Photo: AP
മെല്‍ബണ്‍: ''എന്റെ കുടുംബത്തിലെ ഏറ്റവും മോശം അത്ലറ്റ് ഞാനാണ്'' - ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ മൂന്നാംറൗണ്ടില്‍ ഡാനില്‍ മെദ്വദേവിനെ അട്ടിമറിച്ചശേഷം അമേരിക്കന്‍ താരം സെബാസ്റ്റ്യന്‍ കോര്‍ഡ അഭിപ്രായപ്പെട്ടത് ഇങ്ങനെ. ''എന്റെ അച്ഛന് ലോക രണ്ടാം നമ്പര്‍ താരമായിരുന്നു. അമ്മ 26-ാം റാങ്കുവരെയെത്തി. എന്റെ സഹോദരിമാരായ നെല്ലി ഒന്നാം നമ്പറായിരുന്നു, ജെസീക്ക ആറാം നമ്പരായിരുന്നു'' - ലോക റാങ്കിങ്ങില്‍ 31-ാം സ്ഥാനക്കാരനായ സെബി എന്ന സെബാസ്റ്റ്യന്‍ പറഞ്ഞു. ലോക പത്താംനമ്പര്‍ താരമായ ഹ്യുബെര്‍ട്ട് ഹാര്ക്കാസിനെയും അതിജീവിച്ച് സെബാസ്റ്റ്യന്‍ ക്വാര്ട്ടറിലെത്തിക്കഴിഞ്ഞു.
കോര്ഡമാരുടേത് അമേരിക്കയിലെ വലിയ കായിക കുടുംബമാണ്. 1998-ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനാണ് സെബാസ്റ്റ്യന്റെ അച്ഛന് പീറ്റര്‍ കോര്‍ഡ. ഫ്രഞ്ച് ഓപ്പണില്‍ ഫൈനലില്‍ വരെയെത്തി. സെബാസ്റ്റ്യന്റെ അമ്മ റെജിന രജര്ത്തോവ 1998 ഒളിമ്പിക്സില്‍ ചെക്കോസ്ലാവാക്യക്കുവേണ്ടി കളിച്ചിട്ടുണ്ട്. ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളിലെല്ലാം മത്സരിച്ചിട്ടുണ്ടെങ്കിലും വലിയ നേട്ടങ്ങളുണ്ടായില്ല. പക്ഷേ, റാങ്കിങ്ങില്‍ 26 വരെയെത്തി. കുടുംബം പിന്നീട് അമേരിക്കയിലേക്കു മാറി. സെബാസ്റ്റ്യന്റെ സഹോദരിമാരായ ജെസീക്കയും നെല്ലിയും പ്രൊഫഷണല്‍ ഗോള്‍ഫ് താരങ്ങളാണ്. ലേഡീസ് പ്രൊഫഷണല്‍ ഗോള്‍ഫ് അസോസിയേഷന്റെ (എല്‍.പി.ജി.എ.) എട്ട് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട് നെല്ലി. ഒളിമ്പിക് ചാമ്പ്യനുമാണ്. ഇപ്പോള്‍ ലോക രണ്ടാംനമ്പര്‍ താരം. ജെസീക്ക ഇതുവരെ ആറ് കിരീടങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞു.
.jpg?$p=e1fda36&&q=0.8)
ചെറുപ്പത്തില്‍ ഐസ് ഹോക്കി കളിച്ചാണ് സെബാസ്റ്റ്യന്‍ വളര്‍ന്നത്. ഒമ്പതാം വയസ്സില്‍ ടെന്നീസിലേക്കു മാറി. ഇതിഹാസ താരം ആന്ദ്രെ അഗാസിയുടെ ശിക്ഷണവും കിട്ടി. 2018 ഓസ്ട്രേലിയന്‍ ഓപ്പണിലെ ജൂനിയര്‍ ചാമ്പ്യനാണ് സെബാസ്റ്റ്യന്‍. അച്ഛന് കിരീടം നേടിയ അതേ വേദിയില്‍ മകനും ചാമ്പ്യന്‍. പിന്നീട് ചില അട്ടിമറികളിലൂടെ സെബാസ്റ്റ്യന്‍ ശ്രദ്ധേയനായി. ഈ മാസമാദ്യം അഡ്ലെയ്ഡ് ഇന്റര്‍നാഷണല്‍ ഫൈനലില്‍ നൊവാക് ജോക്കോവിച്ചിനെ അട്ടിമറിക്കുന്നതിന് അരികിലെത്തിയിരുന്നു. ചാമ്പ്യന്‍ഷിപ്പ് പോയന്റില്‍ എത്തിയശേഷമാണ് 22-കാരന് കീഴടങ്ങിയത്. അയാള്‍ മനോഹര ടെന്നീസാണ് കളിക്കുന്നതെന്ന് ജോക്കോവിച്ച് പുകഴ്ത്തുകയും ചെയ്തു. ഇത്തവണ ഓസ്ട്രേലിയന്‍ ഓപ്പണില്‍ സെബി എവിടെവരെയെത്തുമെന്ന ആകാംക്ഷയിലാണ് കോര്‍ഡ കുടുംബം.
Content Highlights: Sebastian Korda and his sporting family
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..