Photo: AFP
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ വനിതകളിലെ ഒന്നാം സീഡ് പോളണ്ടിന്റെ ഇഗ സ്വിയാടെക് അനായാസജയത്തോടെ രണ്ടാം റൗണ്ടില്‍. ചൊവ്വാഴ്ച നടന്ന ആദ്യറൗണ്ടില്‍ സ്വിയാടെക് ക്രൊയേഷ്യയുടെ ജാന ഫെറ്റിനെ (6-0, 6-3) കീഴടക്കി. അന്താരാഷ്ട്ര മത്സരങ്ങളില്‍ പോളിഷ് താരത്തിന്റെ തുടര്‍ച്ചയായ 36-ാം വിജയമാണിത്. ഇതോടെ, അമേരിക്കന്‍ താരം വീനസ് വില്യംസിനെ (35 വിജയങ്ങള്‍) മറികടന്ന് ഈ നൂറ്റാണ്ടില്‍ കൂടുതല്‍ തുടര്‍വിജയങ്ങള്‍ എന്ന റെക്കോഡും സ്വന്തമാക്കി.
വനിതകളില്‍ നാലാം സീഡുകാരിയായ സ്പാനിഷ് താരം പോള ബഡോസ, അഞ്ചാം സീഡുകാരിയായ മരിയ സാക്കറി, 11-ാം സീഡായ കൊകൊ ഗാഫ് എന്നിവരും ആദ്യറൗണ്ടില്‍ ജയം നേടി.
പുരുഷ വിഭാഗത്തില്‍ രണ്ടാം സീഡ് സ്പെയിനിന്റെ റാഫേല്‍ നഡാല്‍ രണ്ടാം റൗണ്ടിലെത്തി. അര്‍ജന്റീനയുടെ ഫ്രാന്‍സിസ്കോ സെറുന്ഡോളോയെ തോല്‍പ്പിച്ചു (6-4,6-3,3-6,6-4).
സ്പാനിഷ് താരമായ പോള ബഡോസ അമേരിക്കയുടെ ലൂയിസ ചിരിക്കോയെ അനായാസം തോല്‍പ്പിച്ചു (6-2, 6-1). ഗ്രീസിന്റെ മരിയ സാക്കറി ഓസ്ട്രേലിയയുടെ സോ ഹൈവ്സിനെ 6-1, 6-4ന് തോല്‍പ്പിച്ചു. ആദ്യസെറ്റ് നഷ്ടപ്പെട്ട ശേഷം കടുത്തപോരാട്ടത്തില്‍ റുമാനിയയുടെ ഗബ്രിയേല റൂസിനെ തോല്‍പ്പിച്ചാണ് (2-6, 6-3, 7-5) അമേരിക്കയുടെ കൊകൊ ഗാഫ് മുന്നേറിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രെജിക്കോവ, അമേരിക്കയുടെ അമാന്‍ഡ അനിസിമോവ എന്നിവരും ആദ്യറൗണ്ടില്‍ ജയം നേടി. പുരുഷസിംഗിള്‍സില്‍ ബൊളീവിയയുടെ ഹ്യൂഗോ ഡെല്ലീനെ തോല്‍പ്പിച്ച് (6-1, 6-3, 7-5) ഓസ്ട്രേലിയയുടെ അലക്സ് ഡി മിനോര്‍ രണ്ടാം റൗണ്ടിലെത്തി. സ്പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസ് കഴിഞ്ഞദിവസം ജര്‍മനിയുടെ യാന്‍ ലെന്നാര്‍ഡ് സ്ട്രഫിനെ (4-6, 7-5, 4-6, 7-6, 6-4) തോല്‍പ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..