Photo: IANS
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിന്റെ തോമസ് കപ്പ് വിജയം 1983-ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് നേട്ടത്തേക്കാള്‍ വലുതാണെന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ പരിശീലകനും മുന്‍ ഓള് ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് ജേതാവുമായ പുല്ലേല ഗോപിചന്ദ്.
73 വര്‍ഷത്തെ ചരിത്രമുള്ള ടീം ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് ഇന്ത്യ ജേതാക്കളാകുന്നത്. ഞായറാഴ്ച ബാങ്കോക്കിലെ ഇംപാക്റ്റ് അരീനയില്‍ 14 തവണ ജേതാക്കളായ ചരിത്രമുള്ള ഇന്‍ഡൊനീഷ്യയെ 3-0ന് തകര്‍ത്തായിരുന്നു ഇന്ത്യയുടെ സ്വര്‍ണ നേട്ടം.
''ബാഡ്മിന്റണില്‍ ഈ വിജയം 1983-ലെ ലോകകപ്പ് ജയത്തേക്കാള്‍ വലുതാണെന്ന് ഞാന്‍ പറയും. ഇത്ര വലിയ ഒരു നേട്ടം നമ്മള് സ്വന്തമാക്കുമെന്ന് ആരും തന്നെ കരുതിയിരിക്കില്ല. ഞാന്‍ വളരെ സന്തോഷവാനാണ്, അത് ഇന്ത്യന്‍ ബാഡ്മിന്റണിന്റെ കാര്യത്തില്‍ മാത്രമല്ല, മറിച്ച് ഇന്ത്യന്‍ കായികരംഗത്തിന്റെ കാര്യത്തില്കൂടിയാണ്. ക്രിക്കറ്റിനെ മാറ്റി നിര്‍ത്തിയാല്‍, ഈ രാജ്യത്തെ മറ്റൊരു കായിക ഇനത്തിനും ഇത്തരത്തിലുള്ള ഒരു ടീമിനെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല.'' - ഗോപിചന്ദ് ഇന്ത്യ ടുഡെയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
1983-ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയം, ഇന്ത്യയില്‍ ക്രിക്കറ്റിനോടുള്ള ആളുകളുടെ കാഴ്ചപ്പാടിനെ തന്നെ മാറ്റിക്കളഞ്ഞിരുന്നു. ലോര്‍ഡ്സില്‍ നടന്ന ഐതിഹാസിക ഫൈനലില്‍ ഇന്ത്യ, കരുത്തരായ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ചതു കണ്ടതാണ് തനിക്ക് ബാറ്റ് കൈയിലെടുക്കാന്‍ പ്രചോദനമായതെന്ന് സാക്ഷാല്‍ സച്ചിന് തെണ്ടുല്‍ക്കര്‍ പോലും പറഞ്ഞിട്ടുണ്ട്.
തോമസ് കപ്പ് വിജയം ഇന്ത്യന്‍ ബാഡ്മിന്റണിലും സമാന സ്വാധീനം വരുത്തുമെന്ന് കരുതുന്നതായും ഗോപിചന്ദ് കൂട്ടിച്ചേര്‍ത്തു.
അതേസമയം തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തില്‍ ആദ്യമായി കിരീടം നേടിയ ഇന്ത്യന്‍ ടീമിന് കേന്ദ്ര കായിക മന്ത്രാലയം ഒരു കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പ്രഖ്യാപനം നടത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..