Photo: AFP
2021 യു.എസ്.ഓപ്പണിന്റെ സെമി ഫൈനല്‍ ലൈനപ്പായി. പുരുഷ വിഭാഗത്തില്‍ ഓഗര്‍ അലിയാസിമി, ഡാനില്‍ മെദ്വെദേവ്, നൊവാക്ക് ജോക്കോവിച്ച്, ആന്ദ്രെ സ്വരേവ് എന്നിവര്‍ മത്സരിക്കും.
പുരുഷ വിഭാഗം സെമി ഫൈനലിലേക്ക് അപ്രതീക്ഷിതമായി എത്തിയ താരമാണ് കാനഡയുടെ ഓഗര്‍ അലിയാസിമി. അട്ടിമറികളിലൂടെയാണ് താരം സെമിയിലെത്തിയത്. ആദ്യ സെമിയിലാണ് താരം മത്സരിക്കുക. റഷ്യയുടെ ലോക രണ്ടാം നമ്പര്‍ താരമായ ഡാനില്‍ മെദ്വെദേവാണ് ഓഗറിന്റെ സെമി ഫൈനല്‍ എതിരാളി. ലോക 12-ാം നമ്പര്‍ താരമാണ് ഓഗര്‍.
രണ്ടാം സെമിയില്‍ നിലവിലെ ലോക ഒന്നാം നമ്പര്‍ താരമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വെരേവിനെ നേരിടും. 2021-ല്‍ ഇതുവരയുള്ള എല്ലാ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും നേടിയിട്ടുള്ള ജോക്കോവിച്ച് യു.എസ്.ഓപ്പണ്‍ സ്വന്തമാക്കി കലണ്ടര്‍ സ്ലാം എന്ന അപൂര്‍വ നേട്ടം കൈക്കലാക്കാനുള്ള ശ്രമത്തിലാണ്. സെപ്റ്റംബര്‍ 11 നാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുക.
വനിതകളുടെ സെമി ഫൈനലില്‍ അട്ടിമറികളിലൂടെ ടൂര്‍ണമെന്റില്‍ ആരാധകരെ ഞെട്ടിച്ച മൂന്ന് താരങ്ങളാണ് മത്സരിക്കുന്നത്. ആദ്യ സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരമായ ബെലാറസിന്റെ ആര്യന സബലെങ്ക അട്ടിമറികളിലൂടെ സെമിയിലെത്തിയ കാനഡയുടെ കൗമാരതാരം ലെയ്ല ഫെര്‍ണാണ്ടസിനെ നേരിടും. നിലവിലെ യു.എസ്.ഓപ്പണ്‍ ചാമ്പ്യന്‍ നവോമി ഒസാക്ക, മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആഞ്ജലിക്ക് കെര്‍ബര്‍, ഒളിമ്പിക്സ് വെങ്കലമെഡല്‍ ജേതാവ് സ്വിറ്റോലിന എന്നിവരെയെല്ലാം കീഴടക്കിയാണ് ഫെര്‍ണാണ്ടസിനെ വരവ്.
രണ്ടാം സെമിയില്‍ ലോക 17-ാം റാങ്ക് താരം ഗ്രീസിന്റെ മരിയ സക്കാരി ബ്രിട്ടീഷ് താരം എമ്മ റാഡുകാനുവിനെ നേരിടും. ഇരുതാരങ്ങളും അട്ടിമറികളുമായാണ് സെമിയിലെത്തിയത്. അതുകൊണ്ടുതന്നെ പ്രവചനങ്ങള്‍ക്ക് സ്ഥാനമില്ല. വനിതാ സെമി ഫൈനല്‍ മത്സരങ്ങള്‍ നാളെ നടക്കും.
പുരുഷ ഡബിള്‍സ് ആദ്യ സെമിയില്‍ അമേരിക്കന്‍ ജോടികളായ സ്റ്റീവ് ജോണ്സണ്-സാം ക്യുറേയ് സഖ്യം അമേരിക്കയുടെ രാജീവ് റാം-ബ്രിട്ടന്റെ ജോ സാലിസ്ബറി സഖ്യത്തെ നേരിടും. രണ്ടാം സെമിയില്‍ സ്ലോവാക്യയുടെ ഫിലിപ് പോളസെക്-ഓസ്ട്രേലിയയുടെ ജോണ്‍ പിയേഴ്സ് സഖ്യം ബ്രസീലിന്റെ ബ്രൂണോ സോറസ്-ബ്രിട്ടന്റെ ജാമി മുറെ സഖ്യത്തെ നേരിടും.
വനിതാ ഡബിള്‍സിന്റെ ആദ്യ സെമിയില്‍ ഓസ്ട്രേലിയയുടെ സാമന്ത സോസര്‍-ചൈനയുടെ ഷാങ് ഷുവായ് സഖ്യം അമേരിക്കയുടെ ഡെസീറ ക്രൗസിച്ച്-ചിലിയുടെ അലെക്സ ഗുവറാച്ചി സഖ്യത്തെ നേരിടും. രണ്ടാം സെമിയില്‍ അമേരിക്കയുഡടെ കാറ്റി മക്നാലി-കോക്കോ ഗൗഫ് സഖ്യം ബ്രസീലിന്റെ ലൂസിയ സ്റ്റെഫാനി-കാനഡയുടെ ഗബ്രിയേല ദബ്രോവ്സ്കി സഖ്യവുമായി ഏറ്റുമുട്ടും.
Content Highlights: US Open semi final line up 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..