ചെസ് ഒളിമ്പ്യാഡിനുള്ള പാകിസ്താൻ സംഘം
ചെന്നൈ: ഉഭയകക്ഷി ക്രിക്കറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടു കിടക്കുകയാണെങ്കിലും ഇന്ത്യയില്‍ നടക്കുന്ന ലോക ചെസ് ഒളിമ്പ്യാഡിന് പാകിസ്താനുമുണ്ട്. ദേശീയ ചാമ്പ്യന്‍ ആമിര്‍ കരിമിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പാകിസ്താന് ചെന്നൈയിലേക്ക് നിയോഗിച്ചിരിക്കുന്നത്. അവസാന നിമിഷം താലിബാന് ഭരണകൂടത്തിന്റെ അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് അഫ്ഗാന് സംഘവും ചെന്നൈയിലെത്തി.
മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഉഭയകക്ഷി ബന്ധം വഷളായതോടെയാണ് പാകിസ്താനില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ ഇന്ത്യ ബഹിഷ്കരിക്കാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ പാകിസ്താനും പങ്കെടുക്കാറില്ല. എന്നാല്‍, മറ്റു രാജ്യങ്ങളില്‍ നടക്കുന്ന ടൂര്‍ണമെന്റുകളില്‍ ഇന്ത്യയും പാകിസ്താനും മത്സരിക്കാറുണ്ട്.
2019-ല്‍ ഡല്‍ഹിയില്‍ നടന്ന ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിന് പാകിസ്താന് അപേക്ഷ നല്‍കിയിരുന്നെങ്കിലും പങ്കെടുത്തില്ല. ഇന്ത്യ വിസ നിഷേധിച്ചതാണ് കാരണം എന്നായിരുന്നു വിശദീകരണം. എന്നാല്‍, 2018-ല്‍ ഒഡീഷയില്‍ നടന്ന ഹോക്കി ലോകകപ്പിലും കഴിഞ്ഞവര്‍ഷം നടന്ന ജൂനിയര്‍ ലോകകപ്പിലും പാകിസ്താന് പങ്കെടുത്തിരുന്നു.ഓപ്പണ്‍, വനിതാ വിഭാഗങ്ങളിലെ അഞ്ചുപേര്‍വീതമുള്ള ടീമുകളും മൂന്ന് ഒഫീഷ്യല്‍സുമായി 13 അംഗ സംഘത്തെയാണ് പാകിസ്താന് ചെസ് ഒളിമ്പ്യാഡിന് തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞമാസം പാക് ദേശീയ കിരീടം ചൂടിയ ആമിര്‍ കരിമിയാണ് ഓപ്പണ്‍ വിഭാഗം ക്യാപ്റ്റന്‍. വിശ്വനാഥന് ആനന്ദിന്റെ സമകാലികനായ കരിമി അഞ്ച് ഒളിമ്പ്യാഡില്‍ പങ്കെടുത്തിട്ടുണ്ട്.
1985 ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളില്‍ ആനന്ദുമായി കളിച്ചിട്ടുണ്ട്. മെഹക് ഗുല്‍ ആണ് വനിതാ വിഭാഗം ക്യാപ്റ്റന്‍. അഫ്ഗാന് സംഘവും ഒളിമ്പ്യാഡിന് അപേക്ഷിച്ചിരുന്നെങ്കിലും താലിബാന് ഭരണകൂടത്തിന്റെ അനുമതി കിട്ടുമോ എന്ന സംശയംകാരണം യാത്ര അനിശ്ചിതത്വത്തിലായിരുന്നു. ചെസിനെ ചൂതാട്ടത്തിന്റെ മറ്റൊരു രൂപമായി കാണുന്ന താലിബാന് ഭരണം പിടിച്ചശേഷം അഫ്ഗാനിസ്താനിലെ ചെസ് താരങ്ങളുടെ ജീവന് ഭീഷണിയിലായിരുന്നു. എന്നാല്‍, ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുക്കാന്‍ അവസാനനിമിഷം താലിബാന് അനുമതി നല്കി. സ്ത്രീകള്‍ക്ക് കായികരംഗത്ത് വിലക്കുള്ളതിനാല്‍ അഫ്ഗാനിസ്താന് വനിതാ വിഭാഗത്തില്‍ മത്സരിക്കുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..