്റ്സിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കാതിരുന്ന നദാല്‍ രണ്ടാം സെറ്റില്‍ കടുത്ത പോരാട്ടം തന്നെ കാഴ്ചവെച്ചു. ഇതിനിടെ അടിവയറ്റിലെ വേദനയെ തുടര്‍ന്ന് താരം വൈദ്യസഹായം ആവശ്യപ്പെട്ടു. നദാല്‍ മത്സരത്തില്‍ തുടരുമോ എന്ന് പോലും സംശയിക്കത്തക്ക വേദനയിലായിരുന്നു താരം. എന്നാല്‍ തിരിച്ചെത്തിയ നദാല്‍ മൂന്നാം സെറ്റ് നഷ്ടപ്പെടുത്തി. തുടര്‍ന്ന് നാലും അഞ്ചും സെറ്റുകളില്‍ പൊരുതിയ നദാല്‍ വിജയം സ്വന്തമാക്കുകയായിരുന്നു. സെമിയില്‍ ഓസ്ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസാണ് നദാലിന്റെ എതിരാളി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..