റാക്കറ്റ് എറിഞ്ഞുടക്കുന്ന ദ്യോക്കോവിച്ച് | Photo: AFP
ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം പോലും നേടാനാകാതെ നിരാശയോടെ മടങ്ങിയ സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിച്ചിനെ ടെന്നീസ് ആരാധകരൊന്നും മറന്നിട്ടുണ്ടാകില്ല. ലോക ഒന്നാം നമ്പര്‍ താരമായ ദ്യോക്കോവിച്ചിന്റെ ഗോള്‍ഡന്‍ സ്ലാം എന്ന മോഹമാണ് ടോക്യോയില്‍ പൊലിഞ്ഞത്. അന്ന് വെങ്കല മെഡല്‍ മത്സരത്തിലും പരാജയപ്പെട്ട ദ്യോകോ റാക്കറ്റ് വരെ എറിഞ്ഞുടച്ചു.
അതിനുശേഷം യു.എസ് ഓപ്പണിലും അതേ ദ്യോക്കോയെ ആരാധകര്‍ ഒരിക്കല്‍ കൂടി കണ്ടു. ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരം റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനോട് തോറ്റ ദ്യോകോവിച്ചിന് കലണ്ടര്‍ സ്ലാം സ്വന്തമാക്കാനായില്ല. മത്സരത്തിനിടെ സമ്മര്‍ദ്ദം താങ്ങാനാകാതെ റാക്കറ്റ് അടിച്ചുടക്കുകയും ചെയ്തു. രണ്ടാം സെറ്റില്‍ പോയിന്റ് നഷ്ടമായതിന് പിന്നാലെയായിരുന്നു സംഭവം.
1969-ന് ശേഷം ആദ്യ കലണ്ടര്‍ സ്ലാം എന്ന ചരിത്രമാണ് ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തില്‍ ദ്യോകോവിച്ച് കൈവിട്ടത്. 'കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെയുണ്ടായ അമിത സമ്മര്‍ദ്ദം പ്രകടനത്തെ ബാധിച്ചു. എനിക്ക് താങ്ങാവുന്നതിന് അപ്പുറമായിരുന്നു പല കാര്യങ്ങളും. എല്ലാം അവസാനിച്ചതില്‍ ആശ്വാസമുണ്ട്. ഒപ്പം നിരാശയും. നിര്‍ണായക ഘട്ടത്തില്‍ എനിക്ക് പിന്തുണ നല്‍കിയ ആരാധകര്‍ക്ക് നന്ദി' -മത്സരശേഷം ദ്യോക്കോയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
ഈ വര്‍ഷത്തെ മറ്റു ഗ്രാന്‍സ്ലാമുകളായ വിംബിള്‍ഡണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ എന്നിവ നേരത്തെ ദ്യോക്കോവിച്ച് സ്വന്തമാക്കിയിരുന്നു. യു.എസ് ഓപ്പണ്‍ കൂടി നേടിയിരുന്നെങ്കില്‍ സെര്‍ബിയന്‍ താരത്തിന് കലണ്ടര്‍ സ്ലാം പൂര്‍ത്തിയാക്കാമായിരുന്നു.
എന്നാല്‍ ദ്യോക്കോയുടെ ഈ നിരാശയും സങ്കടവും ഉള്‍ക്കൊണ്ട് പക്വത കൈവന്ന താരത്തെ പോലെയാണ് മെദ്‌വദേവ് പ്രതികരിച്ചത്. 'ദ്യോക്കോയ്ക്കും ആരാധകര്‍ക്കും മാപ്പ്. കാരണം ദ്യോക്കോ ലക്ഷ്യമിട്ടത് എന്താണെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ. കരിയറില്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ എടുത്തുനോക്കിയാല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം താങ്കളാണെന്ന് ഞാന്‍ പറയും.' കിരീടം സ്വീകരിച്ച് മെദ്‌വദേവ് പ്രതികരിച്ചു.
Content Highlights: Novak Djokovic Smashes Racquet In Frustration During US Open Final Defeat To Daniil Medvedev
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..