Photo: twitter.com/usopen
ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ സിംഗിള്‍സ് ഫൈനലില്‍ മുന്‍ചാമ്പ്യന്മാരായ നൊവാക് ജോക്കോവിച്ച് ഡാനില്‍ മെദ്വദേവിനെ നേരിടും. സെമിയില്‍ ലോക ഒന്നാംനമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ കാര്‍ലോസ് അല്‍ക്കരാസിനെ വീഴ്ത്തിയാണ് മൂന്നാം സീഡ് റഷ്യയുടെ മെദ്വദേവ് കിരീടപ്പോരാട്ടത്തിന് അര്‍ഹതനേടിയത്. അമേരിക്കന്‍ താരം ബെന്‍ ഷെല്‍ട്ടനെ മറികടന്നാണ് രണ്ടാം സീഡ് സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഫൈനലില്‍ക്കടന്നത്. രാത്രി 1.30-നാണ് കിരീടപ്പോരാട്ടം.
പത്താം തവണയാണ് ജോക്കോവിച്ച് യു.എസ്. ഓപ്പണിന്റെ ഫൈനലില്‍ കടക്കുന്നത്. മൂന്നുതവണ കിരീടംനേടി. ആറുതവണ ഫൈനലില്‍ തോറ്റു. അവസാനമായി ഫൈനലില്‍ കളിച്ചത് 2021-ലാണ് അന്ന് മെദ്വദേവിനോടാണ് തോല്‍വിയറിഞ്ഞത്. കരിയറിലെ 24-ാം ഗ്രാന്‍സ്ലാം കിരീടമാണ് ജോക്കോവിച്ച് ലക്ഷ്യമിടുന്നത്. കിരീടം നേടിയാല്‍ ജോക്കോവിച്ച് ചരിത്ര നേട്ടം സ്വന്തമാക്കും. 24 ഗ്രാന്‍സ്ലാം കിരീടം നേടുന്ന ആദ്യ പുരുഷതാരം, ഇത്രയും കിരീടം നേടുന്ന രണ്ടാമത്തെ മാത്രം താരം എന്നീ റെക്കോഡുകള്‍ ജോക്കോവിച്ചിന് സ്വന്തമാക്കാം. താരത്തിന് മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോഡിനൊപ്പമെത്താം. മൂന്നാം സെറ്റിലൊഴികെ ജോക്കോവിച്ചിന് വെല്ലുവിളിയുയര്‍ത്താന്‍ അമേരിക്കന്‍ താരം ഷെല്‍ട്ടന് കഴിഞ്ഞില്ല. ആദ്യസെറ്റും രണ്ടാം സെറ്റും അനായാസം ജോക്കോ നേടി. മൂന്നാം സെറ്റ് ടൈബ്രേക്കറിലാണ് സെര്‍ബിയന്‍ താരം സ്വന്തമാക്കിയത്. കഴിഞ്ഞതവണ കോവിഡ് വാക്സിന്‍ എടുക്കാത്തതുമൂലം കളിക്കാന്‍ കഴിയാതെപോയ ജോക്കോവിച്ചിന് കിരീടം തിരിച്ചുപിടിക്കാനുള്ള അവസരംകൂടിയാണ്.
വിംബിള്‍ഡന്‍ ഫൈനലിന്റെ ആവര്‍ത്തനമാണ് അല്‍ക്കരാസിന്റെ തോല്‍വിയോടെ അടഞ്ഞുപോയത്. വിംബിള്‍ഡനില്‍ ജോക്കോവിച്ചും അല്‍ക്കാരസുമാണ് കളിച്ചത്.
സ്പാനിഷ് യുവതാരത്തെ നാലുസെറ്റ് നീണ്ട പോരാട്ടത്തിലാണ് മെദ്വദേവ് അട്ടിമറിച്ചത്. ആദ്യസെറ്റ് ടൈബ്രേക്കറില്‍ നേടിയ റഷ്യന്‍ താരം രണ്ടാം സെറ്റില്‍ അല്‍ക്കരാസിന് വീട്ടുനല്‍കിയത് ഒരു പോയന്റ് മാത്രമായിരുന്നു. എന്നാല്‍, മൂന്നാം സെറ്റില്‍ തിരിച്ചടിച്ച അല്‍ക്കരാസ് മത്സരത്തിലേക്ക് തിരിച്ചുവന്നു. നിര്‍ണായകമായ നാലാംസെറ്റില്‍ പരിചയസമ്പത്ത് പുറത്തെടുത്ത് പൊരുതിയ മെദ്വദേവിനുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ അല്‍ക്കരാസിനായില്ല.
ജോക്കോവിച്ച്
റാങ്ക് 2
കിരീടം 95
ഗ്രാന്‍സ്ലാം 23
ഗ്രാന്‍സ്ലാം ഫൈനല്‍ 36
മെദ്വദേവ്
റാങ്ക് 3
കിരീടം 20
ഗ്രാന്‍സ്ലാം 1
ഗ്രാന്‍സ്ലാം ഫൈനല്‍ 5
Content Highlights: us open 2023 mens final between medvedev and djokovic
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..