കൊച്ചി: കാണികള്‍ കാത്തിരുന്ന ആ മത്സരം ഇന്നാണ്. ഫലം എന്തായാലും വോളിബോള്‍ പ്രേമികള്‍ക്ക് വിഷമമുണ്ടാകും. പ്രോ വോളിയില്‍ ശനിയാഴ്ച വൈകീട്ട് ഏഴിന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, കാലിക്കറ്റ് ഹീറോസുമായി ഏറ്റുമുട്ടും.
ലീഗില്‍ ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളിലും ഇരു ടീമുകളും ജയിച്ചു. ഇതുവരെയുള്ള പ്രകടനം വിലയിരുത്തിയാല്‍ ഒപ്പത്തിനൊപ്പം എന്നു വിശേഷിപ്പിക്കാവുന്ന ടീമുകളാണ് കൊച്ചിയും കാലിക്കറ്റും. ഇന്ത്യയുടെ ഏറ്റവും മികച്ച സെറ്റര്‍ മോഹന്‍ ഉക്രപാണ്ഡ്യന്റെ സാന്നിധ്യമാണ് കൊച്ചിയുടെ കരുത്ത്. കാലിക്കറ്റിന്റെ അജിത്ത് ലാലിനെപ്പോലെ ഒരു അറ്റാക്കറെ ഏതു ടീമും കൊതിക്കും. ടീമിനാകെ പോസിറ്റീവ് എനര്‍ജി നല്കാന് കഴിയുന്ന താരമാണ് കൊച്ചിയുടെ ഡേവിഡ് ലീ. പോള്‍ ലോട്ട്മാന്റെ സാന്നിധ്യം കാലിക്കറ്റിനെ കരുത്തരാക്കുന്നു. കുറച്ചുകൂടി അറ്റാക്കിങ് ഗെയിം കളിക്കുന്നത് കാലിക്കറ്റാണ്. ബുദ്ധിപൂര്‍വമായ നീക്കങ്ങളാണ് കൊച്ചിയുടെ കരുത്ത്.
അജിത്ത്ലാലിന്റെ സ്മാഷ്; ലീയുടെ ബ്ലോക്ക്
അജിത്ത്ലാല്‍ രണ്ടു മത്സരങ്ങളില്‍ നിന്നായി 29 സ്പൈക്ക് പോയിന്റ് നേടി ലീഗില്‍ മുന്നിലെത്തി കഴിഞ്ഞു. ഡേവിഡ് ലീയും പി. രോഹിതും അടങ്ങുന്ന കൊച്ചിയുടെ ബ്ലോക്കിങ് നിര അജിത്തിനെ എങ്ങനെ പിടിച്ചുകെട്ടുമെന്നാണ് അറിയേണ്ടത്. സ്പൈക്ക് പോയിന്റില്‍ ആദ്യ പത്തില്‍ കൊച്ചിയുടെ മനു ജോസഫ് (വെള്ളിയാഴ്ചത്തെ മത്സരത്തിനു മുമ്പുള്ള കണക്കുകള്‍) മാത്രമേയുള്ളൂ - 18 പോയിന്റ്. പക്ഷേ, രണ്ടാം മത്സരത്തില്‍ മനു ഏറെസമയവും പുറത്തായിരുന്നു. ആദ്യ പത്തില്‍ മൂന്ന് കാലിക്കറ്റ് താരങ്ങളായി അഞ്ചാമത് വിനീത് ജെറോമും (19) പത്താമത് പോള്‍ ലോട്ട്മാനും (15) ഉണ്ട്.
ബ്ലോക്കര്‍മാരില്‍ കാലിക്കറ്റിന്റെ എ. കാര്‍ത്തിക് അഞ്ചു പോയിന്റുമായി മൂന്നാമതുണ്ട്. കൊച്ചിയുടെ ഡേവിഡ് ലീയാണ് നാലാമത് (4 പോയിന്റ്). കാലിക്കറ്റിന്റെ വിദേശതാരം ഇലോനിയും ആദ്യ പത്തില്‍ ഇടംനേടിയിട്ടുണ്ട്, മൂന്നു പോയിന്റുമായി ഒമ്പതാമത്.
സെര്‍വ് പോയിന്റില്‍ ആദ്യ പത്തില്‍ കാലിക്കറ്റിന്റെ എ. കാര്‍ത്തിക് (ഏഴ് പോയിന്റ് - ഒന്നാമത്), ജെറോം വിനീത് (നാല് പോയിന്റ് - മൂന്നാമത്), കൊച്ചിയുടെ ഉഗ്രപാണ്ഡ്യന് (മൂന്ന് പോയിന്റ് - നാലാമത്), പ്രവീണ്‍കുമാര്‍ (രണ്ട്), കാലിക്കറ്റിന്റെ പോള്‍ ലോട്ട്മാന് (രണ്ട്) എന്നിവര്‍ ആദ്യ പത്തിലുണ്ട്. അതേസമയം, ആകെയുള്ള സ്പൈക്ക് പോയിന്റില്‍ കൊച്ചിയാണ് ലീഗില്‍ ഒന്നാമത് (78). തൊട്ടുപിന്നില്‍ കാലിക്കറ്റുണ്ട് (77). സെര്‍വ് പോയിന്റില്‍ ഒന്നാമത് കാലിക്കറ്റാണ് - 15. കൊച്ചി മൂന്നാമതാണ് - 10. ബ്ലോക്ക് പോയിന്റിലും കാലിക്കറ്റാണ് മുന്നില്‍ - 15 പോയിന്റുമായി മൂന്നാമത്. കൊച്ചി 11 പോയിന്റുമായി അഞ്ചാമതാണ്.
കൂട്ടുകാരുടെ പോരാട്ടം
ശക്തിയും ദൗര്‍ബല്യവും പരസ്പരം അറിയുന്ന കളിക്കാരാണ് ഇരുടീമുകളിലുമുള്ളത്. ഒരുമിച്ചും എതിരേയും വര്‍ഷങ്ങളായി കളിക്കുന്നവര്‍. അഹമ്മദാബാദിനെതിരേ തോല്‍വിയില്‍ നിന്ന് പൊരുതിക്കയറുകയായിരുന്നു കൊച്ചി. ലീഗ് ഘട്ടത്തില്‍ ഒരു കടുത്ത മത്സരം വന്നത് അനുകൂല ഘടകമായാണ് ടീം വിലയിരുത്തുന്നത്. യു മുംബയ്ക്ക് രണ്ട് സെറ്റ് വിട്ടുനല്‍കിയെങ്കിലും കാലിക്കറ്റിന്റെ മേധാവിത്വം വ്യക്തമായിരുന്നു.
Content Highlights: pro volleyball league calicut heroes vs kochi blue spikers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..