രോ തവണ സെര്‍വെടുക്കുമ്പോഴും സിരിഷയുടെ മനസ്സില്‍ തെളിഞ്ഞുവരുന്നത് നാട്ടിലെ പ്രൈമറി സ്‌കൂളിന്റെ അടുക്കളയില്‍ തീയും പുകയും കൊണ്ട് വാടിയ അമ്മയുടെ വിയര്‍ത്തൊലിച്ച മുഖമാണ്. ഉയര്‍ന്നു ചാടി സ്മാഷ് തൊടുക്കുമ്പോള്‍ ഊര്‍ജം പകര്‍ന്നത് അമ്മയ്ക്കുവേണ്ടി കണ്ട കിനാവുകളാണ്. കുടുംബം പോറ്റാന്‍ കഷ്ടപ്പെടുന്ന അമ്മയ്ക്കും പറഞ്ഞാല്‍ നാലാളറിയാത്ത കലിമെലയെന്ന ഗ്രാമത്തിനും വികസനമെത്താത്ത മല്‍കന്‍ഗിരിയെ ഒഡിഷയിലെ ഗ്രാമത്തിനും വേണ്ടിയായിരുന്നു അവളുടെ ഓരോ സ്പൈക്കും.

ഈ വലിയ സ്വപ്നങ്ങളും പേറി ഇല്ലായ്മകളെയത്രയും വകഞ്ഞു മാറ്റിയാണ് സിരിഷ കരാമി ഇന്ന് ഇന്ത്യന്‍ ടീമിന്റെ ക്യാങ്കിൽ വരെയെത്തിയത്. ഒടുവില്‍ സിരിഷയെന്ന, കഷ്ടപ്പാടുകൾക്ക് തളർത്താനാവാത്ത പതിനാറുകാരിയെ തേടി വിലപ്പെട്ട ഒരു അഭിനന്ദനവും എത്തിയിരിക്കുകയാണ്. മറ്റാരുടേതുമല്ല, സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടേത്. സ്പോര്‍ട്സിലൂടെ അമ്മയെയും ഗ്രാമത്തെയും സംസ്ഥാനത്തെയും രാജ്യത്തെയും സഹായിക്കുക എന്ന സിരിഷയുടെ സ്വപ്നം ശരിക്കും ഞങ്ങള്‍ക്കെല്ലാം പ്രചോദനമേകുന്നതാണ്.

നിന്നെയോര്‍ത്ത് ഞങ്ങള്‍ അഭിമാനം കൊള്ളുന്നു-സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. സിരിഷ സ്വന്തം കഥ പറയുന്ന വീഡിയോയോടൊപ്പമാണ് സച്ചിന്റെ ട്വീറ്റ്. പെണ്‍കുട്ടികളുടെ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ചാണ് പ്ലേ ഇറ്റ് ഹെര്‍ വെ, ഡേ ഓഫ് ദി ഗേള്‍ തുടങ്ങിയ ഹാഷ്ടാഗുകളോടെ സച്ചിന്‍ ഈ ട്വീറ്റ് പോസ്റ്റ് ചെയ്തത്.

സിരിഷയുടെ അച്ഛന്‍ ചെറുപ്പത്തില്‍ തന്നെ മരിച്ചുപോയതാണ്. ഒഡിഷയിലെ കലിമെല ബ്ലോക്കിലെ ഒരു സ്‌കൂളിലെ അടുക്കളയില്‍ ജോലി ചെയ്തുകിട്ടുന്ന പണം കൊണ്ടാണ് അമ്മ മകളെ പോറ്റിയതും കളിക്കാരിയാക്കി വളര്‍ത്തിയതും. അമ്മയെ പിന്തുണയ്ക്കാന്‍ വേണ്ടിയാണ് സിരിഷ കളിച്ചു തുടങ്ങിയതും. ഒഡിഷയ്ക്കുവേണ്ടി 12 ദേശീയ ടൂര്‍ണമെന്റുകളില്‍ കളിച്ച സിരിഷ ഈ വര്‍ഷമാണ് ദേശീയ ടീമിന്റെ ക്യാമ്പിലെത്തിയത്.