Photo: twitter.com/Eduardo_Romay
കൊച്ചി: ആറടി ഏഴിഞ്ച് ഉയരം. കരാട്ടേയിലും സ്‌ക്വാഷിലും ബാഡ്മിന്റണിലും അത്ലറ്റിക്‌സിലുമൊക്കെ ഒരു കൈ നോക്കിയ മനുഷ്യന്‍. ടിക് ടോക് ചെയ്യല്‍ ജീവിതത്തിലെ ഏറ്റവും രസകരമായ ഹോബിയായി കൊണ്ടുനടക്കുന്ന ഒരാള്‍...മേല്‍വിലാസങ്ങള്‍ ഇങ്ങനെ പലതുണ്ടെങ്കിലും ഇപ്പോള്‍ ഇയാള്‍ അറിയപ്പെടുന്നത് പ്രൈം വോളിബോള്‍ ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ക്യാപ്റ്റനായാണ്. യൂറോപ്യന്‍ലീഗിലും ഏഷ്യന്‍ലീഗിലും കളിച്ച ആദ്യ പെറുതാരമായ എഡ്വേര്‍ഡോ റൊമേ. പെറു ദേശീയവോളിബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ റൊമേ പ്രൈം വോളിബോള്‍ ലീഗിന് മുന്നോടിയായി 'മാതൃഭൂമി'യുമായി സംസാരിക്കുന്നു.
കളി ആവേശമാകും
പ്രൈം വോളിബോള്‍ ആവേശകരമായ കളിയാകുമെന്നാണ് എന്റെ പ്രതീക്ഷ. 15 പോയന്റില്‍ തീരുന്ന സെറ്റും സൂപ്പര്‍ പോയന്റും സൂപ്പര്‍ സെര്‍വുമൊക്കെയുള്ള ഈ ഫോര്‍മാറ്റില്‍ ആദ്യമായാണ് കളിക്കുന്നത്. ഒരു സൂപ്പര്‍ സെര്‍വോ സൂപ്പര്‍ പോയന്റോ കളിയുടെ ഗതി പൊടുന്നനെ മാറ്റിയേക്കാം.
ഉയരംതന്ന ജീവിതം
ഉയരമാണ് എന്റെ ജീവിതത്തിന്റെ ജാതകംകുറിച്ചത്. 13-14 വയസ്സുള്ളപ്പോള്‍തന്നെ എനിക്ക് ആറടിയിലേറെ ഉയരമുണ്ടായിരുന്നു. കുട്ടികള്‍ക്ക് ഇത്രയും വലിയ ഉയരം വരുന്നത് പെറുവില്‍ അപൂര്‍വമായിരുന്നു അതുകൊണ്ടുതന്നെ എന്നെ സ്‌പോര്‍ട്‌സില്‍ ചേര്‍ക്കണമെന്നായിരുന്നു മാതാപിതാക്കളോട് എല്ലാവരും പറഞ്ഞുകൊണ്ടിരുന്നത്.
കരാട്ടേയും ബാഡ്മിന്റണും സ്‌ക്വാഷും അത്ലറ്റിക്‌സും ഒക്കെയായി ഒരുപാട് ഗെയിമുകള്‍ കുട്ടിക്കാലത്തുതന്നെ ഞാന്‍ പയറ്റിനോക്കിയിരുന്നു. ഇതിനിടയിലാണ് വോളിബോള്‍ കോച്ച് എന്നെ ദേശീയ ടീമിന്റെ ക്യാമ്പിലേക്ക് ക്ഷണിക്കുന്നത്. അതുവരെ വോളിബോള്‍ കളിക്കാത്ത എന്നെ എന്തു കണ്ടിട്ടാണ് കോച്ച് ക്ഷണിച്ചതെന്നറിയില്ല. എന്നാല്‍ അവിടെ എന്റെ കളി ഇഷ്ടപ്പെട്ട കോച്ച് തന്നെയാണ് ദേശീയടീമിലേക്കുള്ള വാതില്‍ തുറന്നുതന്നത്.
പല രാജ്യത്തെ കളി
വോളിബോളില്‍ പ്രൊഫഷണല്‍ മികവിന് സഹായകമായത് വിവിധ രാജ്യങ്ങളില്‍ കളിക്കാനായതിന്റെ അനുഭവസമ്പത്ത് തന്നെയാണ്. ഓസ്‌ട്രേലിയ, സ്‌പെയിന്‍, സൗദി അറേബ്യ, തുര്‍ക്കി എന്നിവിടങ്ങളിലൊക്കെ കളിച്ചശേഷമാണ് ഞാന്‍ ഇന്ത്യയിലെത്തുന്നത്. പെറു ടീമിന്റെ ക്യാപ്റ്റനായി കളിക്കാന്‍ തുടങ്ങിയിട്ട് നാലുവര്‍ഷം കഴിഞ്ഞു. അവിടെനിന്നുള്ള അനുഭവസമ്പത്ത് ബ്ലൂ സ്‌പൈക്കേഴ്‌സിലും ഉപയോഗിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.
കേരളം ഇഷ്ടം
കേരളത്തിലേക്ക് ഞാന്‍ ആദ്യമായാണ് വരുന്നത്. ഇവിടത്തെ ഭക്ഷണവും പ്രകൃതിയുമൊക്കെ മനോഹരമാണ്. ഇവിടെ നേരിട്ട ആകെയുള്ള പ്രശ്‌നം എന്നുപറയുന്നത് റോഡില്‍ ഇറങ്ങുന്നതാണ്. റോഡിലൂടെ വാഹനം വരുന്നത് കാണുമ്പോള്‍ പലപ്പോഴും എനിക്ക് പരിഭ്രമം തോന്നാറുണ്ട്.
Content Highlights: prime volleyball league 2023 Eduardo Romay Kochi Blue Spikers captain speaks
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..