തിരുവനന്തപുരം: ഇന്ത്യന്‍ വനിതാ ബാസ്‌കറ്റ്ബോള്‍ ടീം താരവും മലയാളിയുമായ പി.എസ്. ജീനയ്ക്ക് ഓസ്ട്രേലിയയില്‍ ബാസ്‌കറ്റ് ബോള്‍ കളിക്കാന്‍ ക്ഷണം. 

ഓസ്ട്രേലിയയിലെ വിക്ടോറിയയിലുള്ള 'റിങ് വുഡ് ഹ്വാക്‌സ്' ടീമില്‍ കളിക്കാനാണ് ജീനയ്ക്ക് അവസരമൊരുങ്ങിയത്. ഇതോടെ ഗീതു രാഹുലിനു (ഗീതു അന്ന ജോസ്) ശേഷം ഓസ്ട്രേലിയയില്‍ ബാസ്‌കറ്റ് ബോള്‍ കളിക്കാന്‍ പോകുന്ന രണ്ടാം ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് ജീനയ്ക്ക് സ്വന്തമാകുന്നത്.

വിക്ടോറിയയിലെ സെമി പ്രൊഫഷണല്‍ ലീഗായ 'ബിഗ് വി'യിലെ മുന്‍നിര ടീമാണ് റിങ് വുഡ് ഹ്വാക്‌സ്. ടീമിനൊപ്പം എട്ടുമാസം കളിക്കാനാണ് ജീനയ്ക്ക് ക്ഷണം കിട്ടിയിരിക്കുന്നത്. ഇതില്‍ രണ്ടു മാസത്തോളം പരിശീലനവുമുണ്ട്. അടുത്ത വര്‍ഷം ജനുവരി 17 മുതല്‍ റിങ് വുഡ് ഹ്വാക്‌സിന്റെ ഭാഗമാകാനാണ് അവസരം.

Thiruvananthapuram ps jeena to play in Australian league

കഴിഞ്ഞവര്‍ഷം അവസാനം കേരളത്തില്‍ വിവിധ കേന്ദ്രങ്ങളിലായി നടന്ന അന്താരാഷ്ട്ര ഹൂപ്പത്തോണ്‍ ഫൈവ് പരമ്പരയില്‍ റിങ് വുഡ് ഹ്വാക്‌സിനെതിരേ ജീനയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതാണ് ഓസ്ട്രേലിയയിലേക്കുള്ള അവസരമൊരുക്കിയതെന്ന് റിങ് വുഡ് ഹ്വാക്സ് വനിതാ ടീം മുഖ്യ പരിശീലകന്‍ ടിം മോട്ടിന്‍ ക്ഷണക്കത്തില്‍ വ്യക്തമാക്കി. 

തിരുവനന്തപുരത്ത് കെ.എസ്.ഇ.ബി.യില്‍ സീനിയര്‍ അസിസ്റ്റന്റാണ് ജീന ഇപ്പോള്‍. ഈ വര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ടീമിന്റെ നായികയായിരുന്നു ഈ വയനാട്ടുകാരി.

''അന്താരാഷ്ട്ര ബാസ്‌കറ്റ്ബോളില്‍ ഇത്തരമൊരവസരം കിട്ടിയത് ഏറെഗുണം ചെയ്യും. കളി മെച്ചപ്പെടുത്താനും കൂടുതല്‍ അനുഭവസമ്പത്തുണ്ടാകാനും ഇത് അവസരമൊരുക്കും'' - പി.എസ്. ജീന

Content Highlights: Thiruvananthapuram ps jeena to play in Australian league