ദുബായ്: ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ താരം പൂജാ റാണി. ദുബായിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ 75കിലോഗ്രോം വിഭാഗത്തിലാണ് പൂജ സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ ഉസ്ബെകിസ്താന്റെ മവ്ലൂദ മവ്ലൊനോവ ഇന്ത്യൻ താരത്തിന് മുന്നിൽ വീണു. ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്.

നേരത്തെതന്നെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത പൂജയുടെ വിജയം ആധികാരികമായിരുന്നു. ഉസ്ബെക്ക് താരത്തെ 5-0ത്തിനാണ് പൂജ തോൽപ്പിച്ചത്. 2019-ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 81 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ താരം സ്വർണം നേടിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തെ തുടർന്ന് ഏഷ്യൻ ചാമ്പ്യൻഷിപ്പ് റദ്ദാക്കിയിരുന്നു. 2012-ൽ വെങ്കലവും 2015-ൽ വെള്ളിയും സ്വന്തമാക്കിയ പൂജയുടെ രണ്ടാം സ്വർണമാണിത്.

അതേസമയം 51 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ലോകചാമ്പ്യൻ എംസി മേരികോം ഫൈനലിൽ തോറ്റു. ചാമ്പ്യൻഷിപ്പിൽ ഇതുവരെ 15 മെഡലുകളാണ് ഇന്ത്യ നേടിയത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ഇതിന് മുമ്പ് 13 മെഡലുകൾ നേടിയത് ആയിരുന്നു മികച്ച പ്രകടനം. ഡൽഹിയിൽ നടക്കേണ്ടിയിരുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടർന്ന് ദുബായിലേക്ക് മാറ്റുകയായിരുന്നു.