റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനമായ ദിപ കര്‍മാക്കര്‍ക്ക് ജിംനാസ്റ്റിക്‌സിന്റെ രാജകുമാരി സിമോണ ബെയ്ല്‍സിന്റെ പ്രശംസ. റിയോയില്‍ ഒളിമ്പിക്‌സിനിടെയാണ് ദിപ സിമോണയെ കണ്ടുമുട്ടിയത്. ദിപ മത്സരിക്കുന്ന പ്രൊഡുനോവ വോള്‍ട്ടിന് കര്‍മാക്കര്‍ വോള്‍ട്ട് എന്ന് പേരിടണമെന്ന് സിമോണ തന്നോട് പറഞ്ഞതായി ദിപ വ്യക്തമാക്കി.ഏറെ അപകടം പിടിച്ച പ്രൊഡുനോവ വോള്‍ട്ട് ദിപ ഫൈനലില്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

''സിമോണ താരതമ്യങ്ങള്‍ക്ക് അതീതയായ ജിംനാസ്റ്റിക് താരമാണ്. ഭാവിയില്‍ എന്റെ പേരിലും ഒരു വോള്‍ട്ട് അറിയപ്പെടുമെന്ന പ്രതീക്ഷയുണ്ട്.'' ദിപ പറഞ്ഞു.  റിയോയില്‍ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് വോള്‍ട്ടില്‍ മത്സരിച്ച ദിപ നാലാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. സിമോണയാകട്ടെ. ഈ ഇനത്തില്‍ ഉള്‍പ്പെടെ നാല് സ്വര്‍ണവും ഒരു വെങ്കലവും നേടി റിയോയിലെ താരമാമാവുകയും ചെയ്തു.