
റാഫേൽ നദാൽ
അക്കാപുല്‍ക്കോ: മെക്‌സിക്കന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം നേടി സ്പാനിഷ് ഇതിഹാസ താരം റാഫേല്‍ നദാല്‍. ഫൈനലില്‍ ബ്രിട്ടീഷ് താരം കാമറൂണ്‍ നോറിയെ കീഴടക്കിയാണ് നദാല്‍ കിരീടം നേടിയത്.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാലിന്റെ വിജയം. സ്‌കോര്‍: 6-4, 6-4. 2022-ല്‍ നദാല്‍ നേടുന്ന മൂന്നാമത്തെ കിരീടമാണിത്. കരിയറില്‍ നദാല്‍ നേടുന്ന 91-ാം എ.ടി.പി കിരീടം കൂടിയാണിത്.
മൂന്ന് കിരീടങ്ങള്‍ കൂടി നേടിയാല്‍ ഏറ്റവുമധികം എ.ടി.പി. കിരീടങ്ങള്‍ നേടിയ മൂന്നാമത്തെ താരം എന്ന റെക്കോഡ് നദാലിന് സ്വന്തമാക്കാം. നിലവില്‍ 94 കിരീടങ്ങളുള്ള ഇവാന്‍ ലെന്‍ഡിലാണ് മൂന്നാമത്. 109 കിരീടവുമായി ജിമ്മി കോണോഴ്‌സും 103 കിരീടവുമായി സ്വിസ് ഇതിഹാസം റോജര്‍ ഫെഡററുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.
ഫൈനലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച നദാല്‍ നോറിയെ കാഴ്ചക്കാരനാക്കി കിരീടം സ്വന്തമാക്കി. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം ഡാനില്‍ മെദ്‌വദേവിനെ തകര്‍ത്താണ് നദാല്‍ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.
നദാലിന്റെ കരിയറിലെ നാലാം മെക്‌സിക്കന്‍ ഓപ്പണ്‍ കിരീടമാണിത്. 2020, 2013, 2005 എന്നീ വര്‍ഷങ്ങളില്‍ നദാല്‍ കിരീടം നേടിയിരുന്നു. മെക്‌സികോ ഓപ്പണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരവും പ്രായം കുറഞ്ഞ താരവും നദാലാണ്. 2005-ല്‍ 18 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ കിരീടം നേടിയ നദാല്‍ 2022-ല്‍ 35 വയസ്സായപ്പോഴും കിരീടം നേടി അപൂര്‍വ റെക്കോഡ് സ്വന്തമാക്കി.
പുരുഷ ഡബിള്‍സില്‍ ഫെലിസിയാനോ ലോപ്പസ്-സ്റ്റെഫാനോസ് സിറ്റ്‌സിപാസ് സഖ്യം കിരീടം നേടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..