Photo: ANI
ന്യൂഡല്‍ഹി: ഈ വര്‍ഷം രണ്ടാം തവണയും ലോക ചെസ്സ് ചാമ്പ്യന്‍ നോര്‍വിയയുടെ മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാരതാരം ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്. പ്രജ്ഞാനന്ദ. ഇത്തവണ ചെസ്സബിള്‍ മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ വെള്ളിയാഴ്ച നടന്ന അഞ്ചാം റൗണ്ട് മത്സരത്തിലാണ് പ്രജ്ഞാനന്ദ രണ്ടാം തവണയും ലോക ചാമ്പ്യനെ തറപറ്റിച്ചത്.
നേരത്തെ ഫെബ്രുവരിയില്‍ നടന്ന എയര്‍തിങ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റിലാണ് പ്രജ്ഞാനന്ദ കാള്‍സനെ ആദ്യം തോല്‍പ്പിക്കുന്നത്.
വെള്ളിയാഴ്ച നടന്ന ചെസ്സബിള്‍ മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റിന്റെ അഞ്ചാം റൗണ്ട് മത്സരം സമനിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ 40-ാം നീക്കത്തില്‍ സംഭവിച്ച ബുദ്ധിമോശമാണ് കാള്സന് തിരിച്ചടിയായത്.
ജയത്തോടെ 12 പോയന്റുള്ള പ്രജ്ഞാനന്ദ ടൂര്‍ണമെന്റിന്റെ നോക്കൗട്ട് റൗണ്ടിലെത്താനുള്ള സാധ്യത വര്‍ധിച്ചു. ചൈനയുടെ വെയ് യിയാണ് നിലവില്‍ ഒന്നാമത്. കാള്സന് രണ്ടാം സ്ഥാനത്തുണ്ട്.
16 താരങ്ങള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്ററായ ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ താരം അഭിമന്യു മിശ്രയും പങ്കെടുക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..