Photo: GETTY IMAGES
ബേസ് ലൈനില്‍ സര്‍വിന് മുമ്പ് ഇരുഷൂവിലും റാക്കറ്റ് തട്ടിയപ്പോള്‍ പൊടിയിളകി വീണു.
ക്യാമറ സൂം ചെയ്തപ്പോള്‍ ആ ഷൂസിന്റെ പിന്നില്‍ എഴുതിയത് കണ്ടു 'റാഫ'.
പതിമൂന്ന് വട്ടം റോളങ് ഗാരോസില്‍ വിജയകിരീടം ഉയര്‍ത്തിയവനാണ് ആ ഷൂസില്‍ ഉയര്‍ന്ന് നില്‍ക്കുന്നത്. സെര്‍വ് ചെയ്യുന്നതിന് മുമ്പുള്ള ആ പോസ് നിങ്ങളുടെ മനസ്സില്‍ ഇല്ലേ?
വരുംലോകം ഈ പോസില്‍ റാഫയുടെ വെങ്കലപ്രതിമ ഒരുക്കില്ലെന്ന് ആരുകണ്ടു?
ഫ്രെഞ്ച് ഓപ്പണില്‍ ഇത്രയും റെക്കോര്‍ഡുകളുടെ തീവണ്ടിയോടിച്ചത് മറ്റാരാണ് ?
കഴിഞ്ഞ ദിവസം ജോക്കോവിച്ചിനോട് സെമിയില്‍ തോറ്റ് മടങ്ങുമ്പോഴും നദാലിന്റെ തലയുയര്‍ന്നു തന്നെനിന്നു.
ആ പേരിന് ഇനി മറ്റൊരു അവകാശി അടുത്ത കാലത്തൊന്നും കടന്നുവരില്ല, കളിമണ്‍കോര്‍ട്ടിലെ രാജകുമാരന്‍ ! ലോക ഒന്നാം നമ്പര്‍ നൊവാന്‍ ജോക്കോവിച്ചിനെതിരെ നാലുമണിക്കൂര്‍ പതിനൊന്ന് മിനിറ്റ് നീണ്ട സെമി പോരാട്ടം. അതില്‍ രണ്ടും മൂന്നും സെറ്റുകള്‍ ക്ലാസിക് എന്നുതന്നെ അറിയപ്പെടും. കാണികള്‍ ഇരിപ്പിടത്തില്‍ നിന്നുയര്‍ന്ന് കൈയ്യടിച്ച എത്ര മുഹൂര്‍ത്തങ്ങള്‍. തോറ്റെങ്കിലും നദാല്‍ പറയുന്നു, ജീവിതം മൂന്നോട്ടൊഴുകും, ഇത് ടെന്നിസ് മാത്രം.
കളിമണ്‍പൊടി പറയുന്നത്
യൂറോ കപ്പില്‍ തുര്‍ക്കിക്കെതിരെ ഇറ്റലി മടുപ്പന്‍ കളി നടക്കുന്നു. അപ്പോള്‍ മറ്റൊരു ചാനലില്‍ ഫ്രെഞ്ച് ഓപ്പണ്‍ ടെന്നിസ് പൊടിപൊടിക്കുകയാണ്. മുമ്പത്തെ പോലെയല്ല, കോര്‍ട്ടിന് മുകളില്‍ മേലാപ്പുണ്ട്. പന്ത് പെറുക്കാന്‍ എന്നും ഒരേ കുട്ടികളെന്ന് തോന്നും. അതേ ശരീരഭാഷ. അവര്‍ മുതിരുന്നില്ല.
കളിക്കിടയില്‍ കളിമണ്‍പ്പൊടി ഹൈഡെഫനിഷന്‍ എല്‍ ഇഡി സ്‌ക്രീനില്‍ തുള്ളികളിക്കുന്ന സ്ലോമോഷന്‍. ആദ്യമൊന്ന് പറന്നുനിന്നെങ്കിലും മെല്ലേ അതെല്ലാം നിലംപറ്റി. അല്ലെങ്കിലും എത്ര നേരം ഈ പൊടിക്കുഞ്ഞന്മാര്‍ക്ക് പരസഹായമില്ലാതെ പറന്നുനില്‍ക്കാനാകും?
ഈ തൂവിയ പൊടി സൂചനതന്നെയാണ്. നമ്മളത് കാണാറില്ലെന്നേയുള്ളൂ.
ഈ തവിട്ടുകളിമണ്‍ പ്രതലത്തില്‍ നദാല്‍ ചാമ്പ്യന്റെ വെള്ളിക്കപ്പ് പതിമൂന്ന് വട്ടം ഉയര്‍ത്തിയ
കാഴ്ച്ചയാണ് നമ്മളധികം കണ്ടത്. നൂറ്റിയെട്ട് കളികളില്‍ മൂന്നാം തോല്‍വി മാത്രം.
ഇപ്പോള്‍, ഗെയിമിനിടയില്‍ വിയര്‍പ്പ് നനച്ച കുപ്പായത്തിനടിയില്‍ നദാലിന്റെ മുഴുപ്പുള്ള വാരിയെല്ലുകള്‍ കാണുന്നു . കളി തുടരുന്നു. ആറ് പായ്ക്കുകള്‍ കളംവരച്ച ഉദരം. കാതലുള്ള മരത്തിന്റെ നാരുകള്‍ കെട്ടിപ്പിണഞ്ഞുകിടക്കുന്നപോലെ കൈകളിലെ ബലംപിടിച്ചപേശികള്‍.
അവശേഷിക്കുന്ന മുടിയിഴകളെ ഒതുക്കിക്കൂട്ടി വെച്ച ബാന്‍ഡ്. ജോക്കോവിച്ചിന്റെ നിലംകുഴിക്കുന്ന ഷോട്ടിനു പോലും മറുപടി കൊടുക്കുന്ന നദാല്‍.
കാണികള്‍ നദാല്‍, നദാല്‍ എന്നാര്‍ക്കുന്നു. യന്ത്രം കളിക്കുന്നപോലെ ജോക്കോവിച്ച്. മുഖത്ത് ഭാവങ്ങളധികമില്ല. എങ്കിലും കണ്ണുകളില്‍ കാത്തുവെച്ച പക കാണാം.
എത്രവട്ടമാണ് നദാല്‍ എന്ന ബലിഷ്ഠനുമുന്നില്‍ ജോക്കോവിച്ചിന് കപ്പിനും ചുണ്ടിനുമിടയില്‍ കണ്ണീര് കുടിക്കേണ്ടിവന്നത്.
റാഫാ, കളിമണ്‍ കോര്‍ട്ടില്‍ നീ എത്രവട്ടം കാളക്കൂറ്റനായി ഉഴറിയത്? പോയിന്റ് ഉറപ്പിച്ച ഡ്രോപ്പ് ഷോട്ടും. ബേസ് ലൈനില്‍ നിന്ന് കുതിച്ചെത്തി എടുത്തിരുന്ന ആ മികവ് ഇപ്പോഴും ചോര്‍ന്നിട്ടില്ല. എങ്കിലും മുപ്പത്തിയഞ്ചാം വയസ്സ് സമ്മാനിക്കുന്ന ഇഴച്ചില്‍, ഞങ്ങള്‍ക്ക് മനസ്സിലാക്കാം.
എങ്കിലും ഇടംക്കയ്യന്‍ ക്രോസ് കോര്‍ട്ട് ഷോട്ടുകളാല്‍ നിരവധി മൂഹൂര്‍ത്തങ്ങള്‍ , തകര്‍പ്പന്‍ സര്‍വ്വുകള്‍..ടെന്നീസ് പ്രേമിക്ക് മറ്റെന്ത് വേണം.
ബേസ് ലൈനിന് പിന്നില്‍ എത്ര വട്ടം ആ ഷൂസ് ഒഴുകിനീങ്ങി പാടുകള്‍ തീര്‍ത്തിരിക്കുന്നു.
സ്‌കീയിംഗ് നടത്തുന്നപോലെ കളിമണ്ണില്‍ ഒഴുകിയെടുക്കുന്ന അസാധ്യ റിട്ടേണുകള്‍ .
ഇടംകൈ പാസിംഗ് ഷോട്ടുകള്‍...കോര്‍ട്ടിന്റെ മൂലയിലേക്ക് പന്തടിച്ച് കേറ്റുന്ന മിടുക്ക്..
മിന്നല്‍ ഷോട്ടുകളാല്‍ എത്രവട്ടം ആ കളിമണ്ണിനെ ചുട്ടെടുത്തിരിക്കുന്നു റാഫാ.
കളി തുടരണം, റാഫാ!
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..