സിജു കെ. ജോസഫും സണ്ണി ജോസഫും പ്രൈം വോളി കിരീടവുമായി | Photo: mathrubhumi
കോഴിക്കോട്: പ്രഥമ പ്രൈംവോളിയില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് കിരീടത്തില്‍ മുത്തമിടുമ്പോള്‍ അണിയറയില്‍ തന്ത്രങ്ങളൊരുക്കിയത് രണ്ട് മലയാളി പരിശീലകര്‍. മുഖ്യ പരിശീലകന് സണ്ണി ജോസഫും സഹപരിശീലകന്‍ സിജു കെ. ജോസഫും. ലീഗില്‍ ആധികാരിക പ്രകടനത്തോടെ കൊല്‍ക്കത്ത കപ്പ് നേടുമ്പോള്‍ സണ്ണി ജോസഫിന്റെ മൂന്ന് പതിറ്റാണ്ടോളിലേറെയുള്ള അനുഭവസമ്പത്തിന് വലിയ പങ്കുണ്ട്. മുതിര്‍ന്ന താരങ്ങളെയും യുവതാരങ്ങളെയും ഒത്തിണക്കത്തോടെ ചേര്‍ത്തുനിര്‍ത്തിയാണ് ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്. ലീഗ് റൗണ്ടില്‍ ആറ് കളിയില്‍ നാല് ജയം നേടിയാണ് കൊല്‍ക്കത്ത സെമിയില്‍ കടന്നത്. സെമിയില്‍ കാലിക്കറ്റ് ഹീറോസിനെയും ഫൈനലില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെയും വീഴ്ത്തിയാണ് അശ്വല്‍ കുമാര്‍ നയിച്ച ടീം കിരീടത്തില്‍ മുത്തമിട്ടത്. ദേശീയ തലത്തില്‍ ഏറെ കിരീടങ്ങള്‍ സ്വന്തമാക്കിയ പരിശീലകന്റെ കരിയറിലെ മറ്റൊരു പൊന്‍തൂവലായി പ്രൈം വോളിയിലെ കിരീടം.
''പരിശീലക കരിയറില്‍ വ്യത്യസ്തമായ അനുഭവങ്ങളാണ് പ്രൈം വോളി നല്‍കിയതെന്ന് സണ്ണി ജോസഫ് പറയുന്നു. ടീമിലെ കളിക്കാരെല്ലാം ഓരോ കളി കഴിയുമ്പോഴും പ്രകടനം മെച്ചപ്പെടുത്തിയത് ടീമിന്റെ മുന്നേറ്റത്തിന് കാരണമായി. ജൂനിയര്‍ താരങ്ങളുടെ മികവും നിര്‍ണായകമാണ്.'' അദ്ദേഹം പറഞ്ഞു.
13 തവണ സണ്ണി ജോസഫ് ദേശീയ ടീമിന്റെ പരിശീലകവേഷം അണിഞ്ഞിട്ടുണ്ട്. വനിത, പുരുഷ, ജൂനിയര്‍ വിഭാഗങ്ങളില്‍ കേരള ടീമിനെ ദേശീയതലത്തില്‍ ചാമ്പ്യന്മാരാക്കി. മാലദ്വീപ്, ശ്രീലങ്ക, ഓസ്ട്രേലിയ രാജ്യങ്ങളിലെ വിവിധ ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. എറണാകുളം ആലുവ സ്വദേശിയാണ്. പരിശീലകവേഷത്തില്‍ ആദ്യകിരീടം നേടിയതിന്റെ സന്തോഷത്തിലാണ് സര്‍വീസസിന്റെ മുന്‍ താരംകൂടിയായ സിജു കെ. ജോസഫ്. മുന്‍പ് ജി.വി. രാജ സ്പോര്‍ട്സ് സ്കൂളില്‍ പരിശീലകനായിരുന്നു. ആലപ്പുഴ ചെന്നെങ്കരി സ്വദേശിയാണ്.
പരിശീലകരെക്കൂടാതെ കളത്തിലും കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ടില്‍ മലയാളിപ്പെരുമയുണ്ട്. കേരള പോലീസ് ടീം അംഗങ്ങളായ രാഹുല്‍, ഇക്ബാല്‍ കെ.എസ്.ഇ.ബി. താരങ്ങളായ ജംഷാദ്, അനു ജെയിംസ്, എയര്‍ഫോഴ്സ് താരം ഷമീം എന്നിവരുടെ മികച്ച പ്രകടനവും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.
Content Highlights: The Malayalee strength behind Kolkata Thunderbolts Prime Volley title
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..