Photo: AFP/ Instagram
ചേച്ചിമാരായ അലിയും സാറയും നെറ്റ് ബോള്‍ കളിക്കുന്നത് കണ്ട് ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡില്‍ വളര്‍ന്ന ആഷ്‌ലി ബാര്‍ട്ടിക്ക് എന്നാല്‍ ആ കായിക ഇനത്തോടെ ഒരിക്കല്‍ പോലും ഇഷ്ടംതോന്നിയിരുന്നില്ല. ടീമായി കളിക്കുന്നതിനേക്കാള്‍ ഒറ്റയ്ക്കുള്ള മത്സരങ്ങളിലായിരുന്നു ബാര്‍ട്ടിക്ക് താത്പര്യം. അങ്ങനെ ടെന്നീസ് റാക്കറ്റ് കൈയിലെടുത്ത കുഞ്ഞുബാര്‍ട്ടി ആറാം വയസ്സ് മുതല്‍ ട്രോഫികള്‍ നേടിത്തുടങ്ങി. കൗമാര പ്രായമെത്തിയതോടെ യാത്രകളെല്ലാം ഒറ്റയ്ക്കു ചെയ്തു, ടൂര്‍ണമെന്റുകളില്‍ ഒറ്റയ്ക്കു പങ്കെടുത്ത്, ഹോട്ടല്‍ മുറികളില്‍ ഒറ്റയ്ക്ക് താമസിച്ച് ടെന്നീസില്‍ കരിയര്‍ കെട്ടിപ്പടുത്തു.
എന്നാല്‍ പെട്ടെന്നൊരു ദിവസം എല്ലാം നിശ്ചലമായി. ഒറ്റപ്പെടല്‍ ആസ്വദിച്ചിരുന്ന ബാര്‍ട്ടി പിന്നീട് ഏകാന്തതയെ വെറുക്കാന്‍ തുടങ്ങി. ഇതോടെ വിഷാദത്തില്‍ മുങ്ങിപ്പോയ സായാഹ്നങ്ങള്‍ മാത്രമായി കൂട്ട്. ഇതില്‍ നിന്ന് പുറത്തുകടയ്ക്കാന്‍ കോര്‍ട്ടിനോട് വിട പറഞ്ഞ് താരം ക്രിക്കറ്റ് ഗ്രൗണ്ടിലേക്കിറങ്ങി. പതുക്കെ താളം വീണ്ടെടുത്ത് വീണ്ടും റാക്കറ്റ് കൈയിലെടുത്തു. ഒടുവില്‍ മെല്‍ബണ്‍ പാര്‍ക്കില്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ആകാശത്തേക്കുയര്‍ത്തി ഒറ്റയ്‌ക്കൊരു രാജകുമാരിയെപ്പോലെ പുഞ്ചിരിച്ചു നില്‍ക്കുന്നു.
മെല്‍ബണ്‍ പാര്‍ക്കില്‍ തലയുയര്‍ത്തി നിന്നതുപോലെ 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാര്‍ട്ടി ഒരു കൈയില്‍ റാക്കറ്റും മറുകൈയില്‍ ഒരു കുഞ്ഞുകിരീടവുമായി ചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തുനിന്നിരുന്നു. ജൂനിയര്‍ ടെന്നീസ് ട്രോഫി കിരീടം നേടിയ മകളുടെ ആ നിമിഷം ക്യാമറയിലാക്കിയത് അച്ഛനും അമ്മയുമാണ്. പരിശീലകന്‍ ജോയ്സിന് നല്‍കാനായിരുന്നു അന്ന് ആ ചിത്രമെടുത്തത്. ടെന്നീസിനോട് വിട പറയുന്ന ഒരു ദിവസമുണ്ടെങ്കില്‍ ആ ദിവസം ആറു വയസ്സുകാരിക്ക് ആത്മവിശ്വാസം നല്‍കിയ അതേ കോര്‍ട്ടിലാകണമെന്ന് ബാര്‍ട്ടി ഒരിക്കല്‍ ജോയ്‌സിനോട് പറയുകയും ചെയ്തിട്ടുണ്ട്.
റോബര്‍ട്ടിന്റേയും ജോസിയുടേയും മകളായി ജനിച്ച ബാര്‍ട്ടി ആദ്യമായി റാക്കറ്റ് കൈയിലെടുത്തത് നാലാം വയസ്സിലാണ്. ജോയ്സിന് അരികില്‍ പരിശീലനത്തിന് എത്തുമ്പോള്‍ പ്രായം അഞ്ച്. അന്ന് പത്തു വയസ്സുകാരി കളിക്കുന്നതു പോലെയായിരുന്നു ബാര്‍ട്ടിയുടെ പ്രകടനം. ഒമ്പതാം വയസ്സില്‍ തന്നേക്കാള്‍ ആറു വയസ്സ് കൂടുതലുള്ളവരുമായിട്ടായിരുന്നു അവള്‍ കളിച്ചിരുന്നത്. 12 വയസ്സിലെത്തിയപ്പോഴേക്കും മുതിര്‍ന്ന താരങ്ങളായി എതിരാളികള്‍.
14-ാം വയസ്സില്‍ ആദ്യമായി ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ബാര്‍ട്ടി ഒറ്റയ്ക്ക് യൂറോപ്പില്‍ പോയി. അച്ഛനും അമ്മയും കൂടെയില്ലാത്തത് അവളെ വല്ലാതെ അലട്ടി. എന്നും വൈകുന്നേരം അവള്‍ വീട്ടിലേക്ക് വിളിച്ചു കരഞ്ഞു. ഇതേ പ്രായത്തില്‍ ലാസ് വെഗാസില്‍ അഡിഡാസ് പ്ലെയര്‍ ഡെവലപ്‌മെന്റ് ടീമിന്റെ ഭാഗമായി. അന്ന് ടെന്നീസിലെ ഇതിഹാസ താരങ്ങളായ ആന്ദ്രെ അഗാസിയേയും സ്റ്റെഫി ഗ്രാഫിനേയും പരിചയപ്പെട്ടു.
15-ാം വയസ്സില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന് യോഗ്യത നേടി. അതേ വര്‍ഷം വിംബിള്‍ഡണ്‍ ജൂനിയര്‍ കിരീടം നേടി. 1980ന് ശേഷം വനിതാ സിംഗിള്‍സില്‍ ആദ്യമായി കിരീടം നേടുന്ന ഓസ്‌ട്രേലിയന്‍ താരവും 1998-ന് ശേഷം ജൂനിയര്‍ ഗ്രാന്‍സ്ലാം കിരീടം നേടുന്ന ഓസീസ് പെണ്‍കുട്ടിയുമായി ബാര്‍ട്ടി മാറി. 16-ാം വയസ്സില്‍ മെല്‍ബണിലെ സൗത്ത് യാരയില്‍ അപാര്‍ട്‌മെന്റ് വാങ്ങി അങ്ങോട്ടേക്ക് മാറി. അവിടേയും ഒറ്റയ്ക്കായിരുന്നു താമസം.
പതിനേഴ് വയസ്സ് പൂര്‍ത്തിയായ സീസണില്‍ ആകെ 27 ദിവസങ്ങള്‍ മാത്രമാണ് ബാര്‍ട്ടി വീട്ടിലെത്തിയത്. ടൂര്‍ണമെന്റുകളില്‍ നിന്ന് ടൂര്‍ണമെന്റുകളിലേക്കുള്ള യാത്ര താരത്തെ മടുപ്പിച്ചു. ആ സീസണിലെ യു.എസ് ഓപ്പണിന് ശേഷം ഒരു ഇടവേള എടുക്കാന്‍ അങ്ങനെ 17-കാരി തീരുമാനത്തിലെത്തി. വിഷാദത്തിന്റെ ആഴങ്ങളിലേക്ക് വീണുപോകുന്നത് മുന്‍കൂട്ടി കണ്ടായിരുന്നു തീരുമാനം.
തുടര്‍ന്ന ബാര്‍ട്ടിയെത്തിയത് ക്രിക്കറ്റ് ഗ്രൗണ്ടിലാണ്. ചുറ്റിലും സഹതാരങ്ങളുള്ള ക്രിക്കറ്റില്‍ ഒറ്റയ്ക്കാവലിന്റെ വേദന ബാര്‍ട്ടി മറന്നു. ഓസ്‌ട്രേലിയയുടെ ആഭ്യന്തര ട്വന്റി-20 ലീഗ് ആയ ബിഗ് ബാഷ് ലീഗില്‍ ബ്രിസ്‌ബേന്‍ ഹീറ്റ്‌സിനായി 10 മത്സരങ്ങള്‍ കളിച്ചു. രണ്ടു വര്‍ഷത്തെ ക്രിക്കറ്റിന് ശേഷം 2016-ല്‍ വീണ്ടും കോര്‍ട്ടിലെത്തി. ഡബിള്‍സ് ടീമംഗം കാസി ഡെലാക്യു സിഡ്‌നി ഇന്റര്‍നാഷണലില്‍ കളിക്കുന്നതു കണ്ടതാണ് വീണ്ടും റാക്കറ്റ് കൈയിലെടുക്കാന്‍ പ്രേരിപ്പിച്ചത്. ഒരു നട്ടുച്ചയ്ക്ക് ശൂന്യമായ കോര്‍ട്ടില്‍ ഡെലാക്യു ബാര്‍ട്ടിയെ നിര്‍ബന്ധിച്ചു കൊണ്ടുപോയി. അവിടെ റാക്കറ്റ് കണ്ടതോടെ ബാര്‍ട്ടി അത് കൈയിലെടുത്തു. എന്നിട്ട് ഡെലാക്യുവിനോട് പറഞ്ഞു. 'ഇതാണ് ഞാന്‍. ഇതുകൊണ്ടാണ് ഞാന്‍ ഇനി കളിക്കേണ്ടത്.' തിരിച്ചുകിട്ടിയ ആത്മവിശ്വാസം മുഴുവന്‍ ആ വാക്കുകളിലുണ്ടായിരുന്നു.
പിന്നേയും മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടം നേടിയത്. 2019-ല്‍ ഫ്രഞ്ച് ഓപ്പണിലായിരുന്നു അത്. 2021-ല്‍ വിംബിള്‍ഡണ്‍ നേടി 41 വര്‍ഷത്തിന് ശേഷം സിംഗിള്‍സില്‍ ആ നേട്ടം സ്വന്തമാക്കുന്ന വനിതാ ഓസീസ് താരം എന്ന റെക്കോഡിട്ടു. ഒരു വര്‍ഷത്തിനിപ്പുറം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കൂടി നേടി 44 വര്‍ഷത്തെ ഓസീസിന്റെ കിരീടവരള്‍ച്ചയ്ക്കു കൂടി താരം വിരാമമിട്ടിരിക്കുന്നു.
Content Highlights: The incredible story of Ashleigh Barty Australian Open Champion
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..