Photo: twitter.com
ദുബായ്: ഇന്ത്യന്‍ ടെന്നീസില്‍ ഇത് യുഗാന്ത്യം. 20 വര്‍ഷങ്ങള്‍ നീണ്ട ടെന്നീസ് കരിയര്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ താരം സാനിയ മിര്‍സ. നേരത്തെ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന സാനിയ ദുബായ് ഡ്യൂട്ടി ഫ്രീ ചാമ്പ്യന്‍ഷിപ്പ് ഡബിള്‍സ് മത്സരത്തില്‍ ഒന്നാം റൗണ്ടില്‍ തന്നെ തോറ്റ് പുറത്താകുകയായിരുന്നു. അമേരിക്കന്‍ താരം മാഡിസണ്‍ കീസായിരുന്നു അവസാന മത്സരത്തില്‍ സാനിയയുടെ ഡബിള്‍സ് പങ്കാളി.
റഷ്യന്‍ സഖ്യമായ വെറോണിക്ക കുഡെര്‍മെറ്റോവ - ലിയുഡ്മില സാംസൊനോവ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (6-4, 6-0) സാനിയ - മാഡിസണ്‍ സഖ്യത്തിന്റെ തോല്‍വി. അപ്രതീക്ഷിത തോല്‍വിയോടെ ഇത് 36-കാരിയായ സാനിയയുടെ അവസാന മത്സരമായി.
2003-ല്‍ കരിയര്‍ ആരംഭിച്ച സാനിയക്ക് ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുണ്ട്. സ്വിസ് ഇതിഹാസം മാര്‍ട്ടിന ഹിംഗിസിനൊപ്പം മൂന്ന് തവണ വനിതാ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സാനിയ നേടി. മിക്‌സഡ് ഡബിള്‍സിലായിരുന്നു ബാക്കിയുള്ള കിരീടങ്ങള്‍. മഹേഷ് ഭൂപതിക്കൊപ്പം 2009-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും 2012-ല്‍ ഫ്രഞ്ച് ഓപ്പണും സാനിയ നേടി. ബ്രൂണോ സോറെസിനൊപ്പം ഒരു തവണ യുഎസ് ഓപ്പണും വിജയിച്ചു.
ടെന്നീസില്‍ ഇന്ത്യയ്ക്ക് ഒരു വിലാസം ഉണ്ടാക്കിത്തരികയും പറയത്തക്ക വനിതാ ടെന്നീസ് താരങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് രാജ്യത്തിന് നിരവധി അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ചതും സാനിയയായിരുന്നു. ഡബിള്‍സില്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താനും സാനിയക്കായി.
Content Highlights: Sania Mirza bids farewell to tennis after first round defeat at Dubai Duty Free Championships
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..