Photo: twitter.com/AustralianOpen
മെല്‍ബണ്‍: സെര്‍ബിയയുടെ ഇതിഹാസതാരം നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമി ഫൈനലില്‍. പുരുഷവിഭാഗം സിംഗിള്‍സില്‍ ജോക്കോവിച്ച് ലോക അഞ്ചാം നമ്പര്‍ താരമായ ആന്ദ്രെ റുബലേവിനെ തകര്‍ത്താണ് സെമിയില്‍ പ്രവേശിച്ചത്.
റുബലേവിനെതിരായ ക്വാര്‍ട്ടറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ജോക്കോവിച്ച് വിജയം നേടി. സ്കോര്‍: 6-1, 6-2, 6-4. കരിയറിലെ 22-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ജോക്കോവിച്ച് ലക്ഷ്യം വെയ്ക്കുന്നത്. പ്രധാന എതിരാളിയായ റാഫേല്‍ നദാല്‍ പുറത്തായതോടെ ജോക്കോവിച്ചിന്റെ കിരീട സാധ്യകള്‍ കൂടുതല്‍ സജീവമായി.
ജോക്കോവിച്ചിന്റെ കരിയറിലെ 10-ാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമി ഫൈനല്‍ പ്രവേശനമാണിത്. ജാക്ക് ക്രോഫോര്‍ഡ് (11), റോജര്‍ ഫെഡറര്‍ (15) എന്നിവരാണ് താരത്തിന് മുന്നിലുള്ളത്. നിലവില്‍ ഒന്‍പത് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ ജോക്കോവിച്ചിന്റെ അക്കൗണ്ടിലുണ്ട്.
ഗ്രാന്‍ഡ്സ്ലാം മത്സരങ്ങളില്‍ ജോക്കോവിച്ചിന്റെ 44-ാം സെമി ഫൈനല്‍ പ്രവേശനമാണിത്. 46 തവണ സെമിയിലെത്തിയ ഫെഡററുടെ പേരിലാണ് ഏറ്റവുമധികം സെമി ഫൈനല്‍ കളിച്ച താരത്തിന്റെ റെക്കോഡുള്ളത്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ തുടര്‍ച്ചായി 26 വിജയങ്ങള്‍ നേടാനും ജോക്കോവിച്ചിന് സാധിച്ചു. ഇതോടെ ആന്ദ്രെ അഗാസിയുടെ പേരിലുള്ള റെക്കോഡിനൊപ്പമെത്താന്‍ സെര്‍ബിയന്‍ താരത്തിന് സാധിച്ചു. സെമിയില്‍ വിജയം നേടിയാല്‍ അഗാസിയെ മറികടന്ന് ജോക്കോവിച്ചിന് ഒറ്റയ്ക്ക് ഈ റെക്കോഡ് നേടാം.
സെമിയില്‍ അമേരിക്കയുടെ ലോക 28-ാം നമ്പര്‍ താരം ടോമി പോളാണ് ജോക്കോവിച്ചിന്റെ എതിരാളി. അമേരിക്കയുടെ തന്നെ ബെന്‍ ഷെല്‍ട്ടണെ മറികടന്നാണ് ടോമി സെമിയിലെത്തിയത്. മറ്റൊരു സെമിയില്‍ കാരെന് ഖച്ചനോവ് ലോക മൂന്നാം നമ്പര്‍ താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിടും.
Content Highlights: Novak Djokovic Crushes Andrey Rublev To Reach Australian Open Semi-Finals
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..