ന്യൂഡല്‍ഹി: സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വെങ്കലം. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ന്യൂസീലൻഡിനെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം നേടിയത്. 

ഗോള്‍രഹിതമായ ആദ്യ ക്വാര്‍ട്ടറിന് ശേഷം രണ്ടാം ക്വാര്‍ട്ടറിന്റെ ആദ്യ മിനിറ്റില്‍ രൂപീന്ദര്‍പാല്‍ ഇന്ത്യയെ മുന്നിലെത്തിച്ചു. പെനാല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. പത്ത് മിനിറ്റിന് ശേഷം രൂപീന്ദര്‍ വീണ്ടും പെനാല്‍റ്റിയിലൂടെ ഇന്ത്യക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചു. ആദ്യ പകുതിയില്‍ 2-0ത്തിന്റെ ലീഡ് നേടിയ ഇന്ത്യ മൂന്നാം ക്വാര്‍ട്ടറിലും ആധിപത്യം നിലനിര്‍ത്തി.

48-ാം മിനിറ്റില്‍ ഫീല്‍ഡ് ഗോളിലൂടെ എസ്.സി സുനില്‍ ഇന്ത്യയുടെ മൂന്നാം ഗോള്‍ കണ്ടെത്തി. പിറന്നാള്‍ ദിനത്തില്‍ തന്നെ ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടിയത് സുനിലിന് ഇരട്ടിമധുരം നല്‍കി. പിന്നീട് കിവീസിന് തിരിച്ചുവരവിന് അവസരം നല്‍കാതെ നാലാം ഗോളോടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. മനോഹരമായ ഒരു റിവേഴ്‌സ് ഹിറ്റിലൂടെ തല്‍വീന്ദര്‍ സിങ്ങാണ് ഗോള്‍ നേടിയത്. 

ബ്രിട്ടനുമായി സമനിലയോടെ ടൂര്‍ണമെന്റ് തുടങ്ങിയ ഇന്ത്യ ന്യൂസീലൻഡിനെതിരെ 3-0ത്തിന് വിജയിച്ചിരുന്നു. പിന്നീട് ഓസ്‌ട്രേലിയയോട് 3-1ന് ഇന്ത്യ പരാജയപ്പെട്ടു. ജപ്പാനെതിരെ 4-3ന് വിജയിച്ച് ഇന്ത്യ തിരിച്ചുവന്നെങ്കിലും നിര്‍ണായക മത്സരത്തില്‍ മലേഷ്യയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഫൈനലിലെത്തിയിരുന്ന ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു.