Photo: twitter.com/Wimbledon
ലണ്ടന്‍: 2022 വിംബിള്‍ഡണ്‍ പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യനായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറ്റലിയുടെ യാനിക് സിന്നറെ അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ജോക്കോവിച്ച് സെമിയില്‍ പ്രവേശിച്ചത്.
ആദ്യ രണ്ട് സെറ്റ് നഷ്ടപ്പെട്ട് തോല്‍വിയെ അഭിമുഖീകരിച്ച ജോക്കോവിച്ച് പിന്നീടുള്ള മൂന്ന് സെറ്റുകളും വിജയിച്ച് അവിശ്വസനീയ പ്രകടനം കാഴ്ചവെച്ചാണ് സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. സ്കോര്‍: 5-7, 2-6, 6-3, 6-2,6-2. മത്സരം മൂന്ന് മണിക്കൂറും 35 മിനിറ്റും നീണ്ടുനിന്നു.
ജോക്കോവിച്ചിനെ വിറപ്പിച്ചാണ് ലോക പത്താം നമ്പര്‍ താരമായ സിന്നര്‍ മടങ്ങുന്നത്. ആദ്യ രണ്ട് സെറ്റുകളില്‍ ജോക്കോവിച്ചിനെ ഞെട്ടിക്കാന്‍ സിന്നര്‍ക്ക് സാധിച്ചു.
2022 വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് വിഭാഗംസെമിയിലെത്തുന്ന ആദ്യ താരമാണ് ജോക്കോവിച്ച്. ജോക്കോവിച്ചിന്റെ 11-ാം വിംബിള്‍ഡണ്‍ സെമി ഫൈനല്‍ പ്രവേശനമാണിത്. ആറുതവണ താരം കിരീടത്തില്‍ മുത്തമിട്ടു.
ജോക്കോവിച്ചിന് വിംബിള്‍ഡണ്‍ നേടിയേ മതിയാകൂ. ഈയിടെയായി ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ജോക്കോവിച്ചിന് ലോക ഒന്നാം റാങ്ക് നഷ്ടമായിരുന്നു. നിലവില്‍ ലോക റാങ്കിങ്ങില്‍ മൂന്നാമതാണ് ഈ സെര്‍ബിയന്‍ താരം. കോവിഡ് വാക്സിന് എടുക്കാത്തതിനെത്തുടര്‍ന്ന് പല ടൂര്‍ണമെന്റുകളും താരത്തിന് നഷ്ടമാകുകയും ചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..