Photo: twitter.com/usopen
ന്യൂയോര്‍ക്ക്: ചരിത്രത്തിലേക്ക് ഒരു ജയത്തിന്റെ അകലം മാത്രം. 24-ാം ഗ്രാന്‍ഡ്സ്ലാം ലക്ഷ്യമാക്കി സെര്‍ബിയയുടെ ഇതിഹാസതാരം നൊവാക്ക് ജോക്കോവിച്ച് യു.എസ്.ഓപ്പണിന്റെ ഫൈനലില്‍. വമ്പന്‍ അട്ടിമറികള്‍ നടത്തി സെമി ഫൈനലിലെത്തിയ അമേരിക്കന്‍ യുവതാരം ബെന്‍ ഷെല്‍ട്ടണെ അനായാസം മറികടന്നാണ് ജോക്കോവിച്ച് ഫൈനലിലേക്ക് മുന്നേറിയത്. മറ്റൊരു മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായ കാര്‍ലോസ് അല്‍ക്കരാസിനെ വീഴ്ത്തി ഡാനില്‍ മെദ്വെദേവും ഫൈനലിലേക്ക് ടിക്കറ്റെടുത്തു. ഞായറാഴ്ചയാണ് ഫൈനല്‍.
ജോക്കോവിച്ചിന്റെ 10-ാം യു.എസ്.ഓപ്പണ്‍ ഫൈനല്‍ പ്രവേശനമാണിത്. ജോക്കോയുടെ പരിചയസമ്പത്തിന് മുന്നില്‍ ഷെല്‍ട്ടണിന് പിടിച്ചുനില്‍ക്കാനായില്ല. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ചിന്റെ വിജയം. സ്‌കോര്‍: 6-3, 6-2, 7-6.
36 കാരനായ ജോക്കോവിച്ച് യു.എസ്.ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരം എന്ന റെക്കോഡ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. കിരീടം നേടിയാല്‍ മാര്‍ഗരറ്റ് കോര്‍ട്ട് സ്വന്തമാക്കിയ ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ താരത്തിനുള്ള റെക്കോഡ് ജോക്കോവിച്ചും സ്വന്തമാക്കും.
ആവേശം നിറഞ്ഞ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് മെദ്വെദേവ് അല്‍ക്കരാസിനെ കീഴടക്കിയത്. ആദ്യ രണ്ട് സെറ്റും നേടി നയം വ്യക്തമാക്കിയ മെദ്വെദേവിനെതിരേ പക്ഷേ മൂന്നാം സെറ്റില്‍ അല്‍ക്കരാസ് തിരിച്ചടിച്ചു. എന്നാല്‍ നാലാം സെറ്റും നേടിക്കൊണ്ട് റഷ്യന്‍ താരം ഫൈനലിലേക്ക് കുതിച്ചു. സ്‌കോര്‍: 6-3, 6-1, 3-6, 6-3.
രണ്ട് വര്‍ഷം മുന്‍പുള്ള യു.എസ്.ഓപ്പണ്‍ ഫൈനലില്‍ ജോക്കോവിച്ചും മെദ്വെദേവും പരസ്പരം ഏറ്റുമുട്ടിയിരുന്നു. അന്ന് ജോക്കോവിച്ചിനെ മലര്‍ത്തിയടിച്ച് മെദ്വെദേവ് കിരീടമുയര്‍ത്തി.
Content Highlights: novak djokovic vs daniil medvedev final in us open 2023
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..