ന്യൂഡല്‍ഹി:  ഈ വര്‍ഷത്തെ മികച്ച ബോക്‌സിങ് താരത്തിനുള്ള അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്റെ പുരസ്‌കാരം ഇന്ത്യന്‍ താരം വികാസ് കൃഷ്ണയ്ക്ക്. ഈ പുരസ്‌കാരം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് വികാസ് കൃഷ്ണന്‍. 

ഈ വര്‍ഷത്തെ വികാസ് കൃഷ്ണയുടെ പ്രകടനം വിലയിരുത്തിയാണ് താരത്തിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതെന്ന് എ.ഐ.ബി.എ പ്രസിഡന്റ് വൂ ചിങ് വ്യക്തമാക്കി. ബോക്‌സിങ് അസോസിയേഷന്റെ 70ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ വെച്ച് ഡിസംബര്‍ 20ന് വികാസിന് പുരസ്‌കാരം സമ്മാനിക്കും. 

ഇരുപത്തിനാലുകാരനായ വികാസ് നിലവില്‍ പരിശീലനത്തിന്റെ ഭാഗമായി അമേരിക്കയിലെ ന്യൂ ജെഴ്‌സിയിലാണുള്ളത്. ലണ്ടന്‍, റിയോ ഒളിമ്പിക്‌സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള വികാസ് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും വെങ്കലവും നേടിയിട്ടുണ്ട്. ലെയ്റ്റ്‌വെയ്റ്റ് വിഭാഗത്തില്‍ മത്സരിക്കുന്ന 24കാരന്‍ ഹരിയാനയിലെ ഭിവാനി സ്വദേശിയാണ്. 

ഈ പുരസ്‌കാരം മഹത്തരമാണെന്നും നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും വികാസ് പ്രതികരിച്ചു. നേരത്തെ ബോക്‌സിങ് രംഗത്തെ സമഗ്ര സംഭാവനക്കുള്ള എ.ഐ.ബി.എയുടെ പുരസ്‌കാരം വനിതാ താരം മേരികോമിന് ലഭിച്ചിട്ടുണ്ട്.