റിയാദ്: ഇന്ത്യയെ ലോക ചെസ്സിന്റെ ശ്രദ്ധാകേന്ദ്രമാക്കിയ മുന്‍ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്റെ വീരഗാഥകള്‍ അവസാനിക്കുന്നില്ല. റിയാദില്‍ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടിയാണ് 48-കാരനായ ആനന്ദ് വീണ്ടും ചെസ് ലോകത്തെ ഞെട്ടിച്ചത്. 

15 റൗണ്ടുകളുടെ പോരാട്ടത്തില്‍ 10.5 പോയന്റുമായി ആനന്ദ്, റഷ്യക്കാരായ വ്ലാദിമിര്‍ ഫെഡോസീവ്, ഇയാന്‍ നെപ്പോംനിയാച്ചി എന്നിവര്‍ തുല്യത പാലിച്ചപ്പോള്‍ ചാമ്പ്യനെ നിര്‍ണയിക്കാന്‍ പ്ലേ ഓഫ് വേണ്ടിവന്നു. പ്ലേ ഓഫില്‍ ഫെഡോസീവിനെ 2-0ന് തോല്പിച്ച് 13 വര്‍ഷത്തെ ഇടവേളക്കുശേഷം ആനന്ദ് കിരീടത്തില്‍ മുത്തമിട്ടു.

അഞ്ചുവട്ടം ലോകചാമ്പ്യനായ ആനന്ദ് 2012-ല്‍ കാള്‍സണ് മുന്നിലാണ് ലോകകിരീടം അടിയറവെച്ചത്. 2000-2002; 2007-2012 കാലയളവിലായിരുന്നു ഈ കിരീടങ്ങള്‍. എന്നാല്‍, റാപ്പിഡ് ചെസ്സില്‍ അവസാനമായി ലോകകിരീടം ചൂടിയത് 2003-ലാണ്. 1988-ല്‍ ഇന്ത്യയിലെ ആദ്യ ഗ്രാന്‍മാസ്റ്ററായ ഈ ചെന്നൈക്കാരന്‍ പിന്നീട് അസൂയാവഹമായ വളര്‍ച്ച നേടി. 

2000-ല്‍ ലോക ചാമ്പ്യനാവുന്ന ആദ്യ ഏഷ്യക്കാരനായി. ലോകചെസ്സില്‍ ചേരിതിരിവുണ്ടായശേഷം 2007-ലെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ജയിച്ച് അവിതര്‍ക്ക ചാമ്പ്യനായി. 2008-ല്‍ വ്ലാദിമിര്‍ ക്രാംനിക്കിനെയും(റഷ്യ) 2010-ല്‍ വെസെലിന്‍ ടോപ്പലോവിനെയും(ബള്‍ഗേറിയ) 2012-ല്‍ ബോറിസ് ഗെല്‍ഫന്‍ഡിനെയും(ബെലാറസ്) തോല്പിച്ച് കിരീടം നിലനിര്‍ത്തി. 2013-ല്‍ കാള്‍സണ് മുന്നില്‍ കിരീടം അടിയറവെച്ചു.

ബുധനാഴ്ച ഒമ്പതാം റൗണ്ടില്‍ ലോകചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണെ അട്ടിമറിച്ചതാണ് ടൂര്‍ണമെന്റില്‍ ആനന്ദിന് വഴിത്തിരിവായത്. 34 നീക്കത്തിലായിരുന്നു ഈ വിജയം. 

പ്രതീക്ഷയില്ലാതെ എത്തി; കിരീടവുമായി മടക്കം

കടുത്ത പരീക്ഷണങ്ങള്‍ നേരിട്ടതിനാല്‍ അത്ര പ്രതീക്ഷയോടെയല്ല ഈ വര്‍ഷത്തെ അവസാന ടൂര്‍ണമെന്റായ ലോക റാപ്പിഡ് ചെസ്സിന് എത്തിയത്. അവസാനത്തെ രണ്ട് റാപ്പിഡ് ടൂര്‍ണമെന്റുകളിലും പ്രതീക്ഷയ്ക്കൊത്തുയരാന്‍ കഴിഞ്ഞിരുന്നില്ല. ലണ്ടനില്‍ നടന്ന ടൂര്‍ണമെന്റില്‍ അവസാന സ്ഥാനത്തായപ്പോള്‍ നിരാശനായിരുന്നു. ആദ്യ ദിവസത്തെ കളിയോടെ ആത്മവിശ്വാസം തിരിച്ചുകിട്ടി. നന്നായി കളിക്കാന്‍ കഴിഞ്ഞതോടെ, പ്രതാപകാലത്തെത്തിയപോലൊരു തോന്നല്‍. പീറ്റര്‍ ലീക്കോയെ തോല്പിച്ചതോടെ മനസ്സ് ശാന്തമായി.

കാള്‍സണെ തോല്പിച്ചതോടെ ഒരു മെഡല്‍ നേടാമെന്ന നിലവന്നു. ചൈനക്കാരന്‍ ബൂ സിയാന്‍ഷിയോട് തോറ്റശേഷം ഉജ്ജ്വലമായി തിരിച്ചുവന്ന കാള്‍സണ്‍ പ്രശ്നം സൃഷ്ടിക്കുമെന്നുറപ്പായിരുന്നു. സാഹചര്യത്തിനനുസരിച്ച് മത്സരം ജയിക്കാന്‍ കഴിവുള്ള താരമാണ് കാള്‍സണ്‍. നിംസോ ഇന്ത്യന്‍ മുറയിലായിരുന്നു കളി. മധ്യഘട്ടത്തില്‍ നേരിയ മുന്‍തൂക്കം എനിക്ക് കിട്ടി. 

സമനിലയ്ക്ക് സമ്മതിച്ചുകൊണ്ടുള്ള നീക്കം കാള്‍സന്റെ ഭാഗത്തുനിന്നുണ്ടായി. സമനില ഉറപ്പായതിനാല്‍ വിജയത്തിനായി ഒരു ശ്രമം നടത്താന്‍ ഞാന്‍ തീരുമാനിച്ചു. രണ്ടുമിനിറ്റ് കഴിഞ്ഞപ്പോള്‍ ശ്രമം ഫലംകണ്ടെന്ന് എനിക്കുറപ്പായി. ഏതാനും നിമിഷനേരത്തെ ആലോചനയ്ക്കുശേഷം കാള്‍സണ്‍ തോല്‍വി സമ്മതിച്ചു.

കഴിഞ്ഞ രണ്ടുവര്‍ഷമായി റാപ്പിഡ് ചെസ്സില്‍ അനിഷേധ്യശക്തിയായി വിരാജിക്കുകയായിരുന്നു കാള്‍സണ്‍. അങ്ങനെയുള്ള താരത്തെ തോല്പിക്കാനായതോടെ എന്തൊക്കെയോ ഇനിയും നേടാനുണ്ടെന്ന തോന്നല്‍ ശക്തമായി. വ്യാഴാഴ്ചത്തെ മൂന്ന് റൗണ്ട് പോരാട്ടങ്ങള്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ വീണ്ടും മെഡല്‍ കിട്ടാതെ വരുമോയെന്ന ചിന്ത എന്നെ വേട്ടയാടി. എന്നാല്‍, 14-ാം റൗണ്ടില്‍ അലക്സാണ്ടര്‍ ഗ്രിഷ്ചുക്കിനെതിരായ വിജയം മെഡല്‍ സാധ്യതകള്‍ക്ക് വീണ്ടും ജീവന്‍ വെപ്പിച്ചു. 

കാള്‍സന്റെ തോല്‍വിയും ആദ്യം നെപ്പോംനിയാച്ചിയുടെയും പിന്നീട് ഫെഡോസീവിന്റെയും വിജയങ്ങളും അന്തരീക്ഷം മാറ്റിമറിച്ചു. ഫെഡോസീവ് ജയിച്ചതോടെ കിരീടത്തിനായുള്ള ടൈബ്രെയ്ക്ക് പോരാട്ടം അദ്ദേഹവുമായിട്ടായി. ആദ്യ ഗെയിം ജയിച്ചതോടെ തികഞ്ഞ ആത്മവിശ്വാസമായി. രണ്ടാം ഗെയിമിലും ശോഭിച്ചതോടെ 13 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായി.

Content Highlights: Viswanathan Anand Wins World Rapid Championship