Photo: AP
ഇന്ത്യന്‍ ടെന്നീസിന്റെ ഇതുവരെയുള്ള ചരിത്രം സമഗ്രമായി പറയുന്ന പുസ്തകമാണ് കളിയെഴുത്തുകാരനും ബാങ്കറുമായ അനിന്‍ദ്യ ദത്തയുടെ 'അഡ്വാന്റേജ് ഇന്ത്യ, ദ സ്റ്റോറി ഓഫ് ഇന്ത്യന്‍ ടെന്നീസ്.' 2009-ലെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ മഹേഷ് ഭൂപതിക്കൊപ്പംചേര്‍ന്ന് സാനിയ മിര്‍സ മിക്‌സഡ് ഡബിള്‍സ് കിരീടം നേടിയ സമയം. സ്പോര്‍ട്സില്‍ ലോകത്തിന്റെ നെറുകയിലെത്താന്‍ ഇന്ത്യന്‍ വനിതകള്‍ക്കുമുന്നില്‍നിന്ന മാനസികതടസ്സത്തെ മറികടന്ന സംഭവമായാണ് ആ കിരീടവിജയത്തെ ദത്ത ഈ പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നത്. ടെന്നീസില്‍ സാനിയ വിജയക്കൊടിപാറിച്ചപ്പോള്‍ പിന്നാലെ ഹൈദരാബാദില്‍നിന്നുതന്നെ ബാഡ്മിന്റണില്‍ ആദ്യം സൈനാ നേവാളും പിന്നാലെ പി.വി. സിന്ധുവും കുതിച്ചെത്തി. കുട്ടിപ്പാവാടകളും ഉയര്‍ത്തിപ്പിടിച്ച ട്രോഫികളും കായികരംഗത്തെ പുതിയ ഇന്ത്യന്‍ വനിതയുടെ പ്രതീകമായിത്തീര്‍ന്നുവെന്നാണ് ദത്ത വിലയിരുത്തുന്നത്. അതിന് ഇന്ത്യ കടപ്പെട്ടിരിക്കുന്നത് സാനിയയോടാണ്.
പതിനെട്ടാം വയസ്സില്‍, 2005-ലെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കളിക്കാനെത്തിയാണ് സാനിയ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ അരങ്ങേറുന്നത്. ആദ്യ രണ്ടു റൗണ്ടിലും വിജയിച്ചുകയറിയ സാനിയക്ക് മൂന്നാം റൗണ്ടില്‍ എതിരാളിയായിക്കിട്ടിയത് സാക്ഷാല്‍ സെറീനാ വില്യംസിനെ. നേരിട്ടുള്ള സെറ്റുകളില്‍ സെറീനയോട് തോറ്റെങ്കിലും (സെറീനയാണ് അക്കൊല്ലം ഓസ്ട്രേലിയന്‍ ഓപ്പണ്‍ വിജയിച്ചത്) മെല്‍ബണ്‍പാര്‍ക്കിലെ റോഡ്ലേവര്‍ അരീനയില്‍ പിന്നീട് അവള്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്തു. ഒന്നല്ല, മൂന്നുവട്ടം. പതിനെട്ടു വര്‍ഷംമുമ്പ് അവിടെ തുടങ്ങിയ ഗ്രാന്‍ഡ് സ്ലാം പോരാട്ടം വെള്ളിയാഴ്ച സാനിയ അവിടെത്തന്നെ അവസാനിപ്പിച്ചപ്പോള്‍ വനിതാ ടെന്നീസിലെ ഒരു യുഗം കഴിയുകയാണ്. രണ്ടു ദശാബ്ദം സാനിയ വനിതാ ടെന്നീസില്‍ ഇന്ത്യയെ ഒറ്റയ്ക്കുതന്നെ മുന്നോട്ടുനയിക്കുകയായിരുന്നു.
പുരുഷടെന്നീസില്‍ വലിയൊരു പാരമ്പര്യം ഇന്ത്യക്കുണ്ട്. രാമനാഥന്‍ കൃഷ്ണനും മകന്‍ രമേശ് കൃഷ്ണനും അമൃത്രാജ് സഹോദരന്മാരും ലിയാന്‍ഡര്‍ പേസും മഹേഷ് ഭൂപതിയുമൊക്കെ ഇന്ത്യക്ക് മേല്‍വിലാസമുണ്ടാക്കിത്തന്നവരാണ്. പുരുഷടെന്നീസില്‍ ഇവരെല്ലാംകൂടി ചെയ്ത കാര്യങ്ങള്‍ വനിതാ ടെന്നീസില്‍ ഇന്ത്യക്കുവേണ്ടി ഒറ്റയ്ക്കുചെയ്തു എന്നതാണ് സാനിയയുടെ മഹത്ത്വം.
2003-ലെ വിംബിള്‍ഡണില്‍ റഷ്യയുടെ അലിസ ക്ലീബനോവയുമായിച്ചേര്‍ന്ന് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡബിള്‍സ് കിരീടം നേടിയാണ് സാനിയ വരവറിയിക്കുന്നത്. അവിടെനിന്നും 2023-ലെത്തുമ്പോള്‍ ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ തിളക്കവുമായാണ് സാനിയ കോര്‍ട്ട് വിടുന്നത്. അതിനൊപ്പം ഏഷ്യന്‍ ഗെയിംസില്‍ രണ്ടു സ്വര്‍ണമടക്കം എട്ടു മെഡലുകള്‍, കോമണ്‍വെല്‍ത്ത് ഗെയിംസിലും ആഫ്രോ ഏഷ്യന്‍ ഗെയിംസിലും മെഡലുകള്‍.
2008 മുതല്‍ നാല് ഒളിമ്പിക്സുകളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞു. വനിതാ ടെന്നീസില്‍ ഇന്ത്യക്ക് സാനിയക്ക് പകരംവെക്കാന്‍ സാനിയ മാത്രമേയുള്ളൂ. പരിക്കിനെത്തുടര്‍ന്ന് ഡബിള്‍സില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനുള്ള സാനിയയുടെ തീരുമാനം ഇന്ത്യന്‍ ടെന്നീസിനും സാനിയക്കും നേട്ടങ്ങളാണ് സമ്മാനിച്ചത്.
മുന്‍ ലോക ഒന്നാം നമ്പര്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം ഡബിള്‍സില്‍ സാനിയ നേട്ടങ്ങള്‍കൊയ്തു. ഓപ്പണ്‍ കാലഘട്ടത്തിലെ മികച്ച ജോഡികളെന്ന പേരും സാനിയയും ഹിംഗിസും സ്വന്തമാക്കി. ഇരുവരും ചേര്‍ന്ന് മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളടക്കം 14 കിരീടങ്ങള്‍ നേടി. ഡബ്ല്യു.ടി.എ. ഡബിള്‍സ് റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പര്‍ ബഹുമതിയും സാനിയ സ്വന്തമാക്കി.
രണ്ടു ദശാബ്ദത്തോളം ഇന്ത്യയിലെ സ്ത്രീകളെയും പെണ്‍കുട്ടികളെയും പ്രചോദിപ്പിക്കാന്‍ സാനിയ എന്ന പേരിനായി. അമ്മമാര്‍ അവരുടെ പെണ്‍മക്കള്‍ക്ക് സാനിയ എന്ന പേരുനല്‍കി. സാനിയയെപ്പോലെ ജീവിതത്തില്‍ വിജയിക്കുമെന്നു സ്വപ്നംകണ്ടു, പ്രതീക്ഷിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ അവസാനം വേറൊരു സാനിയ മിര്‍സ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
ഉത്തര്‍പ്രദേശിലെ മിര്‍സാര്‍പുര്‍ ജില്ലയിലുള്ള ജസോവര്‍ എന്ന കുഗ്രാമത്തിലെ പെണ്‍കുട്ടിയാണ് ഈ സാനിയ. എന്‍.ഡി.എ. പരീക്ഷയില്‍ ഉന്നതവിജയം നേടി ഫൈറ്റര്‍ പൈലറ്റാകാനുള്ള കോഴ്സില്‍ ചേര്‍ന്നു അവള്‍. സാനിയ മിര്‍സയെ അനുകരിച്ചാണ് അമ്മ തബാസും മകള്‍ക്ക് ഈ പേരുനല്‍കിയത്. യഥാര്‍ഥ സാനിയയെപ്പോലെ മകളും ജീവിതത്തില്‍ പൊരുതിജയിച്ച് ഒരു ചാമ്പ്യനാകണമെന്ന് ആ അമ്മ ആഗ്രഹിച്ചു. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിന്റെ അമ്മയായശേഷം തിരിച്ചെത്തി ട്രോഫികള്‍ നേടിയ സാനിയയുടെ കഥ പെണ്‍കുട്ടികള്‍ക്കെല്ലാം പ്രചോദനമാണ്.
ഗ്രാന്‍ഡ്സ്ലാമില്‍ അരങ്ങേറ്റംകുറിച്ച ഓസ്ട്രേലിയയിലെ മെല്‍ബണ്‍പാര്‍ക്കിനോട് സാനിയക്ക് വൈകാരികമായ ഒരു അടുപ്പംകൂടിയുണ്ട്. കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ ഇടം.
2016-ല്‍ മാര്‍ട്ടീന ഹിംഗിസിനൊപ്പം ഇവിടെ ഡബിള്‍സ് കിരീടവും നേടി. ഇക്കുറി വിടവാങ്ങല്‍ വര്‍ഷത്തില്‍ കിരീടം നേടാനായില്ലെങ്കിലും തലയുയര്‍ത്തിത്തന്നെയാണ് മെല്‍ബണ്‍പാര്‍ക്കിന്റെ മാനസപുത്രി മടങ്ങുന്നത്.
Content Highlights: sania mirza retired from international tennis
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..