Photo: twitter.com
ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണം നേടിയ ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
'ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീം ചരിത്രം രചിച്ചിരിക്കുകയാണ്. ഇന്ത്യ തോമസ് കപ്പ് നേടിയതില്‍ രാജ്യം മുഴുവന്‍ ആഹ്ലാദത്തിലാണ്. വിജയികളായ ടീമിന് അഭിനന്ദനങ്ങള്‍, അവരുടെ ഭാവി പ്രയത്നങ്ങള്‍ക്ക് ആശംസകള്‍. ഈ വിജയം വരാനിരിക്കുന്ന നിരവധി കായിക താരങ്ങള്‍ക്ക് പ്രചോദനമാകും.' - മോദി ട്വിറ്ററില്‍ കുറിച്ചു.
കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍, ബിജെപി എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ എന്നിവരും ഇന്ത്യന്‍ സംഘത്തെ അഭിനന്ദിച്ച് രംഗത്തെത്തിയവരില്‍ പെടുന്നു.
ഞായറാഴ്ച നടന്ന ഫൈനലില്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്‍ഡൊനീഷ്യയെ 3-0ന് തകര്‍ത്താണ് 73 വര്‍ഷം പഴക്കമുള്ള ടീം ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇന്ത്യ തങ്ങളുടെ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. 14 തവണ ചാമ്പ്യന്മാരായ ഇന്ഡൊനീഷ്യയ്ക്കെതിരേ കിഡംബി ശ്രീകാന്തും സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയ്ക്കായി ജയമൊരുക്കിയത്.
ഫൈനലിലെ ആദ്യ സിംഗിള്‍സ് പോരാട്ടത്തില്‍ ലക്ഷ്യ സെന്‍, എ. ഗിന്റിങ്ങിനെ (8-21, 21-17, 21-16) തകര്‍ത്തതോടെ ഇന്ത്യ 1-0ന് ലീഡെടുത്തു. തുടര്‍ന്ന് നടന്ന ഡബിള്‍സ് പോരാട്ടത്തില്‍ സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം മുഹമ്മദ് അഹ്സന് - കെവിന് സഞ്ജയ സുകമുല്‍ജോ സഖ്യത്തെ 18-21, 23-21, 21-19 എന്ന സ്കോറിന് മറികടന്ന് ഇന്ത്യയുടെ ലീഡ് 2-0 ആക്കി ഉയര്‍ത്തി. ഫൈനലിലെ നിര്‍ണായകമായ രണ്ടാം സിംഗിള്‍സ് പോരാട്ടത്തില്‍ കിഡംബി ശ്രീകാന്ത്, ജൊനാതന്‍ ക്രിസ്റ്റിയെ (21-15, 23-21) നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്തതോടെ ഇന്ത്യ ചരിത്ര സ്വര്‍ണം സ്വന്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..