Photo: twitter.com/RafaelNadal
മഡ്രിഡ്: ഏപ്രില്‍ 18 ന് ആരംഭിക്കുന്ന ബാഴ്‌സലോണ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ പിന്മാറി. പരിക്കുമൂലമാണ് താരം സ്വന്തം നാട്ടില്‍വെച്ച് നടക്കുന്ന ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്.
' ബാഴ്‌സലോണ ഓപ്പണ്‍ എപ്പോഴും എനിക്ക് പ്രിയപ്പെട്ട ടൂര്‍ണമെന്റാണ്. സ്വന്തം നാട്ടില്‍ കളിക്കുന്നതിനേക്കാള്‍ ആനന്ദം വേറെയില്ല. പക്ഷേ ഞാന്‍ കളിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പ് തുടരുകയാണ്'- നദാല്‍ ഇന്‍സ്റ്റഗ്രാമിലൂടെ കുറിച്ചു.
ജനുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെയാണ് നദാലിന് പരിക്കേറ്റത്. ഇടത്തേ ഇടുപ്പിന് പരിക്കേറ്റ താരം അതിനുശേഷം മത്സരരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണ്. 22 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ നദാല്‍ നിലവില്‍ ടെന്നീസ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി.
വരാനിരിക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ താരത്തിന് കളിക്കാനാവുമോ എന്നതാണ് ആരാധകരെ ആശങ്കപ്പെടുത്തുന്നത്. കളിമണ്‍ കോര്‍ട്ടിലെ രാജാവായ നദാല്‍ 14 തവണയാണ് റോളണ്ട് ഗാരോസില്‍ കിരീടം നേടിയത്.
ബാഴ്‌സലോണ ഓപ്പണ്‍ 12 തവണ നേടിയ നദാല്‍ റെക്കോഡ് കുറിച്ചിരുന്നു. ബാഴ്‌സലോണ ഓപ്പണ്‍ ഏറ്റവുമധികം നേടിയ പുരുഷതാരം നദാലാണ്. 2005-ലാണ് താരം ആദ്യമായി കിരീടം നേടിയത്. 2021-ലും നദാല്‍ ചാമ്പ്യനായിരുന്നു. 2022-ല്‍ കാര്‍ലോസ് അല്‍ക്കാരസാണ് കിരീടം നേടിയത്.
Content Highlights: Rafael Nadal withdraws from Barcelona Open
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..