ന്യൂഡല്‍ഹി: ലണ്ടനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യന്‍ ടീമിനെ മലയാളി താരം പി.ആര്‍ ശ്രീജേഷ് നയിക്കും. നിലവിലെ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും രൂപീന്ദര്‍ പാല്‍ സിങ്ങിനും വിശ്രമം അനുവദിച്ച സെലക്ഷന്‍ കമ്മിറ്റി 18 അംഗ സ്‌ക്വാഡിനെയാണ് ലണ്ടനിലേക്ക് അയക്കുന്നത്. ജൂണ്‍ 10ന് തുടങ്ങുന്ന ടൂര്‍ണമെന്റ് 17ന് അവസാനിക്കും.

കുറച്ച് കാലങ്ങളായി തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്ന താരമാണ് സര്‍ദാര്‍ സിങ്ങ്. അതുകൊണ്ട് സര്‍ദാറിന് റിയോ ഒളിമ്പിക്‌സിന് മുന്‍പ് വിശ്രമം അത്യാവശ്യമാണ്. ടീമിനെ പ്രഖ്യാപിച്ച് കൊണ്ട് ഹോക്കി ഇന്ത്യ പ്രസിഡന്റ് നരീന്ദര്‍ ബത്ര വ്യക്തമാക്കി.

ഇന്ത്യയെക്കൂടാതെ ഓസ്‌ട്രേലിയ, ബെല്‍ജിയം, ജര്‍മ്മനി, ബ്രിട്ടന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ജൂണ്‍ പത്തിന് ജര്‍മ്മനിക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.