പെറാക് (മലേഷ്യ):  സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് സമനിലയോടെ തുടക്കം. ബ്രിട്ടനുമായി നടന്ന ഉദ്ഘാടന മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോള്‍ വീതമടിച്ച് സമനില പാലിക്കുകയായിരുന്നു.  മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകിയാണ് മത്സരം ആരംഭിച്ചത്. 

മലയാളി താരം പി.ആര്‍ ശ്രീജേഷിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യയെ 19-ാം മിനിറ്റില്‍ ആകാശ്ദീപ് സിങ്ങ് മുന്നിലെത്തിച്ചു. എന്നാല്‍ ആ മുന്‍തൂക്കത്തിന് ആറു മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 25-ാം മിനിറ്റില്‍ ടോം കാഴ്‌സണിലൂടെ ബ്രിട്ടന്‍ തിരിച്ചടിച്ചു.

പിന്നീട് 47-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. ഇത്തവണ ഇന്ത്യയെ മുന്നിലെത്തിച്ച് മന്‍ദീപ സിങ്ങ് ബ്രിട്ടന്റെ വല ചലിപ്പിച്ചു. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന ബ്രിട്ടന്‍ ആറു മിനിറ്റിന് ശേഷം സമനില ഗോള്‍ നേടി. അലന്‍ ഫോര്‍സിതായിരുന്നു ഗോള്‍സ്‌കോറര്‍.