മത്സരശേഷം ജോക്കോവിച്ചിന് കൈ കൊടുക്കുന്ന നദാൽ | Photo: twitter.com/rolandgarros
പാരീസ്: ഫ്രഞ്ച് ഓപ്പണിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ തകര്‍ത്ത് സ്‌പെയിനിന്റെ ഇതിഹാസതാരം റാഫേല്‍ നദാല്‍ സെമി ഫൈനലില്‍.
ക്വാര്‍ട്ടര്‍ ഫൈനലിലെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ അഞ്ചാം സീഡായ നദാല്‍ വിജയം നേടി. സ്‌കോര്‍:6-2, 4-6, 6-2, 7-6. ഈ വിജയത്തോടെ നദാല്‍ സെമി ഫൈനലില്‍ ലോക മൂന്നാം നമ്പര്‍താരമായ അലക്‌സാണ്ടര്‍ സ്വെരേവിനെ നേരിടും. ജൂണ്‍ മൂന്നിനാണ് സെമി ഫൈനല്‍.
തുല്യശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിച്ച ക്വാര്‍ട്ടറില്‍ കളിമണ്‍കോര്‍ട്ടിലെ രാജാവായ നദാല്‍ ആദ്യസെറ്റ് 6-2 ന് സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചടിച്ച ജോക്കോവിച്ച് 6-4 എന്ന സ്‌കോറിന് സെറ്റ് സ്വന്തമാക്കി. ഇതോടെ മത്സരം ആവേശക്കൊടുമുടിയിലായി. എന്നാല്‍ കളിമണ്‍ കോര്‍ട്ടിലുള്ള ആധിപത്യം നദാല്‍ പുറത്തെടുക്കുന്നതേയുണ്ടായിരുന്നുള്ളൂ.
മൂന്നാം സെറ്റില്‍ ശക്തമായി തിരിച്ചടിച്ച നദാല്‍ 6-2 ന് സെറ്റ് സ്വന്തമാക്കി. നാലാം സെറ്റില്‍ ഇരുവരും 6-6 എന്ന സ്‌കോറിന് സമനില പാലിച്ചതോടെ ജോക്കോവിച്ച് ആധിപത്യം പുലര്‍ത്തുമെന്ന് ഏവരും കണക്കുകൂട്ടി. എന്നാല്‍ ടൈബ്രേക്കറില്‍ തകര്‍പ്പന്‍ കളി പുറത്തെടുത്ത നദാല്‍ 7-4 എന്ന സ്‌കോറിന് ടൈബ്രേക്കര്‍ വിജയിച്ച് സെറ്റും മത്സരവും സ്വന്തമാക്കി.
കരിയറിലെ 22-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് നദാല്‍ ലക്ഷ്യം വെയ്ക്കുന്നത്. നിലവില്‍ ലോകത്തില്‍ ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ പുരുഷതാരം നദാലാണ്. ജോക്കോവിച്ചിനെതിരേ വിജയത്തില്‍ നേരിയ മുന്‍തൂക്കം നേടാനും നദാലിന് സാധിച്ചു.
ഇതുവരെ 59 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ അതില്‍ 30 തവണയും നദാല്‍ വിജയം നേടി. റോളണ്ട് ഗാരോസിലെ നദാലിന്റെ 110-ാം വിജയമാണിത്. വെറും മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് താരം തോല്‍വി വഴങ്ങിയത്. ഫ്രഞ്ച് ഓപ്പണില്‍ നദാല്‍ 15-ാം തവണയാണ് സെമിയിലെത്തുന്നത്. 13 തവണ താരം കിരീടം നേടുകയും ചെയ്തു.
ഫ്രഞ്ച് ഓപ്പണില്‍ നിന്ന് ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്വെദേവും പുറത്തായി. 20-ാം സീഡ് ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചാണ് യു.എസ്. ഓപ്പണ്‍ ചാമ്പ്യനായ മെദ്വെദേവിനെ പ്രീക്വാര്‍ട്ടറില്‍ അട്ടിമറിച്ചത് (6-2, 6-3, 6-2). ഏഴാം സീഡ് ആന്ദ്രെ റുബ്ലേവാണ് ക്വാര്‍ട്ടറില്‍ സിലിച്ചിന്റെ എതിരാളി. അതേസമയം, മൂന്നാം സീഡായ ജര്‍മന്‍ താരം അലക്സാണ്ടര്‍ സ്വരേവ് സെമിയിലെത്തി. ക്വാര്‍ട്ടറില്‍ സ്പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസിനെ തോല്‍പ്പിച്ചാണ് (6-4,6-4,4-6,7-6) സ്വരേവ് സെമിയില്‍ എത്തിയത്. നാലാം നമ്പര്‍ താരം സ്റ്റെഫാനോ സിറ്റ്സിപാസ് കഴിഞ്ഞദിവസം പുറത്തായിരുന്നു.
വനിതാവിഭാഗത്തില്‍ ഇറ്റലിയുടെ മാര്‍ട്ടീന ട്രെവിസാന്‍, അമേരിക്കയുടെ കൊകൊ ഗാഫ് എന്നിവര്‍ ആദ്യമായി ഒരു ഗ്രാന്‍ഡ്സ്ലാമിന്റെ സെമിഫൈനലിലെത്തി. ലോക 59-ാം നമ്പര്‍ താരമായ ട്രെവിസാന്‍ 17-ാം സീഡ് കാനഡയുടെ ലെയ്ല ഫെര്‍ണാണ്ടസിനെ ക്വാര്‍ട്ടറില്‍ അട്ടിമറിക്കുകയായിരുന്നു (6-2, 6-7, 6-3). 18-ാം സീഡായ ഗാഫ് അമേരിക്കയുടെതന്നെ സ്ലൊവെയ്ന്‍ സ്റ്റീഫന്‍സിനെയാണ് തോല്‍പ്പിച്ചത് (7-5, 6-2).
ലോക ഒന്നാം നമ്പര്‍ താരം പോളണ്ടിന്റെ ഇഗ സ്വിയാടെക് ക്വാര്‍ട്ടറിലെത്തി. ചൈനീസ് കൗമാരതാരം ഷെന്‍ ക്വിന്‍വെന്‍ കനത്ത വെല്ലുവിളിയുയര്‍ത്തിയെങ്കിലും സ്വിയാടെക് അതിജീവിച്ചു (6-7, 6-0, 6-2). അമേരിക്കയുടെ 11-ാം സീഡ് ജെസീക്ക പെഗുലയാണ് ക്വാര്‍ട്ടറില്‍ സ്വിയാടെക്കിന്റെ എതിരാളി. റുമാനിയയുടെ കമേലിയ ബെഗുവിനെയാണ് പെഗുല പ്രീക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത് (4-6, 6-2, 6-3).
Content Highlights: french open 2022, rafael nadal, roland garros, novak djokovic, nadal vs djokovic, medvedev
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..