കിരീടത്തിൽ മുത്തം വെയ്ക്കുന്ന ഇഗ സ്വിയാറ്റെക് | Photo: twitter.com|rolandgarros
പാരീസ്: പോളണ്ടിന്റെ കൗമാരതാരം ഇഗ സ്വിയാറ്റെക്കിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം. പത്തൊന്‍പതുകാരിയായ ഇഗ സ്വിയാറ്റെക്ക് ഫൈനലില്‍ അമേരിക്കയുടെ സോഫിയ കെനിനെ തോല്‍പ്പിച്ചാണ് കന്നിക്കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ ആരുജയിച്ചാലും അത് പുതിയൊരു ചരിത്രമാകുമെന്നുറപ്പിച്ചാണ് ഇരുവരും കലാശപ്പോരാട്ടത്തിന് ഇറങ്ങിയത്. സോഫിയയെ 6-4, 6-1 എന്ന സ്‌കോറിനാണ് ഇഗ തോല്‍പ്പിച്ചത്.
സീഡില്ലാതാരമായ ഇഗ കളിയുടെ സര്‍വ മേഖലയിലും സോഫിയയേക്കാള്‍ മുന്‍പന്തിയിലായിരുന്നു. ഈ വിജയത്തോടെ ആദ്യമായി ഗ്രാന്‍ഡ്സ്ലാം നേടുന്ന പോളിഷ് വനിതാതാരം എന്ന റെക്കോഡ് ഇഗ സ്വന്തമാക്കി.
ടൂര്‍ണമെന്റിലുടനീളം ഒരു സെറ്റ് പോലും വിട്ടുനല്‍കാതെയാണ് ഇഗ കിരീടം നേടിയത്. 2007-ല്‍ ജസ്റ്റിന്‍ ഹെനിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ഇഗ. സിമോണ ഹാലെപ്, മാര്‍ക്കേറ്റ വോന്‍ഡ്രൗസോവ തുടങ്ങിയ മുന്‍നിര താരങ്ങളെ വീഴ്ത്തിയാണ് ഇഗ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
തന്റെ കരിയറിലെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യം വെച്ചാണ് സോഫിയ ഇന്ന് കളിക്കാനിറങ്ങിയത്. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുത്തമിട്ടത് സോഫിയയാണ്. ഇടത്തേ കാലിനേറ്റ പരിക്ക് അവഗണിച്ചാണ് സോഫിയ ഇന്ന് കളിക്കാനിറങ്ങിയത്. അത് മത്സരത്തില്‍ പ്രകടമായിരുന്നു.
Content Highlights: Teenager Iga Swiatek beats Sofia Kenin to win maiden French Open
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..