Photo: AP
ദുബായ്: 52 വര്‍ഷത്തിനുശേഷം ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ പുരുഷ ഡബിള്‍സില്‍ മെഡലുറപ്പിച്ച് ഇന്ത്യ. സാത്വിക് സായ്‌രാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്തിയതോടെയാണ് ഇന്ത്യ മെഡലുറപ്പിച്ചത്.
ദുബായിലെ ഷെയ്ഖ് റാഷിദ് ബിന്‍ ഹമദ് ഇന്‍ഡോര്‍ ഹാളില്‍ വെച്ച് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ സഖ്യം ഇന്‍ഡൊനീഷ്യയുടെ മുഹമ്മദ് അഹ്‌സാന്‍-ഹെന്‍ഡ്ര സെത്തിയവാന്‍ ജോഡിയെ തകര്‍ത്താണ് സെമിയിലേക്ക് മുന്നേറിയത്.
വെറും 30 മിനിറ്റുകൊണ്ട് ഇന്ത്യന്‍ ടീം വിജയം നേടി. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് വിജയം. സ്‌കോര്‍: 21-11, 21-12. സെമിയില്‍ ചൈനീസ് തായ്‌പേയിയുടെ ലീ യാങ്-വാങ് ചി ലിന്‍ സഖ്യമാണ് ഇന്ത്യന്‍ ടീമിന്റെ എതിരാളികള്‍.
എന്നാല്‍ പുരുഷ സിംഗിള്‍സിലും വനിതാ സിംഗിള്‍സിലും ഇന്ത്യയ്ക്ക് തിരിച്ചടി കിട്ടി. പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന എച്ച്.എസ്.പ്രണോയ് ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ജപ്പാന്റെ കാന്റ സുനേയാമയാണ് പ്രണോയിയെ കീഴടക്കിയത്. മത്സരത്തിനിടെ പരിക്കുമൂലം പ്രണോയ് പിന്മാറുകയായിരുന്നു. 11-21,9-13 എന്ന സ്‌കോറിന് പിന്നിട്ട് നില്‍ക്കുമ്പോഴാണ് മലയാളി താരം പിന്മാറിയത്.
വനിതാ സിംഗിള്‍സില്‍ രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ ഇന്ത്യയുടെ പി.വി.സിന്ധു ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. എട്ടാം സീഡായ സിന്ധു കൊറിയയുടെ ആന്‍ സി യങ്ങിന് മുന്നില്‍ മുട്ടുമടക്കി. ആദ്യ ഗെയിം നേടിയ ശേഷമാണ് സിന്ധു പരാജയപ്പെട്ടത്. സ്‌കോര്‍: 21-18, 5-21, 9-21. ആദ്യ ഗെയിം നേടിയിട്ടും പിന്നീടുള്ള രണ്ട് ഗെയിമുകളില്‍ ഫോമിന്റെ നിഴല്‍ പോലും കാണിക്കാന്‍ സിന്ധുവിന് സാധിച്ചില്ല.
Content Highlights: Satwik-Chirag Pair Ensures Men's Doubles Medal After 52 Years In asian badminton championship
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..