ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു


ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറര്‍ 20 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടി ചരിത്രം കുറിച്ചിട്ടുണ്ട്

Roger Federer

ബാസല്‍: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 2022 ലേവര്‍ കപ്പിനുശേഷം ടെന്നീസ് മതിയാക്കുമെന്ന് ഫെഡറര്‍ പറഞ്ഞു. അടുത്തയാഴ്ചയാണ് ലേവര്‍ കപ്പ് ആരംഭിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യമറിയിച്ചത്.

'അടുത്തയാഴ്ച ലണ്ടനില്‍ വെച്ച് നടക്കുന്ന ലേവര്‍ കപ്പായിരിക്കും എന്റെ കരിയറിലെ അവസാന ടൂര്‍ണമെന്റ്'- റോജര്‍ ഫെഡറര്‍ കുറിച്ചു.

ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറര്‍ 20 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടി ചരിത്രം കുറിച്ചിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിയായ ഫെഡറര്‍ ദീര്‍ഘകാലം ലോക ഒന്നാം നമ്പറായിരുന്നു.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പരിക്കുമൂലം ഫെഡറര്‍ ടെന്നീസ് കോര്‍ട്ടില്‍ സജീവമല്ലായിരുന്നു. 2003-ല്‍ വിംബിള്‍ഡണ്‍ കിരീടം നേടിക്കൊണ്ടാണ് ഫെഡറര്‍ ടെന്നീസ് ലോകത്ത് ചരിത്രം കുറിച്ചത്. പിന്നീട് ആ റാക്കറ്റില്‍ പിറന്നത് ഇതിഹാസവിജയങ്ങള്‍.

കരിയറില്‍ എട്ട് വിംബിള്‍ഡണ്‍ കിരീടങ്ങള്‍ നേടിയ ഫെഡറര്‍ അഞ്ച് തവണ യു.എസ്.ഓപ്പണും ആറുതവണ ഓസ്‌ട്രേലിയന്‍ ഓപ്പണും സ്വന്തമാക്കി. ഒരേയൊരു തവണയാണ് കളിമണ്‍ കോര്‍ട്ടിലെ ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ ഫെഡറര്‍ മുത്തമിട്ടത്.

നിലവില്‍ പുരുഷടെന്നീസില്‍ ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ താരങ്ങളുടെ പട്ടികയില്‍ ഫെഡറര്‍ മൂന്നാമതാണ്. റാഫേല്‍ നദാലും നൊവാക്ക് ജോക്കോവിച്ചുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. പ്രായത്തെ മറികടന്ന് ഗ്രാന്റ് സ്ലാമുകള്‍ വെട്ടിപ്പിടിക്കുന്ന അത്ഭുതതാരം എന്നതിനപ്പുറം, ടെന്നീസില്‍ പ്രതിഭയുടെ ഏറ്റവും മഹനീയമായ ആവിഷ്‌കാരമായ സെര്‍വ് ആന്റ് വോളി ഗെയിമിന്റെ ഏറ്റവും മനോഹരമായ പ്രയോക്താവ് എന്ന നിലയിലാണ് റോജര്‍ ഫെഡററെ പലരും ഇഷ്ടപ്പെടുന്നത്. പവര്‍ ടെന്നീസിനെ മറികടക്കുന്ന നൈപുണ്യത്തിന്റെ ആഘോഷമാണ് ഈ സ്വിസ് താരം.

2004-ല്‍ മൂന്നു ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ നേടി, ആദ്യമായി റോജര്‍ ഫെഡറര്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുമ്പോള്‍ അദ്ദേഹത്തിന് പ്രായം വെറും 23. ആ വര്‍ഷം തന്റെ പതിനെട്ടാം പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ ഫെഡററുടെ ആരാധകനായ ജീസസ് അപാരിസിയോ കാറപകടത്തില്‍ ബോധരഹിതനായി. നീണ്ട പതിനൊന്ന് വര്‍ഷങ്ങള്‍ ആ കിടപ്പ് കിടന്നു. 2015-ല്‍ അപാരിസിയോ ബോധം വീണ്ടെടുക്കുമ്പോഴേക്കും ലോകം ഏറെ മാറി. എന്നാല്‍ തന്റെ ആരാധനാപാത്രമായ റോജര്‍ ഫെഡറര്‍ ലോക ടെന്നീസില്‍ നിറഞ്ഞുനില്‍ക്കുന്നത് കണ്ട് ജീസസ് അപാരിസിയോ തിരിച്ചുപോയി. ഒരു പതിറ്റാണ്ടിനെ അതിജീവിച്ച് 17 ഗ്രാന്റ്സ്ലാമുകളുമായി ലോകറാങ്കിങ്ങില്‍ അന്ന് രണ്ടാം സ്ഥാനത്തായിരുന്നു ഫെഡറര്‍. അത്രമേല്‍ സ്ഥിരതയോടെ കളിച്ച ചുരുക്കം ചില താരങ്ങളിലൊരാളാണ് ഈ സ്വിസ് ഇതിഹാസം.

ടെന്നീസില്‍ സമാനതകളില്ലാത്ത നേട്ടത്തിനുടമയാണ്‌ ഫെഡറര്‍. 24 വര്‍ഷത്തെ കരിയറില്‍ ഫെഡറര്‍ നേടിയത് 103 കിരീടങ്ങളാണ്. ഒപ്പം ഒളിമ്പിക്‌സില്‍ സ്വര്‍ണവും വെള്ളിയും നേടി. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ സിംഗിള്‍സില്‍ വെള്ളി നേടിയ ഫെഡറര്‍ 2008 ഒളിമ്പിക്‌സില്‍ ഡബിള്‍സില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. ഒരു തവണ ഡേവിസ് കപ്പും മൂന്ന് തവണ ഹോപ്മാന്‍ കപ്പും സ്വന്തമാക്കി.

ലോക ഒന്നാം നമ്പര്‍ താരമായി 310 ആഴ്ചകളാണ് ഫെഡറര്‍ കളിച്ചത്. അതില്‍ 237 ആഴ്ചകളില്‍ തുടര്‍ച്ചായായി ഒന്നാം സ്ഥാനത്തായിരുന്നു. അത് റെക്കോഡാണ്. പുരുഷ ടെന്നീസില്‍ ഏറ്റവും പ്രായം കൂടിയ ലോക ഒന്നാം നമ്പര്‍ താരം എന്ന റെക്കോഡും ഫെഡറര്‍ സ്വന്തമാക്കിയിരുന്നു. ഈ നേട്ടം കൈവരിക്കുമ്പോള്‍ 36 വയസ്സും 195 ദിവസ്സവുമാണ് പ്രായം. തുടര്‍ച്ചയായി അഞ്ചുതവണ യു.എസ്.ഓപ്പണ്‍ കിരീടം നേടിയ ഏകതാരമാണ് ഫെഡറര്‍. ഓപ്പണ്‍ ഇറയില്‍ ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം മത്സരങ്ങളില്‍ വിജയിച്ച പുരുഷതാരം എന്ന റെക്കോഡും ഫെഡററുടെ കൈയ്യിലാണ്. 369 വിജയങ്ങള്‍.

പരിക്കിന്റെ പിടിയിലകപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഫെഡററുടെ റാക്കറ്റില്‍ നിന്ന് ഇനിയും വിജയങ്ങള്‍ അടര്‍ന്നുവീണേനേ. പുറംവേദനയും കാല്‍മുട്ടിലും കാല്‍പ്പാദത്തിലുമേറ്റ പരിക്കുമെല്ലാം ഫെഡററെ തളര്‍ത്തി.

2021-ല്‍ പരിക്കില്‍ നിന്ന് മോചിതനായി വിംബിള്‍ഡണിലൂടെ തിരിച്ചുവരവ് നടത്താന്‍ ശ്രമിച്ചെങ്കിലും ക്വാര്‍ട്ടറില്‍ ഫെഡറര്‍ പുറത്തായി. യുവതാരം ഹ്യൂബര്‍ട്ട് ഹര്‍കാക്‌സിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റ് ഫെഡറര്‍ പുറത്തുപോകുമ്പോള്‍ പരിക്ക് വീണ്ടും വില്ലനായി അവതരിച്ചിരുന്നു.

രണ്ടരപ്പതിറ്റാണ്ടോളം ടെന്നീസ് ആരാധകരെ ത്രസിപ്പിച്ച ഫെഡററുടെ റാക്കറ്റ് അടുത്തയാഴ്ച ലണ്ടനില്‍ വെച്ച് വീണ്ടും ശബ്ദിക്കും. ഫെഡററുടെ ബാക്ക് ഹാന്‍ഡും എയ്‌സുകളും കാണാനായി ആരാധകര്‍ കൂട്ടമായെത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലേവര്‍ കപ്പിന്റെ കോര്‍ട്ടില്‍ വെച്ച് ഫെഡറര്‍ ടെന്നീസിനോട് വിടപറയുമ്പോള്‍ അയാള്‍ക്കൊപ്പം ലക്ഷക്കണക്കിന് ആരാധകരുടെ കണ്ണുകളും ഈറനണിയും. പ്രിയ ഫെഡറര്‍... നിങ്ങള്‍ക്ക് തുല്യം നിങ്ങള്‍ മാത്രം....

Updating ...

Content Highlights: roger federer, federer retirement, sports news, federer tennis, tennis news, sports news,


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented