ജൂനിയർ പോൾവാൾട്ടിൽ ശിവദേവ് രാജീവ് (മാർ ബേസിൽ, എറണാകുളം) റെക്കോഡ് നേടുന്നു | Photo: Mathrubhumi
തിരുവനന്തപുരം: കിരീടപോരാട്ടത്തില്‍ ആദ്യദിനംതന്നെ മേല്‍ക്കൈനേടി സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ പാലക്കാട് പറക്കുന്നു. 23 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ 67 പോയിന്റാണ് പാലക്കാടിന്. പുതിയ സ്കൂളുകളും കായിക ക്ലബ്ബുകളും നവതാരങ്ങളുമായി പാലക്കാടന്‍ മണ്ണില്‍നിന്ന് ഉദിച്ചത് ജില്ലയ്ക്കു നേട്ടമായി.
പോയവര്‍ഷത്തെ റണ്ണേഴ്സ് അപ്പായ എറണാകുളത്തിന് 34 പോയിന്റ് മാത്രമാണുള്ളത്. മൂന്നാംസ്ഥാനത്തുള്ള കോട്ടയത്തിന് 21 പോയിന്റും. മൂന്ന് മീറ്റ് റെക്കോഡുകളാണ് ഒന്നാംദിന സമ്പാദ്യം. ഇതിലൊരെണ്ണം ദേശീയ റെക്കോഡിനെ മറികടക്കുന്നതായി. 2018-നു ശേഷം ദേശീയ റെക്കോഡ് രേഖപ്പെടുത്തുന്നത് പൂര്‍ണമാകാത്തതിനാല്‍ മേളയില്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കില്ല.
3000 മീറ്ററിലെ നാലിനങ്ങളില്‍ മൂന്നും 400 മീറ്ററിലെ ആറിനങ്ങളില്‍ നാലും സ്വന്തമാക്കിയാണ് പാലക്കാട് കുതിച്ചത്. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. അഞ്ചു ലക്ഷം കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ സ്പോര്‍ട്സ് അക്കാദമിയും തുറക്കും. മറ്റ് കായിക ഇനങ്ങള്‍ക്കും പുതിയ പദ്ധതികളുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്.അനില്‍, ഡി.പി.ഐ. ജീവന്‍ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
റെക്കോഡുകാര്‍
സീനിയര്‍ ഗേള്‍സ് ഡിസ്കസ് ത്രോയില്‍ കാസര്‍കോട് ചീമേനി എച്ച്.എസ്.എസിലെ അഖിലാരാജു 43.30 മീറ്റര്‍ ദൂരം കണ്ടെത്തി റെക്കോഡ് സ്വന്തമാക്കി. 2010-ല്‍ കോതമംഗലം മാര്‍ബേസിലിന്റെ നീന എലിസബത്തിന്റെ 40.72 മീറ്ററെന്ന ദൂരമാണ് പഴങ്കഥയായത്.
ജൂനിയര്‍ ഗേള്‍സ് ഷോട്ട്പുട്ടില്‍ കാസര്‍കോട് എളംപാച്ചി ജി.സി.എസ്. സ്കൂളിലെ വി.എസ്.അനുപ്രിയ 15.73 മീറ്റര്‍ ദൂരം കണ്ടെത്തി. 2018-ല്‍ എറണാകുളം മാതിരമ്പള്ളി സ്പോര്‍ട്സ് ഹോസ്റ്റലിലെ കെസിയ മരിയം ബെന്നിയുടെ(12.39 മീറ്റര്‍) റെക്കോഡാണ് തകര്‍ന്നത്.
ജൂനിയര്‍ ആണ് പോള്‍വോള്‍ട്ടില്‍ കോതമംഗലം മാര്‍ബേസില്‍ സ്കൂളിലെ ശിവദേവ് രാജീവ് 4.07 മീറ്ററോടെ റെക്കോഡിട്ടു. 2018-ല്‍ കല്ലടി എച്ച്.എസിലെ മുഹമ്മദ് ബേസിമിന്റെ(4.06 മീറ്റര്‍) റെക്കോഡാണ് വീണത്.
Content Highlights: state school athletic meet 2022 first day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..