കൊച്ചി: ഏകപക്ഷീയമെന്ന് തോന്നിച്ച തുടക്കം. ഒരു ത്രില്ലര്‍ സിനിമ പോലെ വളര്‍ന്ന മൂന്നും നാലും സെറ്റുകള്‍. ചടങ്ങുമാത്രമായ അവസാന സെറ്റ്. പ്രോ വോളി ലീഗില്‍ കാലിക്കറ്റ് ഹീറോസ് ഒന്നിനെതിരേ നാലു സെറ്റുകള്‍ക്ക് ചെന്നൈ സ്പാര്‍ട്ടനെ തോല്‍പ്പിച്ചു. (സ്കോര്‍: 15-8, 15-8, 13-15, 15-11, 15-11 ). കാലിക്കറ്റിന് രണ്ട് പോയന്റ് ലഭിച്ചു.
ആദ്യ ദിവസത്തില്‍നിന്ന് വ്യത്യസ്തമായി ഞായറാഴ്ച നീണ്ട റാലികളും കിടുക്കന്‍ സ്മാഷുകളും കണ്ടു. ആദ്യ സെറ്റില്‍ ലീഡ് നേടി തുടങ്ങിയ കാലിക്കറ്റ്, എന്താണ് സംഭവിക്കുന്നതെന്ന് എതിരാളിക്ക് മനസ്സിലാകും മുമ്പ് സെറ്റ് നേടി. 11-2 ലേക്ക് കുതിച്ച അവര്‍ കാര്‍ത്തിക്കിലൂടെ സൂപ്പര്‍ സെര്‍വ് നേടി 13-2 ലെത്തി. പിന്നീട് സൂപ്പര്‍ പോയന്റിലൂടെ ചെന്നൈ 14-6 ല്‍ എത്തിയെങ്കിലും വൈകിപ്പോയിരുന്നു.
ആദ്യ രണ്ടു സെറ്റില്‍ ബ്ലോക്കിങ്ങിലൂടെ ഒറ്റ പോയന്റുപോലും നേടാന്‍ ചെന്നൈയ്ക്ക് കഴിഞ്ഞില്ല. കാലിക്കറ്റിന്റെ ഹിറ്റിങ് എത്ര കൃത്യമായിരുന്നെന്ന് വ്യക്തം. റൈറ്റ് ഔട്ട്സൈഡ് ഹിറ്റിങ്ങില്‍ ക്യാപ്റ്റന്‍ ജെറോം വിനീതും ഇടതുപാര്‍ശ്വത്തില്‍ അജിത്ലാലും മികച്ചുനിന്നു. 355 സെന്റിമീറ്റര്‍ ബ്ലോക്ക് ഉയരമുള്ള കോംഗോ താരം ഇലോനിയുടെ ബ്ലോക്കിങ്ങാണ് കാലിക്കറ്റിന്റെ തുറുപ്പുചീട്ട്.
രണ്ടാം സെറ്റില്‍ സ്പൈക്കിലൂടെ മാത്രം കാലിക്കറ്റ് ഒമ്പതുപോയന്റ് നേടി. ചെന്നൈയ്ക്ക് മൂന്നു പോയന്റ് മാത്രം. എണ്ണംപറഞ്ഞ സെര്‍വുകളായിരുന്നു കാലിക്കറ്റിന്റെ മറ്റൊരു പ്രത്യേകത. നിര്‍ണായക നിമിഷങ്ങളില്‍ അമേരിക്കന്‍ താരം പോള്‍ ലോട്ട്മാന്റെ മികവും ചേര്‍ന്നപ്പോള്‍ കാലിക്കറ്റിനെ പിടിച്ചുനിര്‍ത്താന്‍ ചെന്നൈ പ്രയാസപ്പെട്ടു.
നെഞ്ചിടിപ്പ് കൂട്ടി മൂന്നാം സെറ്റ്
മൂന്നാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടമുണ്ടായി. സെര്‍വ് പിഴവുകളായിരുന്നു ചെന്നൈയുടെ ശാപം. ഒപ്പത്തിനൊപ്പം നീങ്ങിയ കളിയില്‍ 6-7ന് പിന്നില്നില്ക്കെ സൂപ്പര്‍ പോയന്റ് വിളിച്ച് കാലിക്കറ്റ് 8-7ന് മുന്നിലെത്തി. 10-11 ന് പിന്നില്നില്ക്കെ സൂപ്പര്‍ പോയന്റ് വിളിച്ച് ചെന്നൈ 12-11ന് മുന്നിലെത്തി. പിന്നെ ഒപ്പമെത്താന്‍ കാലിക്കറ്റിന് കഴിഞ്ഞില്ല. നാലാം സെറ്റില്‍ കാലിക്കറ്റ് ശക്തമായി തിരിച്ചുവന്നു. ചെന്നൈയുടെ കനേഡിയന്‍ താരം റൂഡി വെര്ഹോഫിന് തുടരെ പിഴച്ചു. 349 സെ.മീ. സ്പൈക്ക് ഉയരമുണ്ടെങ്കിലും സ്മാഷുകള്‍ ഇലോനിയുടെ നേതൃത്വത്തിലുള്ള കാലിക്കറ്റിന്റെ ബ്ലോക്ക് കോട്ടയില്‍ തട്ടിത്തകര്‍ന്നു. നാലാം സെറ്റില്‍ കാലിക്കറ്റ് 10 സ്പൈക്ക് പോയന്റ് നേടി. 14 പോയന്റ് നേടിയ അജിത്ലാലാണ് കാലിക്കറ്റിന്റെ ടോപ് സ്കോററും കളിയിലെ കേമനും.
Content Highlights: pro volleyball league calicut heroes beat chennai spartans 4-1
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..