കാലിക്കറ്റ് ഹീറോസ് ടീം ദേവഗിരി സെയ്ന്റ് ജോസഫ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
കോഴിക്കോട്: ഇന്ത്യന്‍ പ്രൊഫഷണല്‍ വോളിബോള്‍ ലീഗില്‍ രണ്ടുതവണ വഴുതിപ്പോയ കിരീടം പിടിച്ചെടുക്കാന്‍ കാലിക്കറ്റ് ഹീറോസ് ഒരുങ്ങുന്നു. പരിശീലകന്‍ മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കിഷോര്‍കുമാറിന്റെ കീഴില്‍ ദേവഗിരി സെയ്ന്റ് ജോസഫ്സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ടീം കഠിനപരിശീലനത്തിലാണ്.
യുവതാരങ്ങളും പരിചയസമ്പന്നരും ഒരുമിച്ചുചേര്‍ന്നുള്ള സന്തുലിതമായ ടീമാണ് ഇത്തവണയുള്ളത്. വിദേശതാരങ്ങള്‍ ടീമുമായി ഇണങ്ങിച്ചേര്‍ന്നുകഴിഞ്ഞു. അതുകൊണ്ടുതന്നെ വലിയ വിജയപ്രതീക്ഷയുണ്ടെന്ന് കിഷോര്‍കുമാര്‍ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും മികച്ച അറ്റാക്കര്‍മാരില്‍ ഒരാളായ ജെറോം വിനീതിനെ നിലനിര്‍ത്താനായത് ഹീറോസിന്റെ നേട്ടമാണ്. കൂടാതെ ഇന്ത്യയുടെ വിശ്വസ്തനായ സെറ്റര്‍ തമിഴ്‌നാടിന്റെ ഉക്രപാണ്ഡ്യനെ ടീമിലെത്തിക്കാനും ഇത്തവണ സാധിച്ചു.
ടീമിലെ രണ്ടു വിദേശതാരങ്ങളും ഉന്നതനിലവാരത്തിലുള്ളവരാണ്. ക്യൂബന്‍ ദേശീയ ടീം താരമായ ജോസ് അന്റോണിയോ സാന്‍ഡോവല്‍ റോജാസ് ലീഗില്‍ തരംഗമാവുമെന്നാണ് പ്രതീക്ഷ. മിഡില്‍ ബ്ലോക്കറായ ജോസിന് ആക്രമണത്തിലൂടെയും പോയന്റുകള്‍ നേടാനാവും. അമേരിക്കന്‍ യൂണിവേഴ്‌സല്‍ മാറ്റ് ഹില്ലിങ് ആക്രമണത്തില്‍ ടീമിന്റെ തുരുപ്പുചീട്ടാവും. അന്‍സാബ്, അബില്‍ കൃഷ്ണന്‍, അശ്വിന്‍ രാജ് എന്നിവരും ആക്രമണനിരയിലുണ്ട്. മിഡില്‍ ബ്ലോക്കര്‍ ഷഫീഖ് റഹ്‌മാനും ലിബറോ പ്രഭാകരനും പ്രതിരോധത്തിലെ കരുത്താവും.ആദ്യസീസണില്‍ ഫൈനലില്‍ക്കടന്ന ഹീറോസ് കഴിഞ്ഞവര്‍ഷം സെമിയില്‍ തോറ്റു. ഇത്തവണ ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലായാണ് മത്സരം. എട്ടുടീമുകളാണ് ലീഗില്‍ മാറ്റുരയ്ക്കുന്നത്. ഫെബ്രുവരി അഞ്ചിന് ബെംഗളൂരുവില്‍ നടക്കുന്ന ആദ്യകളിയില്‍ ഹീറോസ്, മുംബൈ മെറ്റിയോര്‍സിനെ നേരിടും.
Content Highlights: Prime Volleyball calicut heros
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..