ന്യൂഡല്‍ഹി: ഒളിമ്പിക് ഹോക്കിയില്‍ ഇത്തവണ ചരിത്ര നേട്ടമാണ് ഇന്ത്യന്‍ പുരുഷ ടീം കൈവരിച്ചത്. ഹോക്കിയില്‍ 41 വര്‍ഷത്തെ മെഡല്‍ വരള്‍ച്ച അവസാനിപ്പിച്ച് ടീം വെങ്കല മെഡലുമായാണ് നാട്ടിലേക്ക് തിരികെയെത്തിയത്. 

ഇന്ത്യന്‍ വനിതാ ടീമും ഇത്തവണ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ബ്രിട്ടനോട് തോറ്റെങ്കിലും തല ഉയര്‍ത്തി തന്നെയാണ് വനിതകള്‍ മടങ്ങിയത്. 

ഇപ്പോഴിതാ വനിതാ ടീമിന്റെ വെങ്കല മെഡല്‍ പോരാട്ടം താന്‍ മനഃപൂര്‍വ്വം കണ്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍ ശ്രീജേഷ്. 

എന്‍.ഡി.ടി.വിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. അതിന്റെ കാരണവും ശ്രീജേഷ് തന്നെ പറയുന്നു. 

''അവരുടെ (വനിതാ ടീമിന്റെ) സെമിഫൈനല്‍ മത്സരം കാണുമ്പോള്‍ ഞങ്ങള്‍ അടുത്ത മത്സരത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു. ടീം മീറ്റങ്ങായിരുന്നു ആ സമയത്ത്. കളിനടക്കുമ്പോള്‍ ഞങ്ങള്‍ മീറ്റിങ് നിര്‍ത്തി പ്രൊജക്ടറില്‍ ലൈവ് കണ്ടു. പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല, ആ മത്സരം കണ്ടപ്പോഴുണ്ടായ സമ്മര്‍ദം മുന്‍പ് ഒരിക്കലും എനിക്കുണ്ടായിട്ടില്ല. ലോകകപ്പിലോ ഒളിമ്പിക്‌സിലോ കളിക്കുമ്പോള്‍ പോലും അത്രയ്ക്ക് സമ്മര്‍ദം ഞാന്‍  അനുഭവിച്ചിട്ടില്ല. എന്റെ ഹൃദയം ടീ-ഷര്‍ട്ടിന് പുറത്ത് വന്ന് മിടിക്കുന്നതു പോലെയാണ് അന്ന് തോന്നിയത്.'' - ശ്രീജേഷ് പറഞ്ഞു.

''ഇതോടെ അവരുടെ വെങ്കല മെഡല്‍ മത്സരം ഞാന്‍ കാണില്ലെന്ന് പറഞ്ഞു. കാരണം അതുകൂടി കണ്ടാല്‍ ഞാന്‍ ചത്തുപോകും. എന്താണ് സംഭവിക്കുന്നതതെന്നറിയാന്‍ അന്ന് ലൈവ് ഡാറ്റ നോക്കുകയാണ് ചെയ്തത്.'' - ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു. 

ടോക്യോയില്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ സംഘം കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്.

Content Highlights: why PR Sreejesh Didn t Watch Women s Hockey Team Bronze Medal Match