ന്യൂഡല്‍ഹി: കുറച്ചുനാള്‍ മുന്‍പുവരെ ഇന്ത്യയിലെ ഏറ്റവും കായികക്ഷമതയുള്ള കളിക്കാരന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയായിരുന്നു. യോ യോ ടെസ്റ്റ് അടിസ്ഥാനമാക്കിയായിരുന്നു ഇത്. എന്നാല്‍ തന്റെ 32-ാം വയസില്‍ ആ കോലിയെ പോലും മറികടന്ന് ഇന്ത്യയിലെ ഏറ്റവും കായികക്ഷമതയുള്ള താരമെന്ന റെക്കോഡ് സ്വന്തമാക്കിയ ആളാണ് മുന്‍ ഇന്ത്യൻ ഹോക്കി ടീം നായകന്‍ സര്‍ദാര്‍ സിങ്. നീണ്ട 12 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടിരിക്കുകയാണ് സർദാർ സിങ്.

350-ലേറെ മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ ശേഷമാണ് സര്‍ദാര്‍ വിരമിക്കാന്‍ തീരുമാനിച്ചത്. ജക്കാര്‍ത്തയില്‍ വെങ്കലവുമായി മടങ്ങിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ഈ 32-കാരന്‍.

''12 വര്‍ഷത്തോളം ഞാന്‍ രാജ്യത്തിനായി കളിച്ചു, അത് വളരെ നീണ്ട ഒരു സമയം തന്നെയാണ്. ഇപ്പോള്‍ അടുത്ത തലമുറയ്ക്ക് ബാറ്റണ്‍ കൈമാറാനുള്ള സമയമായിരിക്കുന്നു'', വിരമിക്കല്‍ അറിയിച്ചുകൊണ്ട് ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സര്‍ദാര്‍ സിങ് പറഞ്ഞു.

ഒട്ടേറെ നേട്ടങ്ങളില്‍ ഇന്ത്യയ്‌ക്കൊപ്പം പങ്കാളിയായ ശേഷമാണ് സര്‍ദാറിന്റെ വിടപറച്ചില്‍. അതില്‍ പലതിലും രാജ്യത്തെ നയിക്കുകയും ചെയ്തു. പക്ഷേ ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സര്‍ദാറിനെ കൂടാതെയാണ് ഇന്ത്യന്‍ ടീം ഇറങ്ങിയത്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളായിരുന്നു കാരണം. 

എന്നാല്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ മറികടക്കാനുള്ള കഠിനപ്രയത്‌നത്തിലായിരുന്നു അദ്ദേഹം. ഒടുവില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ മടങ്ങിയെത്താനും സര്‍ദാറിനായി. വെള്ളിമെഡല്‍ നേടിയാണ് ഇന്ത്യന്‍ ടീം ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് കഴിഞ്ഞ് മടങ്ങിയത്. 

മാത്രമല്ല ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിനു മുന്നോടിയായി നടന്ന യോ യോ ടെസ്റ്റില്‍ 21.4 പോയിന്റോടെ വിരാട് കോലിയെ മറികടന്നാണ് സര്‍ദാര്‍ ഒന്നാമതെത്തിയത്. കോലിയുടെ സ്‌കോര്‍ 19 മാത്രമായിരുന്നു.

''രണ്ടു വര്‍ഷത്തേക്കു കൂടി ടീമില്‍ തുടരാനുള്ള കായികക്ഷമത ഇപ്പോള്‍ തനിക്കുണ്ട്. എന്നാല്‍ അടുത്തത് ഇനി എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിക്കുന്ന സമയം എല്ലാവരുടേയും ജീവിതത്തിലുണ്ടാകും. ഇത്തരം പുതിയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനുള്ള മികച്ച സമയം ഇതാണെന്നാണ് ഇപ്പോള്‍ എനിക്ക് തോന്നുന്നത്'', ഹരിയാന പോലീസിലെ ഡി.എസ്.പി കൂടിയായ സര്‍ദാര്‍ ചൂണ്ടിക്കാട്ടി.

''എന്റെ ഭാവിയെ കുറിച്ച് ഞാന്‍ ഹോക്കി ഇന്ത്യയുമായും കോച്ച് ഹരേന്ദ്ര സിങ്ങുമായും സംസാരിച്ചിരുന്നു. എന്റെ തീരുമാനം അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴും 2020-ലെ ഒളിമ്പിക്‌സിന് യോഗ്യത നേടാത്ത ഇന്ത്യയ്ക്ക് പ്രതിരോധത്തിലെ സര്‍ദാറിന്റെ വിടവ് വലിയ തിരിച്ചടിയാകും. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിലും 2010, 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ ടീമിലെയും പ്രധാന സാന്നിധ്യമായിരുന്ന താരമാണ് ടീമിനോട് വിടപറയുന്നത്.

2003-2004 കാലഘട്ടത്തിലാണ് സര്‍ദാര്‍ ജൂനിയര്‍ തലത്തില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. പോളണ്ടിനെതിരെയായിരുന്നു ഇത്. 2006-ല്‍ പാരമ്പര്യ വൈരികളായ പാകിസ്താനെതിരെയാണ് സീനിയര്‍ തലത്തില്‍ സര്‍ദാര്‍ അരങ്ങേറിയത്.

Content Highlights: sardar singh decides quit