Photo: twitter.com/AustralianOpen
ടെന്നീസ് കോര്‍ട്ടില്‍ നിങ്ങള്‍ക്ക് ഏത് താരത്തെയും എഴുതിത്തള്ളാം, റാഫേല്‍ നദാലിനെ ഒഴികെ. പഴയ തലമുറയിലെ നൊവാക് ജോക്കോവിച്ചും ഡാനില്‍ മെദ്‌വദേവ് നയിക്കുന്ന ന്യൂജെന്നും അരങ്ങു തകര്‍ക്കുമ്പോഴും ഒരു കനല്‍ ഉള്ളിലൊളിപ്പിച്ച് റാഫ കാത്തിരുന്നു.
വിടാതെ പിന്തുടരുന്ന പരിക്കിനെയും എതിരാളികളെയും വിമര്‍ശകരെയും വെല്ലുവിളിച്ച്. ആരൊക്കെ നദാല്‍ യുഗം അവസാനിച്ചെന്നു പറഞ്ഞാലും സ്വന്തം കഴിവിലും പോരാട്ടവീര്യത്തിലും വിശ്വാസമുള്ള തിരിച്ചുവരവിന്റെ ചക്രവര്‍ത്തി വിസ്മയപ്രകടനങ്ങളിലൂടെ അത് തെളിയിക്കുകയും ചെയ്തു.
ഞായാറാഴ്ച മെല്‍ബണ്‍പാര്‍ക്കിലെ റോഡ് ലേവര്‍ അരീനയിലും കണ്ടത് ആ പോരാട്ടവീര്യമാണ്. എല്ലാവരും എഴുതിത്തള്ളിയിടത്തുനിന്നും കായികലോകത്തിന്റെ നെറുകയിലേക്കുള്ള ജൈത്രയാത്ര.
2009ല്‍ സാക്ഷാല്‍ റോജര്‍ ഫെഡററെ കീഴടക്കി ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയപ്പോള്‍ റാഫ സന്തോഷക്കണ്ണീര്‍ പൊഴിച്ചെങ്കില്‍ പിന്നീടുള്ള ഫൈനലുകളില്‍ മെല്‍ബണില്‍ റാഫയുടെ രക്തക്കണ്ണീരാണ് വീണത്. അതെല്ലാം മായിച്ചുകളഞ്ഞ് വീണ്ടും സന്തോഷക്കണ്ണീര്‍ പൊഴിച്ചിരിക്കുകയാണ് ഇക്കുറി സ്പാനിഷ് പോരാളി.
2012ല്‍ ജോക്കോവിച്ചിനെതിരെ നടന്ന ഫൈനലില്‍ അഞ്ചാം സെറ്റില്‍ 42നു മുന്നിട്ടു നിന്നശേഷമായിരുന്നു നദാലിന്റെ കീഴടങ്ങല്‍. അഞ്ച് മണിക്കൂര്‍ 53 മിനിറ്റാണ് അന്നത്തെ ഫൈനല്‍ നീണ്ടത്. ഫെഡററും നദാലും ഏറ്റുമുട്ടിയ 2017ലെ ചരിത്ര ഫൈനലിലും അഞ്ചാം സെറ്റില്‍ മുന്നിട്ടുനിന്ന ശേഷമായിരുന്നു റാഫയുടെ തോല്‍വി. രണ്ടു താരങ്ങളും പരിക്കുകാരണം വിട്ടുനിന്ന ശേഷം ശക്തമായി തിരിച്ചുവന്ന ടൂര്‍ണമെന്റായിരുന്നു അത്.
2014ലെ ഫൈനലില്‍ പരിക്കു വലയ്ക്കുന്നതിനിടെയാണ് കലാശക്കളിയില്‍ റാഫ, സ്റ്റാന്‍ വാവറിങ്കയെ നേരിടുന്നത്. പരിക്ക് ഗുരുതരമായതോടെ ഇടയ്ക്കുവെച്ച് പിന്‍മാറാന്‍ റാഫ തീരുമാനിച്ചതാണ്. ആദ്യ രണ്ടു സെറ്റ് നഷ്ടമായിട്ടും വേദന കടിച്ചമര്‍ത്തി റാഫ മൂന്നാം സെറ്റ് നേടി. നാലാം സെറ്റില്‍ പിടിച്ചുനില്‍ക്കാനാകാതെ തോല്‍വി സമ്മതിക്കേണ്ടിവന്നു.
2019ലാകട്ടെ, ജോക്കോവിച്ചിന്റെ മിന്നുന്ന ഫോമിനുമുന്നില്‍ നേരിട്ടുള്ള സെറ്റുകളില്‍ ആയുധം വെച്ച് കീഴടങ്ങുകയും ചെയ്തു. അന്നത്തെ കണ്ണീരെല്ലാം ഞായറാഴ്ചത്തെ അവിസ്മരണീയ ജയത്തോടെ റാഫ മായിച്ചിരിക്കുകയാണ്.
ആറുമാസം മുമ്പുവരെ പരിക്കിന്റെ പിടിയില്‍. ഡിസംബറില്‍ കോവിഡും പിടിപെട്ടു. ഇതിനിടയ്ക്ക് ടെന്നീസില്‍നിന്ന് വിരമിക്കുന്നതിനെക്കുറിച്ചുവരെ ആലോചിച്ചതാണെന്ന് അടുത്തയിടെ ഒരു അഭിമുഖത്തില്‍ നദാല്‍ പറഞ്ഞിരുന്നു. അവിടെ നിന്നാണ് റാഫ മെല്‍ബണിലെത്തി തിരിച്ചുവരവുകളുടെ ചക്രവര്‍ത്തിയായി മടങ്ങുന്നത്.
Content Highlights: Tennis legend Rafael Nadal win his 21st grand slam title
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..