ഇന്ത്യൻ വെൽസ് കിരീടവുമായി ഫ്രിറ്റ്‌സ്, നദാൽ സമീപം | Photo: Getty Images
കാലിഫോര്‍ണിയ: എ.ടി.പി ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിന്റെ പുരുഷവിഭാഗം ഫൈനലില്‍ 21 തവണ ഗ്രാന്‍ഡ്സ്ലാം നേടിയ സ്‌പെയിനിന്റെ ഇതിഹാസതാരം റാഫേല്‍ നദാലിന് തോല്‍വി. അമേരിക്കയുടെ യുവതാരം ടെയ്‌ലര്‍ ഫ്രിറ്റ്‌സാണ് നദാലിനെ അട്ടിമറിച്ച് കിരീടം നേടിയത്.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫ്രിറ്റ്‌സിന്റെ വിജയം. സ്‌കോര്‍: 6-3, 7-6. 2022-ല്‍ നദാല്‍ വഴങ്ങുന്ന ആദ്യ തോല്‍വിയാണിത്. ഇതോടെ 20 മത്സരങ്ങളില്‍ പരാജയമറിയാതെയുള്ള നദാലിന്റെ കുതിപ്പിന് അവസാനമായി.
ലോകറാങ്കിങ്ങില്‍ 20-ാം സ്ഥാനത്തുള്ള ഫ്രിറ്റ്‌സ് അവിശ്വസനീയ പ്രകടനമാണ് ഫൈനലില്‍ പുറത്തെടുത്തത്. 24 കാരനായ ഫ്രിറ്റ്‌സ് നദാലിനെതിരേ നേടുന്ന ആദ്യ വിജയം കൂടിയാണിത്. വലത്തേ കണങ്കാലിനേറ്റ പരിക്ക് വകവെയ്ക്കാതെ കളിച്ച ഫ്രിറ്റ്‌സ് അര്‍ഹിച്ച വിജയം തന്നെ നേടിയെടുത്തു. ആദ്യസെറ്റ് അനായാസം നേടിയ ഫ്രിറ്റ്‌സ് രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ നേടിയെടുക്കുകയായിരുന്നു.
ആന്ദ്രെ അഗാസിയ്ക്ക് ശേഷം ഇന്ത്യന്‍ വെല്‍സ് കിരീടം നേടുന്ന ആദ്യ അമേരിക്കന്‍ താരം എന്ന ഖ്യാതിയും ഫ്രിറ്റ്‌സ് സ്വന്തമാക്കി. 2001-ലാണ് അഗാസി അവസാനമായി ഇന്ത്യന്‍ വെല്‍സ് കിരീടത്തില്‍ മുത്തമിട്ടത്.
വനിതാവിഭാഗത്തില്‍ ഇഗ സ്വിയാടെക് കിരീടം നേടി. ഫൈനലില്‍ സക്കാരിയെ 6-4, 6-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചു.
Content Highlights: Rafael Nadal Condemned to 1st Loss of 2022 as Taylor Fritz Wins Indian Wells Title
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..