സാനിയ മത്സര ശേഷം സംസാരിക്കുന്നതിനിടെ വികാരാധീതയായപ്പോൾ
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സിന്റെ ഫൈനലില്‍ പരാജയപ്പെട്ട് ഗ്രാന്‍ഡ്സ്ലാം യാത്രയ്ക്ക് വിരാമമിട്ട് സാനിയ മിര്‍സ. മെല്‍ബണിലെ റോഡ് ലേവര്‍ അരീനയില്‍ കാണികള്‍ക്ക് മുന്നില്‍ ഗ്രാന്‍ഡ്സ്ലാമിനോട് വികാരഭരിതമായ വിടപറച്ചിലാണ് സാനിയ നടത്തിയത്.
സാനിയ-ബൊപ്പണ്ണ സഖ്യം ബ്രസീലിന്റെ ലയുസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് സഖ്യത്തോടാണ് തോറ്റത്. 6-7, 2-6 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ കൂട്ടുക്കെട്ട് പരാജയപ്പെട്ടത്. മത്സരം അവസാനിച്ച ശേഷം എതിരാളികളെ ചേര്‍ത്തുപിടിച്ച് അവരെ അഭിനന്ദിച്ച സാനിയ, പക്ഷേ തുടര്‍ന്ന് കാണികളെ അഭിസംബോധന ചെയ്തപ്പോള്‍ കണ്ണീരടക്കാന്‍ പാടുപെട്ടു.
ഓസ്‌ട്രേലിയന്‍ ഓപ്പണോടെ തന്റെ ഗ്രാന്‍ഡ്സ്ലാം കരിയര്‍ അവസാനിക്കുമെന്ന് സാനിയ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരിയില്‍ ദുബായില്‍ നടക്കുന്ന ഡബ്ല്യ.ടി.എ. ടൂര്‍ണമെന്റോടെ ടെന്നീസില്‍നിന്ന് വിരമിക്കുമെന്നും 36-കാരിയായ സാനിയ പ്രഖ്യാപിച്ചിട്ടുണ്ട്.
'മെല്‍ബണില്‍ തന്നെയാണ് എന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. ഗ്രാന്‍ഡ്സ്ലാമില്‍ എന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ഇതിലും മികച്ച ഒരു വേദിയെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ കഴിഞ്ഞില്ല', സാനിയ പറഞ്ഞു. ഇതിനിടെ വികാരാധീനയായ സാനിയ, താന്‍ കരയുന്നത് സന്തോഷം മൂലമാണെന്നും ദുഃഖം മൂലമല്ലെന്നും പറഞ്ഞു.
'ഞാന്‍ ഇനിയും കുറച്ച് ടൂര്‍ണ്ണമെന്റുകള്‍കൂടി കളിക്കും. 2005-ല്‍ മെല്‍ബണിലാണ് എന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. 18 വയസ്സുള്ളപ്പോള്‍ ഞാന്‍ മൂന്നാം റൗണ്ടില്‍ സെറീന വില്യംസുമായി കളിച്ചപ്പോള്‍... ഇവിടെ വീണ്ടും വീണ്ടും വരാനുള്ള ആശിര്‍വാദം എനിക്ക് കൈവന്നു. റോഡ് ലോവര്‍ അറീന ശരിക്കും എന്റെ ജീവിതത്തില്‍ സവിശേഷമായ ഒന്നാണ്. എന്റെ മകന് മുന്നില്‍ ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ കളിക്കാനാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല', ഇടറിയ സ്വരത്തില്‍ സാനിയ പറഞ്ഞു.
2018-ല്‍ മകന്‍ ഇഹ്‌സാന് ജന്മം നല്‍കിയ ശേഷം 2020-ലാണ് സാനിയ ടെന്നീസിലേക്ക് തിരിച്ചെത്തിയത്. മത്സരത്തില്‍ പങ്കാളിയായ രോഹന്‍ ബൊപ്പണ്ണയെ കുറിച്ചും സാനിയ വാചാലയായി. 14 വയസ്സുള്ളപ്പോള്‍ തന്റെ ആദ്യ മിക്‌സ്ഡ് ഡബിള്‍സ് പങ്കാളിയായിരുന്നു രോഹനെന്നും സാനിയ പറഞ്ഞു. തന്റെ ഏറ്റവും മികച്ച സുഹൃത്തും പാട്ണറും കൂടിയാണ് ബൊപ്പണ്ണയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗ്രാന്‍ഡ്സ്ലാമില്‍ സാനിയ മൂന്ന് ഡബിള്‍സ് കിരീടങ്ങളും മൂന്ന് മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ബൊപ്പണ്ണയ്ക്ക് ഒരു മിക്‌സഡ് ഡബിള്‍സ് കിരീടമുണ്ട്.
Content Highlights: Sania Mirza Struggles To Hold Back Tears As She Ends Her Grand Slams Journey
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..