കുറിയന്നൂര്‍ (പത്തനംതിട്ട): സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലാദ്യമായി പത്തനംതിട്ട ജില്ലയ്ക്ക് വനിതാ വിഭാഗം കിരീടം. നിലവിലെ ജേതാക്കളായ തിരുവനന്തപുരത്തെ ഫൈനലില്‍ അട്ടിമറിച്ചാണ് ആതിഥേയര്‍ നേട്ടം കൈവരിച്ചത്.
മൂന്നാം ക്വാര്‍ട്ടര്‍ തീരുമ്പോള്‍ 36-39 എന്ന ക്രമത്തില്‍ പിന്നിലായിരുന്ന പത്തനംതിട്ട അവസാന ഭാഗത്തിലാണ് മുന്നിലെത്തിയത്. കളിതീരാന്‍ 9.31 സെക്കന്‍ഡ് ശേഷിക്കെ ദേശീയതാരം പൂജാമോളുടെ മൂന്ന് പോയിന്റോടെ ഗതിമാറി. അതോടെ 39 പോയിന്റില്‍ തുല്യതയുമായി. ഫ്രീ ത്രോയിലൂടെയും ഫീല്‍ഡ് ഗോളിലൂടെയും മറ്റൊരു ദേശീയതാരമായ സ്മൃതി രാധാകൃഷ്ണന് നാല് പോയിന്റുകൂടി കൂട്ടിച്ചേര്‍ത്തു. പിന്നീട് ഇരുവരും തമ്മിലുള്ള കൂട്ടുകെട്ടില്‍ ലീഡ് ഉയര്‍ന്നു.
അവസാന വിസിലിന് നാല് മിനിറ്റ് ശേഷിക്കെ വീണ്ടുമൊരു മൂന്ന് പോയിന്റ് നേടിയ പൂജാമോള്‍ ഗാലറിയെ ആവേശത്തിലെത്തിച്ചു. സ്കോര്‍ 49-41. പോലീസ് താരമായ സൂര്യ ഫ്രീ ത്രോയിലൂടെ രണ്ട് പോയിന്റ് നേടി. അവസാന ഊഴം നീനു മോളുടെതായിരുന്നു. സ്കോര്‍ 55-45. അവസാന നിമിഷങ്ങളില്‍ തിരുവനന്തപുരം ശ്രമിച്ചു നോക്കിയെങ്കിലും 55-49 സ്കോറില്‍ മത്സരം അവസാനിച്ചു. (4-15, 12-11, 20-13, 19-10).
Content Highlights: State Basketball Championship Pathanamthitta Champions