മണ്ണുത്തി: 'നിഹാല്‍, അഭിനന്ദനങ്ങള്‍. ഗ്രാന്‍ഡ് മാസ്റ്ററാകാനുള്ള നോം പിന്നിട്ടതില്‍ അഭിനന്ദനങ്ങള്‍, ഗ്രാന്‍ഡ് മാസ്റ്റര്‍ ക്ലബ്ബില്‍ നിന്നെ കാണാന്‍ കാത്തിരിക്കുന്നു...' ചെസ്സ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ് ഈ വാക്കുകള്‍ ട്വിറ്ററില്‍ കുറിച്ചപ്പോള്‍ ഏറ്റവും ആഹ്ലാദിച്ചത് നിഹാലിന്റെ മുത്തച്ഛന്‍ ഉമ്മറാണ്. നിഹാല്‍ സരിന്‍ നേടിയത് രണ്ടാമത്തെ നോം ആണ്. ഇനി ഈ കുഞ്ഞുതാരം സ്വന്തമാക്കുക ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയാണ്. 

പത്തുകൊല്ലം മുമ്പ് ചെസിലേയ്ക്കു കൈപിടിച്ചുയര്‍ത്തിയത് നിഹാലിന്റെ മുത്തച്ഛനാണ്. മൂന്നാം വയസ്സുമുതല്‍ പേരക്കുട്ടിയെ മുത്തച്ഛന്‍ ഉമ്മര്‍ ചെസ് ബോര്‍ഡ് പരിചയപ്പെടുത്തിത്തുടങ്ങി. ഇപ്പോള്‍ പതിമൂന്നാം വയസ്സില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയിലേയ്ക്കുള്ള രണ്ടാം നോം കരസ്ഥമാക്കിയപ്പോള്‍ വീട്ടുകാരെല്ലാം നിറഞ്ഞ ആഹ്ലാദത്തിലാണ്.

നിഹാലിന്റെ വീട്ടിലെ എല്ലാവരും ചെസ് കളി അറിയുന്നവരാണ്. 25 ലോകരാഷ്ട്രങ്ങളില്‍ ചെസ് മത്സരത്തിന് പോകാന്‍ താരത്തിനായി. ഇന്ത്യയുടെ ഭാവിവാഗ്ദാനമാണ് നിഹാല്‍ എന്ന് വിവിധ ചെസ് താരങ്ങള്‍ പറഞ്ഞുകഴിഞ്ഞു. ഓരോ കളിക്കു പോകുമ്പോഴും വീട്ടുകാരില്‍ ഒരാള്‍ നിഹാലിനെ അനുഗമിക്കും. 

ടൂര്‍ണമെന്റിനു പോകാനും പരിശീലനം ലഭിക്കാനും ലക്ഷങ്ങള്‍ മകനുവേണ്ടി ചെലവഴിക്കുകയാണ് പിതാവ് ഡോ.സരിന്‍.  മകന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയില്‍ വൈകാതെ എത്തുമെന്ന സന്തോഷത്തിലാണ് മാതാപിതാക്കള്‍.

Content Highlights: Viswanathan Anand Congragulates Chess Palyer Nihal Sarin