Photo: PTI
കോലാലംപുര്‍: രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ ഇന്ത്യയുടെ പി.വി.സിന്ധു മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍വി വഴങ്ങിയാണ് താരം പുറത്തായത്.
ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ്ങാണ് സിന്ധുവിനെ കീഴടക്കിയത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു പരാജയപ്പെട്ടത്. സ്‌കോര്‍: 13-21, 21-12, 12-21. മത്സരം 55 മിനിറ്റ് നീണ്ടുനിന്നു.
ആദ്യ ഗെയിം നഷ്ടപ്പെട്ടിട്ടും രണ്ടാം ഗെയിം നേടി മത്സരത്തിലേക്ക് തിരിച്ചുവന്ന സിന്ധുവിന് ആ ഫോം മൂന്നാം ഗെയിമില്‍ നിലനിര്‍ത്താനായില്ല. ലോക രണ്ടാം നമ്പര്‍ താരമായ യിങ് മൂന്നാം ഗെയിമില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്.
സിന്ധുവിന് മേലുള്ള യിങ്ങിന്റെ ആധിപത്യം തെളിയിക്കുന്ന മത്സരം കൂടിയായിരുന്നു ഇത്. 2019 ലോക ചാമ്പ്യന്‍ഷിപ്പില്‍ വിജയം നേടിയശേഷം സിന്ധുവിന് യിങ്ങിനെ കീഴടക്കാനായിട്ടില്ല. പിന്നീട് ഏഴ് തവണ പരസ്പരം ഏറ്റുമുട്ടിയെങ്കിലും വിജയം യിങ്ങിനൊപ്പമായിരുന്നു. ഈ തോല്‍വിയോടെ മലേഷ്യ മാസ്‌റ്റേഴ്‌സ് വനിതാവിഭാഗത്തില്‍ ഇന്ത്യയുടെ കിരീടപ്രതീക്ഷ അവസാനിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..