Photo: AFP
ന്യൂയോര്‍ക്ക്: വീല്‍ചെയര്‍ ടെന്നീസില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഓസ്‌ട്രേലിയയുടെ ഡൈലാന്‍ അല്‍കോട്ടും തെതര്‍ലന്‍ഡിന്റെ ഡിയേഡി ഡി ഗ്രൂട്ടും. ഗോള്‍ഡന്‍ സ്ലാം എന്ന അപൂര്‍വമായ നേട്ടമാണ് ഇരുതാരങ്ങളും സ്വന്തമാക്കിയത്. യു.എസ്. ഓപ്പണ്‍ വീല്‍ ചെയര്‍ വ്യക്തിഗത വിഭാഗത്തില്‍ കിരീടം നേടിയതോടെയാണ് ഡൈലാനും ഗ്രൂട്ടും ചരിത്രത്തിലിടം നേടിയത്.
ഇതാദ്യമായാണ് വീല്‍ചെയര്‍ ടെന്നീസില്‍ ഗോള്‍ഡന്‍ സ്ലാം നേട്ടം താരങ്ങള്‍ സ്വന്തമാക്കുന്നത്. രണ്ടും ഒരേ ദിനം തന്നെ പിറന്നു എന്നതാണ് മറ്റൊരത്ഭുതം. ഇരു താരങ്ങളും ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, ഫ്രഞ്ച് ഓപ്പണ്‍, യു.എസ് ഓപ്പണ്‍ എന്നീ കിരീടങ്ങള്‍ സ്വന്തമാക്കി. ഒപ്പം ടോക്യോ പാരാലിമ്പിക്‌സിലും സ്വര്‍ണം നേടി. ഇതോടെയാണ് ഗ്രൂട്ടും ഡൈലാനും ഗോള്‍ഡന്‍ സ്ലാം എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.
ടെന്നീസിലെ നാല് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും ഒളിമ്പിക് ടെന്നീസ് സ്വര്‍ണവും ഒരേ വര്‍ഷത്തില്‍ സ്വന്തമാക്കുന്നതിനെയാണ് ഗോള്‍ഡന്‍ സ്ലാം എന്ന് വിശേഷിപ്പിക്കുന്നത്. ജര്‍മനിയുടെ ഇതിഹാസ വനിതാതാരം സ്റ്റെഫി ഗ്രാഫ് മാത്രമാണ് ഈ നേട്ടം ഇതിനുമുന്‍പ് സ്വന്തമാക്കിയിട്ടുള്ളത്. 1988-ല്‍ നാല് ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ സ്റ്റെഫി ആ വര്‍ഷം ഒളിമ്പിക്‌സിലും സ്വര്‍ണം നേടി. എന്നാല്‍ വീല്‍ചെയര്‍ വിഭാഗത്തില്‍ ഇതാദ്യമായാണ് ഗോള്‍ഡന്‍ സ്ലാം പിറക്കുന്നത്.
യു.എസ്.ഓപ്പണ്‍ വീല്‍ചെയര്‍ ടെന്നീസ് പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ ഡൈലാന്‍ അല്‍കോട്ട് നെതര്‍ലന്‍ഡിന്റെ നീല്‍സ് വിങ്കിനെ കീഴടക്കി. സ്‌കോര്‍: 7-5, 6-2. വനിതാ വിഭാഗത്തില്‍ ഗ്രൂട്ട് ലോക രണ്ടാം നമ്പര്‍ താരമായ ജപ്പാന്‍ഫെ യൂയി കാമിജിയെ തകര്‍ത്താണ് കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 6-3, 6-2.
ഗോള്‍ഡന്‍ സ്ലാം നേടുന്ന ആദ്യ പുരുഷതാരം എന്ന റെക്കോഡ് ഡൈലാന്‍ അല്‍കോട്ട് ഈ വിജയത്തോടെ സ്വന്തം പേരിലാക്കി. ഈ വര്‍ഷം യു.എസ്.ഓപ്പണും ഒളിമ്പിക്‌സും ജയിച്ചാല്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് ഈ നേട്ടം സ്വന്തമാകുമായിരുന്നു. എന്നാല്‍ താരം യു.എസ്.ഓപ്പണിന്റെ ഫൈനലിലും ഒളിമ്പിക്‌സിന്റെ സെമി ഫൈനലിലും തോല്‍വി വഴങ്ങി.
Content Highlights: Paralympic champions Dylan Alcott and Diede de Groot win US Open wheelchair titles to complete Golden Slams
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..